തടി കുറക്കാൻ കാരറ്റ് ജ്യൂസാണോ നല്ലത്? അതോ ബീറ്റ്റൂട്ട് ജ്യൂസോ? അറിയാം
തടി കുറക്കാൻ കഷ്ടപ്പെടുന്നവർ തിരഞ്ഞെടുക്കുന്ന രണ്ട് പ്രധാന ജ്യൂസുകളാണ് കാരറ്റ്, ബീട്ടുറൂട്ട് എന്നിവ കൊണ്ട് തയ്യാറാക്കുന്നത്. എല്ലാ ദിവസവും കുടിക്കാൻ പറ്റുന്നതുമായ ജ്യൂസാണിവ. എന്നാൽ ഇവയിലേതാണ് കൂടുതൽ ആരോഗ്യപ്രദം? അത് മനസിലാകണമെങ്കിൽ ആദ്യം നിങ്ങളുടെ ആവശ്യം എന്താണെന്ന് അറിയണം. ജ്യൂസുകളുടെ ഗുണങ്ങൾ പരിശോധിച്ച് നോക്കാം
ബീറ്റ്റൂട്ട് ജ്യൂസിൻ്റെ ഗുണങ്ങൾ
രക്തസമ്മർദ്ദം ആരോഗ്യകരമായ രീതിയിൽ നിയന്ത്രിക്കാൻ സഹായിക്കുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് പോലുള്ള സംയുക്തങ്ങൾ രക്തത്തിൽ നൈട്രിക് ഓക്സൈഡായി മാറുകയും രക്തക്കുഴലുകൾ വിശാലമാക്കാനും വിശ്രമിക്കാനും സഹായിക്കുകയും ചെയ്യും.രക്തസമ്മർദ്ദം കുറയക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

ശരീരത്തിന്റെ സ്റ്റാമിന ഉയർത്താൻ സഹായിക്കുന്ന പ്ലാസ്മ നൈട്രേറ്റ് വർധിപ്പിക്കാനും ബീറ്റ്റൂട്ട് മികച്ചതാണ്. ഇവയിൽ കൊഴുപ്പ് വളരെ കുറവാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് അതുകൊണ്ട് തന്നെ രാവിലെയുള്ള പാനീയങ്ങളുടെ പട്ടികയിൽ ബീറ്റ്റൂട്ട് ജ്യൂസ് ഉൾപ്പെടുത്താം.
ബീറ്റ്റൂട്ടിൽ പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെയും നാഡികളുടെയും കാര്യക്ഷമമായ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കും. അതേസമയം ഇത്രയും ആരോഗ്യഗുണങ്ങൾ ഉണ്ടെന്ന് കരുതി അമിതമായി കഴിച്ചാൽ പണികിട്ടിയേക്കും. കാരണം ബീറ്റ്റൂട്ട് ജ്യൂസിൽ പൊട്ടാസ്യത്തിൻ്റെ അംശം കൂടുതലാണ്. ഇത് ക്ഷീണം , ബലഹീനത പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.
ഇനി കാരറ്റ് ജ്യൂസിന്റെ ഗുണങ്ങൾ നോക്കാം
ആരോഗ്യകരമായി ഒരു ദിവസം തുടങ്ങണമെങ്കിൽ ധൈര്യമായി നിങ്ങൾക്ക് കാരറ്റ് ജ്യൂസ് കുടിക്കാം. കാരണം ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തേയും സഹായിക്കും.വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ കെ, സി, ഇ, ബി6, ല്യൂട്ടിൻ, തയാമിൻ, നിയാസിൻ, പൊട്ടാസ്യം, മാംഗനീസ്, കോപ്പർ, ഫോസ്ഫറസ് എന്നിവയെല്ലാം ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ശരീരകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും പ്രമേഹം കാൻസർ പോലുള്ള രോഗസാധ്യതകളെ ചെറുക്കുകയും ചെയ്യുന്നു. മാത്രമല്ല കണ്ണിൻ്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും കാരറ്റ് ഉത്തമമാണ്.
ദിവസവും കാരറ്റ് ജ്യൂസ് കഴിക്കുന്നത് സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക് പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കും. കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും കാരറ്റ് ജ്യൂസ് ഉത്തമമാണ്.
ഏതാണ് കൂടുതൽ ആരോഗ്യപ്രദം
പോഷക സമ്പുഷ്ടമാണ് ഈ രണ്ട് ജ്യൂസുകളും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് മുകൽ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വരെ ഇവ സഹായിക്കും. അതുകൊണ്ട് തന്നെ രണ്ട് ജ്യൂസുകളും നിങ്ങൾക്ക് ധൈര്യമായി തന്നെ ഡയറ്റിൽ ഉൾപ്പെടുത്താം


Click it and Unblock the Notifications