കഞ്ഞി വെള്ളമോ നെല്ലിക്കാ വെളളമോ? മുടി വളരാൻ ഏറ്റവും മികച്ചത് ഏതാണ്? ജപ്പാനിലെ സ്ത്രീകളുടെ ടെക്നിക്
കേടായ മുടികോശങ്ങളെ നന്നാക്കാനും മുടിക്ക് തിളക്കം നൽകി ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കാനുമാണ് പുളിപ്പിച്ച കഞ്ഞിവെള്ളവും നെല്ലിക്ക വെള്ളവും പ്രധാനമായും സഹായിക്കുന്നത്. നൂറ്റാണ്ടുകളായി ഈ പ്രകൃതിദത്ത കൂട്ടുകൾ മുടി സംരക്ഷണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ജപ്പാനിലെ സ്ത്രീകൾ ഹെയ്യാൻ കാലഘട്ടം മുതൽ കഞ്ഞിവെള്ളം ഉപയോഗിക്കുന്നു, ഇന്ത്യയിൽ ആയുർവേദ മുടി സംരക്ഷണത്തിൽ നെല്ലിക്ക വെള്ളം തലമുറകളായി ഉപയോഗിച്ചുവരുന്നു. ഇവയിലേതെങ്കിലും ഒന്ന് മുടി സംരക്ഷണത്തിനായി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ലേഖനം സഹായകമാകും.
പുളിപ്പിച്ച കഞ്ഞിവെള്ളം എങ്ങനെ പ്രയോജനകരമാകുന്നു?
അരി വെള്ളത്തിൽ കുതിർത്ത് പുളിപ്പിക്കുമ്പോൾ ലഭിക്കുന്നതാണ് പുളിപ്പിച്ച കഞ്ഞിവെള്ളം. സാധാരണയായി നമ്മൾ ഇത് കളയാറാണ് പതിവ്. കൊറിയ, ചൈന, ജപ്പാൻ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഇത് മുടി സംരക്ഷണത്തിന് വർഷങ്ങളായി ഉപയോഗിച്ചുവരുന്നു. പുളിപ്പിക്കൽ പ്രക്രിയയിലൂടെ ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവ പുറത്തുവിട്ട് കഞ്ഞിവെള്ളത്തിന് ജൈവരാസ മാറ്റങ്ങൾ സംഭവിക്കുന്നു. ഇത് തലയോട്ടിക്കും മുടിക്കും ഒരുപോലെ ഗുണകരമാണ്.

മുടി സംരക്ഷണത്തിന് പുളിപ്പിച്ച കഞ്ഞിവെള്ളം ഉത്തമമാണോ?
വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് പുളിപ്പിച്ച കഞ്ഞിവെള്ളം. ഇത് മുടിയുടെ വേരുകളെയും നീളത്തെയും പരിപാലിച്ച് മുടിക്ക് പലതരത്തിൽ ഗുണം ചെയ്യും. വിറ്റാമിൻ ബി, ഇ, കെ എന്നിവയാൽ സമ്പന്നമായ പുളിപ്പിച്ച കഞ്ഞിവെള്ളം മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഇത് രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. കൂടാതെ പുളിപ്പിച്ച കഞ്ഞിവെള്ളം മുടിക്ക് കരുത്ത് നൽകുകയും മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും.
പുളിപ്പിച്ച നെല്ലിക്ക വെള്ളത്തിന്റെ പ്രയോജനങ്ങൾ
പുളിപ്പിച്ച നെല്ലിക്ക വെള്ളം മുടിയുടെ ഫോളിക്കിളുകൾക്ക് പോഷണം നൽകി മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും വിറ്റാമിൻ സി പോലുള്ള പോഷകങ്ങൾ നൽകുകയും ചെയ്യുന്നു. വിറ്റാമിൻ സി മുടികൊഴിച്ചിലിനെയും താരനെയും തടയാൻ സഹായിക്കും. നെല്ലിക്കയിലെ സ്വാഭാവിക ആന്റിഓക്സിഡന്റുകൾക്ക് ഫംഗസ് വിരുദ്ധ ഗുണങ്ങളുമുണ്ട്. ഇത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും തലയോട്ടിക്ക് ആരോഗ്യവും കരുത്തും തിളക്കവും നൽകുകയും ചെയ്യും.
