മുടിക്ക് മുതല്‍ ദഹനത്തിന് വരെ ഉത്തമം: പക്ഷെ രാത്രിയില്‍ തൈര് കഴിക്കാമോ? ശ്രദ്ധിക്കേണ്ടത് എന്തെല്ലാം
ഇന്ത്യക്കാരുടെ ഭക്ഷണത്തില്‍ നിർണ്ണായക പങ്ക് വഹിക്കുന്ന ഒരു വസ്തുവാണ് തൈര്. നിരവധി ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന തൈര് കഴികുന്നത് ശരീരത്തിന് ഏറെ നല്ലതാണെന്നാണ് പാരമ്പര്യ വൈദ്യവും മോഡേണ്‍ വൈദ്യശാസ്ത്രവും ഒരുപോലെ പറയുന്നത്. അതേസമയം തൈരുമായി ബന്ധപ്പെട്ട് ധാരാളം വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഇന്ത്യക്കാർക്കിടയിലുണ്ട്. അത്തരത്തില്‍ വ്യാപകമായി പ്രചാരത്തിലുള്ള ഒരു അന്ധവിശ്വാസമാണ് രാത്രി തൈര് കഴിക്കാന്‍ പാടില്ല എന്നുള്ളത്.
യഥാർത്ഥത്തില്‍ രാത്രിയിൽ തൈര് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍, നിങ്ങൾക്ക് എന്തെങ്കിലും ദഹനപ്രശ്നങ്ങളുണ്ടെങ്കിൽ, രാത്രിയിൽ തൈര് കഴിക്കുന്നത് ശാരീരികമായ അസ്വസ്ഥതയോ ദഹനക്കേടോ ഉണ്ടാക്കിയേക്കാം. കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ഒരു പാലുൽപ്പന്നമാണ് തൈര്. അതുകൊണ്ട് തന്നെ ദഹന ശക്തി കുറവുള്ള സമയത്ത് കഴിച്ചാല്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരികയും വന്നേക്കാം.

ആയുർവേദം പറയുന്നത് എന്ത്?
ആയുർവേദം പറയുന്നത് അനുസരിച്ച് തൈര് ശരീരത്തിലെ കഫം വർദ്ധിപ്പിക്കും. രാത്രിയിൽ, ശരീരത്തിൽ കഫത്തിന്റെ സ്വാഭാവിക ആധിപത്യമുണ്ടാവും. എല്ലാവരുടേയും കാര്യത്തില്‍ ഇത് ശരിയാവണമെന്നില്ല. ഒരോ വ്യക്തിയുടേയും ആരോഗ്യകാര്യങ്ങള്‍ അനുസരിച്ച് ഇത് വ്യത്യാസപ്പെടും. എന്നാല്‍ ആസ്ത്മ, ചുമ, ജലദോഷം എന്നിവയുടെ ലക്ഷണമുള്ളവർ അത്താഴത്തിന് തൈര് കഴിക്കുന്നത് ഒഴിവാക്കണമെന്നും ആയുർവേദം പറയുന്നു.
അത്താഴത്തിന് പകരം, രാവിലെയോ ഉച്ചയ്‌ക്കോ തൈര് കഴിക്കുന്നതാണ് നല്ലതെന്നും അയുർവേദം പറയുന്നു. ഈ സമയങ്ങളില്‍ തൈര് ദഹിക്കുന്നത് കൂടുതല്‍ എളുപ്പമാക്കിയേക്കും. മാങ്ങ, വാഴപ്പഴം തുടങ്ങിയ പഴങ്ങൾ ചേർത്തു രാവിലെ ലഘുഭക്ഷണമായും തൈര് കഴിക്കാവുന്നതാണ്.
തൈര് കഴിച്ചാലുള്ള ഗുണങ്ങള്‍
തൈര് കഴിക്കുന്നത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. തൈരിൽ കാൽസ്യവും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളുടെ ആരോഗ്യവും പേശികളുടെ വളർച്ചയും വർദ്ധിപ്പിക്കുന്നു. ആരോഗ്യമുള്ള ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം വർധിപ്പിക്കാനും തൈരിന് സാധിക്കും.
പ്രോബയോട്ടിക്‌സിന്റെ ഈ സമ്പന്നമായ സ്രോതസ്സിന്റെ പരമാവധി പ്രയോജനങ്ങൾ ലഭിക്കുന്നതിന്, വീട്ടിൽ തന്നെ സജ്ജമാക്കിയ പുതിയ തൈര് കഴിക്കുന്നതാണ് നല്ലത്. വീട്ടിൽ തയ്യാറാക്കാന്‍ കഴിയുന്നില്ലെങ്കിൽ വിശ്വസനീയമായ പ്രാദേശിക ഡയറി ഷോപ്പിൽ നിന്നോ പരിചയക്കാരില്‍ നിന്നോ തൈര് വാങ്ങിക്കാം. കടകളില്‍ നിന്നും ലഭിക്കുന്ന പാക്കേജ് തൈര് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.












Click it and Unblock the Notifications