പ്രഷര്‍ കുക്കര്‍ അടി കരിഞ്ഞു പിടിച്ചോ? ഉപേക്ഷിക്കാന്‍ വരട്ടെ, കറ കളയാനുള്ള മാര്‍ഗങ്ങള്‍ ഇതാ
ഇന്ന് എല്ലാ വീടുകളിലെയും അടുക്കളയില്‍ ഏറ്റവും അത്യാവശ്യമുള്ള ഉപകരണമാണ് പ്രഷര്‍ കുക്കര്‍. പാചകം ഏറ്റവും എളുപ്പത്തില്‍ ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. എന്നാല്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. കൃത്യമായി പരിപാലിച്ചില്ലെങ്കില്‍ പൊട്ടിത്തെറിച്ച് അപകടം ഉണ്ടാക്കാന്‍ വരെ സാധ്യതയുള്ളതാണ് ഈ ഉപകരണം.
കുക്കര്‍ ഉപയോഗിക്കുമ്പോള്‍ വീട്ടമ്മമാര്‍ക്ക് പലപ്പോഴും സംഭവിക്കുന്നതാണ് സ്റ്റൗ കെടുത്താന്‍ മറന്നു പോകുന്നത്. ജോലിയുള്ള വീട്ടമ്മമാര്‍ ധൃതിയില്‍ പാചകം ചെയ്യുമ്പോഴാണിത് കൂടുതല്‍ സംഭവിക്കുന്നത്. ഇതോടെ അകത്തുള്ള ഭക്ഷണം കരിഞ്ഞ് കുക്കറിന്റെ അടിയില്‍ പറ്റിപ്പിടിക്കുന്നു. ഇത് സാധാരണ സോപ്പോ സ്‌ക്രബ്ബറോ ഉപയോഗിച്ച് നീക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. അപ്പോള്‍ തന്നെ നീക്കിയില്ലെങ്കില്‍ കറുത്ത പാടായി അവശേഷിക്കാനും സാധ്യതയുണ്ട്.

കരിഞ്ഞ ഭക്ഷണാവശിഷ്ടങ്ങള്‍ ഇളകി വരാനുള്ള ഏറ്റവും നല്ല മാര്‍ഗം തിളച്ച വെള്ളം കുക്കറിലേക്ക് ഒഴിച്ച് കഴുകുക എന്നുള്ളതാണ്. ഇത് കട്ടി പിടിച്ചിരിക്കുന്ന കരിഞ്ഞ ഭക്ഷണാവശിഷ്ടങ്ങള്‍ അയഞ്ഞ് ഇളകി വരാന്‍ സഹായിക്കും. തിളച്ച വെള്ളം കുക്കറില്‍ ഒഴിച്ച് 10-15 മിനിറ്റ് അങ്ങനെ വയ്ക്കാം. വെള്ളം തണുത്ത ശേഷം ഡിഷ്വാഷ് ലിക്വിഡ് ഉപയോഗിച്ച് എളുപ്പത്തില്‍ സ്‌ക്രബ് ചെയ്യാം.
മറ്റൊരു മാര്‍ഗം കുക്കറില്‍ രണ്ടോ മൂന്നോ ടീസ്പൂണ്‍ ബേക്കിങ് സോഡ ചേര്‍ക്കുക. ലിക്വിഡ് സോപ്പിന്റെ ഏതാനും തുള്ളി കൂടി ചേര്‍ക്കുക. കുറഞ്ഞ ചൂടില്‍ അര മണിക്കൂര്‍ ചൂടാക്കുക. ഇത് അടുപ്പില്‍ നിന്നും ഇറക്കിയ ശേഷം തണുപ്പിക്കുക. തണുത്തു കഴിഞ്ഞാല്‍ സ്‌ക്രബ്ബര്‍ ഉപയോഗിച്ച് ഉരച്ചു കഴുകുക.
മൂന്നാമത്തെ മാര്‍ഗം കുക്കറില്‍ വെള്ളമൊഴിച്ച് വിനാഗിരി ഒഴിക്കുക. ബേക്കിങ് സോഡയും ഡിഷ്വാഷ് ലിക്വിഡും ചേര്‍ക്കുക. നന്നായി അടച്ചുവച്ച് തിളപ്പിച്ച ശേഷം സ്റ്റൗ ഓഫാക്കുക. കുക്കറിനുള്ളില്‍ ആവി പൊങ്ങി കരിഞ്ഞ ഭക്ഷണാവശിഷ്ടങ്ങള്‍ വേഗത്തില്‍ ഇളകി വരും.
മറ്റൊരു മാര്‍ഗം ഒരു പാത്രത്തില്‍, രണ്ട് ടേബിള്‍സ്പൂണ്‍ കോണ്‍ഫ്‌ളോറും ഒരു കപ്പ് വെള്ളവും യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഒരു ബ്രഷ് ഉപയോഗിച്ച് കുക്കറില്‍ കറയുള്ള ഭാഗത്ത് ഈ പേസ്റ്റ് പുരട്ടുക. പതിനഞ്ചു മിനിറ്റ് കഴിഞ്ഞാല്‍ ഇത് നന്നായി കഴുകുക, കറുത്ത കറകള്‍ പോകും.












Click it and Unblock the Notifications