ഫര്‍ണീച്ചറുകള്‍ ചിതല്‍ തിന്ന് നശിപ്പിക്കുകയാണോ? കാശ് മുടക്കില്ലാത്ത പരിഹാരം വീട്ടില്‍ തന്നെയുണ്ട്
വീടിന് പ്രൗഢിയും അഴകും നല്‍കുന്നതാണ് തടി കൊണ്ടുള്ള ഫര്‍ണിച്ചറുകള്‍. പഴമയുടെ ഭംഗി പുനരാവിഷ്‌കരിക്കാന്‍ ഇക്കാലത്ത് തടി കൊണ്ടുള്ള ഫര്‍ണിച്ചറുകള്‍ വാങ്ങുന്നവരുടെ എണ്ണവും കൂടുതലാണ്. എന്നാല്‍ ഇത്തരം ഫര്‍ണിച്ചറുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ചിതലിന്റെ ആക്രമണം. ഫര്‍ണിച്ചറിന്റെ ഭംഗി മുഴുവന്‍ കെടുത്തിക്കളയാന്‍ ചിതലിനു കഴിയും. വീട്ടുകാരുടെ കണ്ണില്‍പ്പെടാതെ നിശബ്ദമായി ഫര്‍ണിച്ചറുകള്‍ നശിപ്പിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്.
ഇന്ത്യന്‍ കാലാവസ്ഥയില്‍ ഫര്‍ണിച്ചറുകള്‍ ചിതലരിക്കാനുള്ള സാധ്യതയും കൂടുതലാണ്. മഴക്കാലത്താണ് ഇവയുടെ ആക്രമണം കൂടുതല്‍ ഉണ്ടാകുന്നത്. പലപ്പോഴും ചിതലിന്റെ ആക്രമണം ഉണ്ടായാല്‍ ആ ഫര്‍ണിച്ചര്‍ ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ചിലവ് കുറഞ്ഞ മാര്‍ഗങ്ങളിലൂടെ ഫര്‍ണിച്ചറുകള്‍ ചിതലരിക്കുന്നത് തടയാന്‍ കഴിയും.

ചിതലിന്റെ ആക്രമണം തടയുന്ന, പണച്ചെലവു കുറഞ്ഞ ചില പ്രകൃതിദത്ത മാര്‍ഗങ്ങളാണ് ഇവിടെ പറയുന്നത്. കൃത്യമായി ഇവ പിന്തുടര്‍ന്നാല്‍ ഫര്‍ണിച്ചറുകള്‍ കേടുപാടുകള്‍ ഇല്ലാതെ ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയും. ചിതലരിക്കാനുള്ള സാധ്യത കാണുമ്പോള്‍ തന്നെ ഫര്‍ണിച്ചറുകള്‍ രണ്ട്, മൂന്നു ദിവസത്തേക്ക് നേരിട്ട് സൂര്യപ്രകാശത്തിന് കീഴില്‍ വയ്ക്കുന്നതിലൂടെ ചിതലിനെ നശിപ്പിക്കാന്‍ കഴിയും. സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ ഭാവിയിലുണ്ടാകുന്ന ആക്രമണങ്ങള്‍ക്കും തടയിടാനും കഴിയും.
ഫര്‍ണിച്ചറുകള്‍ വായു സഞ്ചാരമുള്ള മുറിയില്‍ സൂക്ഷിക്കുന്നതിലൂടെയും വരണ്ടതാക്കി നിലനിര്‍ത്തുന്നതിലൂടെയും ചിതലരിക്കുന്നത് തടയാന്‍ കഴിയും. വേപ്പെണ്ണ പ്രയോഗത്തിലൂടെ ഫര്‍ണിച്ചറുകള്‍ ചിതലിരിക്കുന്നത് തടയാന്‍ കഴിയും. ചിതലിന്റെ പ്രത്യുല്‍പാദനത്തെയും വേപ്പെണ്ണ തടയുന്നു. ചിതലരിച്ച ഭാഗങ്ങളില്‍ നേര്‍പ്പിച്ച വേപ്പെണ്ണ പുരട്ടുന്നത് കൂടുതല്‍ കേടുപാടുകള്‍ ഉണ്ടാകുന്നത് തടയുന്നു.
ഓറഞ്ച് തൊലികളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണയും ചിതലിനു ഫലപ്രദമായ പരിഹാരമാണ്. ഓറഞ്ച് എണ്ണയില്‍ ഡി-ലിമോണീന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് ചിതലിന്റെ പുറംതോടുകളെ അലിയിക്കുന്നു. ഇവയുടെ നാശത്തിനും കാരണമാകുന്നു. ചിതലുള്ള ഭാഗങ്ങളില്‍ ഈ എണ്ണ തളിച്ചുകൊടുക്കാം.
ബോറിക് ആസിഡ് ലായനിയും ചിതലിനെ തുരത്താനുള്ള നല്ലൊരു പോംവഴിയാണ്. ബോറിക് ആസിഡ് വെള്ളത്തില്‍ കലര്‍ത്തി ചിതലുള്ള ഭാഗങ്ങളില്‍ തളിക്കുന്നത് ഇവയെ ഇല്ലാതാക്കാന്‍ സഹായിക്കും. ചിലതരിച്ച ഫര്‍ണിച്ചറുകള്‍ക്ക് സമീപം നനഞ്ഞ കാര്‍ഡ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ചിതലിനെ ആകര്‍ഷിക്കും. കാര്‍ഡ് ബോര്‍ഡില്‍ അവ കടന്നുകൂടി കഴിഞ്ഞാല്‍ നിഷ്പ്രയാസം അത് നീക്കം ചെയ്യാന്‍ സാധിക്കും. ഈ കാര്‍ഡ് ബോര്‍ഡ് കത്തിച്ചുകളയാം.
കറ്റാര്‍വാഴ ജെല്‍ ഫര്‍ണിച്ചറുകളുടെ ഉപരിതലത്തില്‍ പുരട്ടുന്നത് ഗുണം ചെയ്യും കറ്റാര്‍വാഴയുടെ ജെല്ലിന്റെ കട്ടിയുള്ള പാളി ചിതലിന് അകത്തു പ്രവേശിക്കാന്‍ തടസം സൃഷ്ടിക്കുന്നു. ഫര്‍ണിച്ചറുകള്‍ ചിതല്‍ ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്. മരത്തിന്റെ ഫര്‍ണിച്ചറുകള്‍ എപ്പോഴും സൂര്യപ്രകാശം ലഭിക്കുന്ന വരണ്ട മുറികളില്‍ സൂക്ഷിക്കുക. ഫര്‍ണിച്ചറുകളിലോ സമീപത്തെ ചുവരിലുകളിലോ ഉണ്ടാവുന്ന വിള്ളലുകള്‍ ഉടന്‍ തന്നെ അടയ്ക്കുക.












Click it and Unblock the Notifications