പുളിപ്പിച്ച നെല്ലിക്ക വെള്ളം വീട്ടിൽ ഉണ്ടാക്കുന്ന വിധം
പുളിപ്പിച്ച നെല്ലിക്ക വെള്ളം ഉണ്ടാക്കാൻ, നെല്ലിക്ക കഴുകി ചെറിയ കഷണങ്ങളാക്കി മുറിച്ച് വെള്ളമുള്ള ഒരു ഗ്ലാസ് പാത്രത്തിൽ ഇടുക. പാത്രം ഒരു നേരിയ തുണികൊണ്ട് മൂടുക, അല്ലെങ്കിൽ വായു കടക്കുന്ന അടപ്പ് ഉപയോഗിച്ച് 2-3 ദിവസം വെക്കുക. നല്ല ഫലങ്ങൾക്കായി, വെയിലുള്ള സ്ഥലത്ത് വെക്കുന്നത് ഉത്തമമാണ്. ഇത് പുളിപ്പിച്ചതിന് ശേഷം, മുടി കഴുകാനും തലയോട്ടിയിലെ ചികിത്സയ്ക്കും ഉപയോഗിക്കാം.
ഏതാണ് മികച്ചത്?
മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടിക്ക് കനവും കരുത്തും നൽകുന്നതിനും നെല്ലിക്ക വെള്ളവും കഞ്ഞിവെള്ളവും ഒരുപോലെ സഹായിക്കുന്നു. പുളിപ്പിച്ച കഞ്ഞിവെള്ളം താരനും ഫംഗസ് അണുബാധയും കുറയ്ക്കുകയും തലയോട്ടി വൃത്തിയാക്കുകയും മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നെല്ലിക്ക വെള്ളത്തിലെ വിറ്റാമിൻ സി അണുബാധകളെ ചെറുക്കാനും മുടി വൃത്തിയാക്കാനും പോഷിപ്പിക്കാനും കേടുപാടുകൾ പരിഹരിക്കാനും സഹായിക്കുന്നു. ഇവ രണ്ടും ഒരുപോലെ ഫലപ്രദമാണ്, ആഴ്ചയിൽ മൂന്ന് തവണ മുടി കഴുകാനായി ഉപയോഗിക്കാം.
ഇവ രണ്ടും ഒരുമിച്ച് ഉപയോഗിക്കാമോ?
പുളിപ്പിച്ച നെല്ലിക്ക വെള്ളവും പുളിപ്പിച്ച കഞ്ഞിവെള്ളവും ഒരുമിച്ച് ചേർത്ത് ഉപയോഗിക്കുന്നത് മുടിവളർച്ചയ്ക്ക് വളരെ ഗുണം ചെയ്യും. ഇവ രണ്ടും പരസ്പരം പൂരകമാകുന്ന പോഷകങ്ങളാൽ സമ്പന്നമാണ്. വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും നിറഞ്ഞ നെല്ലിക്ക വെള്ളം മുടിയുടെ ഫോളിക്കിളുകളെ ശക്തിപ്പെടുത്തുകയും അകാല നര തടയുകയും തിളക്കം നൽകുകയും ചെയ്യും. അമിനോ ആസിഡുകൾ, ഇനോസിറ്റോൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയ കഞ്ഞിവെള്ളം മുടിയുടെ ഇലാസ്തികത വർദ്ധിപ്പിക്കുകയും പൊട്ടൽ കുറയ്ക്കുകയും മൊത്തത്തിലുള്ള വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഇത് തലയോട്ടിയെ പോഷിപ്പിക്കുകയും രക്തചംക്രമണം ഉത്തേജിപ്പിക്കുകയും വേര് മുതൽ അറ്റം വരെ മുടിക്ക് കരുത്തും ആരോഗ്യവും നൽകുകയും ചെയ്യുന്ന ഒരു പോഷകസമൃദ്ധമായ മിശ്രിതമാണ്.












Click it and Unblock the Notifications