എന്നും അടിയും വഴക്കുമാണോ? പ്രണയ ബന്ധം തകരാതിരിക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാം
പ്രശ്നങ്ങൾ ഇല്ലാത്ത പ്രണയ ബന്ധങ്ങൾ ഉണ്ടോ അല്ലേ? എന്നാൽ എന്നും പ്രശ്നങ്ങൾ ആണെങ്കിലോ? ആ ബന്ധം അധികനാൾ മുന്നോട്ട് പോകാൻ ഇടയില്ലെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. പക്ഷെ എന്തുകൊണ്ടായിരിക്കും പ്രണയ ബന്ധങ്ങളിൽ തർക്കങ്ങളും പ്രശ്നങ്ങളും പതിവാകുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?
പങ്കാളികളുടെ വികാരം മനസിലാക്കാതെ മുന്നോട്ട് പോകുന്നതാണ് പലപ്പോഴും ബന്ധങ്ങളിൽ വിള്ളൽ വീഴാൻ കാരണമാകുന്നത്. ഒരുപക്ഷേ ഒന്ന് അവരെ കേൾക്കാൻ തയ്യാറായാൽ, ഒന്ന് ഒപ്പമിരുന്നാൽ , ഒന്ന് കൈകോർത്ത് പിടിച്ചാൽ തീരാവുന്ന പ്രശ്നങ്ങളൊക്കെയേ പല ബന്ധങ്ങളിലും കാണൂ. ഇനിയും സമയം വൈകിയിട്ടില്ല കേട്ടോ, ബന്ധങ്ങൾ എന്നും സ്നേഹത്തോടെ നിലനിൽക്കാൻ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കാം

തെറ്റ് പറ്റിയാൽ അത് അംഗീകരിക്കുകയും ക്ഷമ പറയാൻ തയ്യാറാവുകയും ചെയ്യണമെന്നത് ബന്ധങ്ങളിൽ ഏറെ പ്രധാനമാണ്. നിങ്ങളുടെ തെറ്റ് നിങ്ങൾ മനസിലാക്കിയെന്നും ഇനിയും അതാവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും പങ്കാളിയെ ബോധ്യപ്പെടുത്തുക. സ്വന്തം വികാരങ്ങൾക്ക് വേണ്ടി വാദിക്കുന്നതിനേക്കാൾ പങ്കാളിയുടെ വികാരങ്ങൾക്ക് പ്രാധാന്യം നൽകി നിലകൊള്ളുക.
തെറ്റ് സംഭവിച്ചാൽ നമ്മളിൽ പലരും ചെയ്യുന്ന ഒരു കാര്യം അതിനെ ന്യായീകരിച്ച് പിടിച്ച് നിൽക്കാൻ ശ്രമിക്കുമെന്നതാണ്. ബന്ധങ്ങൾ നിലനിർത്താൻ ന്യായീകരണങ്ങൾ അല്ല വേണ്ടത്, മറിച്ച് അംഗീകരിക്കുകയെന്നതാണ്. നമ്മുക്ക് സംഭവിച്ച തെറ്റിൽ പങ്കാളി വേദനിക്കുമ്പോൾ തെറ്റ് അംഗീകരിച്ച് അവർക്കൊപ്പം ഉണ്ടെന്ന് ഉറപ്പാക്കുക. അവരുടെ മാനസിക ബുദ്ധിമുട്ടികളെ മറികടക്കാൻ കൂടെ നിൽക്കുക.
ഏതൊരു ബന്ധത്തിലും ആശയവിനിമയം പ്രധാനമാണ്. പരസ്പരം തർക്കിച്ചാലും എത്രയും പെട്ടെന്ന് അവ പരിഹരിക്കാൻ ശ്രമിക്കുക. മറ്റേയാൾ വന്ന് സംസാരിക്കട്ടെ എന്ന് ചിന്തിച്ച് നിൽക്കുന്നത് പ്രശ്നം കൂടുതൽ വഷളാക്കുകയേ ഉള്ളൂ. ഈഗോ മാറ്റി വെച്ച് ആദ്യം തന്നെ സംസാരിക്കാൻ മുൻകൈ എടുക്കൂ. അത് പങ്കാളിയുടെ മനസിൽ നിങ്ങളോടുള്ള സ്നേഹം വർധിപ്പിക്കുകയേ ഉള്ളൂ. മാത്രമല്ല സംസാരിച്ച് തന്നെ പ്രശ്നങ്ങൾ തീർക്കാനും ശ്രമിക്കണം. സംസാരിക്കുമ്പോൾ മനസിലുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ സഹായിക്കും. നല്ല കേൾവിക്കാരായി ഇരിക്കുക. പങ്കാളി സംസാരിക്കുന്നതിനിടയിൽ കയറി സംസാരിക്കാതിരിക്കുക. അവർ പറയുന്ന ഏത് കാര്യങ്ങളും അത് നിങ്ങളെ സംബന്ധിച്ച് വലിയ പ്രാധാന്യമില്ലാത്തതാണെന്ന് തോന്നിയാൽ തന്നെയും കേൾക്കുക.
ബന്ധം ഏറ്റവും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് എന്തൊക്കെ ചെയ്യാമെന്ന് പരസ്പരം സംസാരിക്കുക. പങ്കാളിയിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ തുറന്നുസംസാരിക്കുക. പരസ്പര ബഹുമാനത്തോടെ തീരുമാനങ്ങൾ എടുക്കുക. പങ്കാളിയുടെ സന്തോഷത്തിന് പ്രാധാന്യം നൽകുക.
എല്ലാ മനുഷ്യരും വ്യത്യസ്ത രീതിയിലാണ് അവരുടെ പ്രശ്നങ്ങളെ നേരിടുന്നത്. അതുകൊണ്ട് തന്നെ വേദനിക്കപ്പെട്ടാൽ അതിൽ നിന്ന് പുറത്ത് കടക്കാൻ അവർക്ക് അവരുടേതായ സമയം അനുവദിക്കുക. അവർക്ക് അതിന് കൂടുതൽ സമയം ആവശ്യമായി വന്നാൽ അത് നൽകുക. ഒരിക്കലും അതിനെ ചോദ്യം ചെയ്യാതിരിക്കാം. ഏത് പ്രതിസന്ധിയിലും അവർക്ക് ഒപ്പമുണ്ടാകുമെന്ന് അവരെ ബോധ്യപ്പെടുത്തുക.












Click it and Unblock the Notifications