തണുപ്പുകാലത്ത് വീടിനുള്ളില്‍ തുണി ഉണക്കുന്നത് ആരോഗ്യകരമോ? ലോകാരോഗ്യ സംഘടന പറയുന്നത്
തണുപ്പുകാലത്തും മഴക്കാലത്തും പലരും വീടിനുള്ളില്‍ തുണികള്‍ ഉണക്കാറുണ്ട്. പലപ്പോഴും കുട്ടികള്‍ കിടക്കുന്ന മുറിയില്‍ അയ കെട്ടി തുണികള്‍ വിരിക്കുന്നവരുണ്ട്. എന്നാല്‍ ഇത് ഗൗരവമേറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുന്നു.
വീടിനുള്ളില്‍ നനഞ്ഞ തുണികള്‍ വിരിച്ചിടുമ്പോള്‍ മുറിയിലെ ഈര്‍പ്പത്തിന്റെ അളവ് 30 ശതമാനം വരെ വര്‍ധിക്കുന്നു. മുറിയില്‍ ഗണ്യമായ അളവില്‍ നീരാവി അടിഞ്ഞുകൂടുന്നു. ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ പൂപ്പലും ഫംഗസും പെട്ടെന്ന് വളരുന്നു. ചുവരുകളിലും ജനാലകളിലും മേല്‍ക്കൂരകളിലും തുണിത്തരങ്ങളിലും പോലും ഫംഗസ് സ്ഥിരതാമസമാക്കുന്നു. 'ആസ്പര്‍ഗിലസ് ഫ്യൂമിഗേറ്റസ്' എന്ന ഫംഗസ് ശ്വാസകോശ അണുബാധയ്ക്ക് കാരണമായേക്കാം. ആസ്ത്മ, അലര്‍ജി എന്നിവയുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും ഇത് കൂടുതല്‍ അപകടകരമാണ്. ശ്വാസംമുട്ടല്‍, ചുമ, കഫക്കെട്ട് എന്നിവയ്ക്കും ഇത് വഴിവെക്കും.

തുണികള്‍ വിരിച്ചിടുന്നതിന് മുന്‍പ് വീടിനുള്ളില്‍ നല്ല വായു സഞ്ചാരം ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളില്‍ മാത്രം തുണി ഉണക്കാന്‍ ശ്രമിക്കുക. വാഷിങ് മെഷീനില്‍ നന്നായി ഉണക്കിയ ശേഷം മാത്രം തുണികള്‍ അകത്ത് വിരിക്കുക. ജനാലകള്‍ തുറന്നിടുകയും എക്സ്ഹോസ്റ്റ് ഫാനുകള്‍ ഉപയോഗിക്കുകയും ചെയ്യുക.
കിടപ്പുമുറികളില്‍ തുണി ഉണക്കുന്നത് പരമാവധി ഒഴിവാക്കുക. സാധ്യമെങ്കില്‍, പുറത്ത് നല്ല വെയിലത്ത് തുണികള്‍ ഉണക്കുക. തുണി ഉണക്കുന്ന സ്ഥലത്ത് ഒരു ഡീഹ്യുമിഡിഫയര്‍ എന്ന ഉപകരണം ഉപയോഗിക്കുന്നത് മുറിയിലെ ഈര്‍പ്പം ഗണ്യമായി കുറയ്ക്കുകയും പൂപ്പല്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
വീടിനുള്ളില്‍ തുണി വിരിക്കുമ്പോള്‍ അവ കൂട്ടിയിടാതെ കൃത്യമായ അകലം പാലിച്ച് റാക്കുകളില്‍ വിരിക്കുക. ഇത് തുണികളിലേക്ക് വായു കടക്കാനും പെട്ടെന്ന് ഉണങ്ങാനും സഹായിക്കും. സൂര്യപ്രകാശം പരമാവധി ഉപയോഗപ്പെടുത്തുക. ബാല്‍ക്കണിയിലോ ജനലിനോട് ചേര്‍ന്നോ വെയില്‍ ലഭിക്കുന്ന ഭാഗങ്ങളില്‍ മാത്രം തുണി ഉണക്കാന്‍ ശ്രദ്ധിക്കുക.












Click it and Unblock the Notifications