അടുക്കളയിലും അലമാരയിലും കൂറ ശല്യമുണ്ടോ? പാറ്റകൾക്കും പ്രാണികൾക്കും പേടിയുളള 7 ചെടികൾ
എത്രയൊക്കെ വൃത്തിയാക്കി ഇട്ടാലും നിങ്ങളുടെ വീട്ടിൽ പ്രാണികളുടേയും കൂറകളുടേയും ശല്യം തീരുന്നില്ലേ. ചിലപ്പോൾ അടുക്കളയിലെ കാബിനുകൾക്കുള്ളിൽ, അല്ലെങ്കിൽ അലമാരയ്ക്കുള്ളിൽ അങ്ങനെ പാറ്റശല്യം പലയിടത്തും കാണാറുണ്ട്.
ഇതിന് പരിഹാരമായി നമ്മളെല്ലാവരും സാധാരണയായി ചെയ്യുന്ന കാര്യം പാറ്റകളെ കൊല്ലുളള സ്പ്രേ വാങ്ങി അടിക്കുക എന്നതാണ്. എന്നാൽ രാസവസ്തുക്കൾ അടങ്ങിയ സ്പ്രേകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്തേക്കാം. പാറ്റകളേയും പ്രാണികളേയും ഓടിക്കാൻ മറ്റൊരു എളുപ്പ വഴിയുണ്ട്. ഈ ചെടികൾ വീടിനകത്ത് വളർത്തിയാൽ മാത്രം മതി.
1. പുതിന
പുതിനയിലയ്ക്ക് വളരെ ശക്തമായ ഒരു സുഗന്ധമുണ്ട്. മനുഷ്യർക്ക് ഈ മണം ഇഷ്ടമാണെങ്കിലും കൂറകൾക്ക് ഇത് ഒട്ടും സഹിക്കാൻ കഴിയില്ല. കിച്ചൺ കൗണ്ടറുകളിലോ ജനലിനടുത്തോ ചെറിയ ചട്ടികളിൽ പുതിന വളർത്തുന്നത് കൂറകളെ അടുക്കളയിൽ നിന്ന് അകറ്റി നിർത്താൻ സഹായിക്കും.
2. ലെമൺ ഗ്രാസ്
ലെമൺ ഗ്രാസിൽ അടങ്ങിയിരിക്കുന്ന സിട്രോനെല്ല എന്ന ഘടകമാണ് പ്രാണികളെ അകറ്റാൻ സഹായിക്കുന്നത്. ഇതിന്റെ ശക്തമായ നാരങ്ങ മണം കാരണം കൂറകൾ ഈ ചെടിയുടെ അടുത്തേക്ക് വരില്ല. വീടിന്റെ പ്രധാന വാതിലിനടുത്തോ ബാൽക്കണിയിലോ ഇത് വളർത്തുന്നത് നല്ലതാണ്.

3. കാറ്റ്നിപ്പ്
പൂച്ചകൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ചെടിയാണിത്. ഇതിൽ അടങ്ങിയിരിക്കുന്ന നെപെറ്റാലാക്ടോൺ എന്ന രാസവസ്തു കൂറകളെ തുരത്താൻ വളരെ ഫലപ്രദമാണ്. വിപണിയിൽ ലഭിക്കുന്ന പല കെമിക്കൽ സ്പ്രേകളേക്കാളും ശക്തി ഇതിനുണ്ട്. എന്നാൽ വീട്ടിൽ വളർത്തുപൂച്ചകൾ ഉണ്ടെങ്കിൽ അവ ഈ ചെടി കടിച്ചുപറിക്കാൻ സാധ്യതയുണ്ടെന്ന കാര്യം ഓർക്കുക.
4. ലാവെൻഡർ
മനോഹരമായ പൂക്കളും ശാന്തത നൽകുന്ന സുഗന്ധവുമുള്ള ലാവെൻഡർ മികച്ചൊരു ഇൻഡോർ ചെടിയാണ്. ഇതിന്റെ സുഗന്ധം കൂറകൾ, ഈച്ചകൾ, കൊതുകുകൾ എന്നിവയെ അകറ്റി നിർത്താൻ സഹായിക്കുന്നു. നന്നായി വെളിച്ചം ലഭിക്കുന്ന ജനൽപ്പാടുകളിൽ ഇത് വെക്കാവുന്നതാണ്.
5. കരിവേപ്പില
നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി കാണുന്ന കരിവേപ്പിലയും കൂറകളെ തുരത്താൻ മിടുക്കനാണ്. കരിവേപ്പിലയുടെ ശക്തമായ മണം കൂറകൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു. അടുക്കളയിലോ സ്റ്റോർ റൂമുകളിലോ ചെറിയ ചട്ടിയിൽ കറിവേപ്പില വളർത്തുന്നത് കൂറകളുടെ ശല്യം കുറയ്ക്കും.
6. റോസ്മേരി
പാചകത്തിന് ഉപയോഗിക്കുന്ന മറ്റൊരു സസ്യമായ റോസ്മേരിയും പ്രാണികളെ അകറ്റാൻ സഹായിക്കുന്ന ഒന്നാണ്. ഇതിന്റെ തനതായ സുഗന്ധം കൂറകൾക്ക് ഇഷ്ടമല്ല. വീടിനുള്ളിൽ അധികം പരിചരണം ആവശ്യമില്ലാതെ വളർത്താൻ കഴിയുന്ന ഒന്നുകൂടിയാണിത്.
7. ജമന്തി
മനോഹരമായ പൂക്കൾ വിരിയുന്ന ഈ ചെടിയിൽ 'പൈറെത്രിൻ' എന്ന സ്വാഭാവിക ഘടകം അടങ്ങിയിട്ടുണ്ട്. പല കീടനാശിനികളിലും ഉപയോഗിക്കുന്ന ഒന്നാണിത്. കൂറകൾ മാത്രമല്ല, പേൻ, ചെള്ള്, മറ്റ് ചെറിയ പ്രാണികൾ എന്നിവയെല്ലാം വീടിനുള്ളിൽ കയറാതെ തടയാൻ ഈ ചെടിക്ക് കഴിയും.
ഈ ചെടികൾ കൂറകളെ ഒരു പരിധി വരെ അകറ്റി നിർത്താൻ സഹായിക്കുമെങ്കിലും, വീടും അടുക്കളയും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് കൂറകളെ പൂർണ്ണമായും ഒഴിവാക്കാനുള്ള പ്രധാന വഴി.














Click it and Unblock the Notifications