കറിവേപ്പില പെട്ടെന്ന് ഉണങ്ങിപ്പോയോ? ഫ്രഷായി മാസങ്ങളോളം കറിവേപ്പില സൂക്ഷിക്കാം, വഴികളിതാ
ദിവസവും നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാണ് കറിവേപ്പില. കഴിക്കാൻ പലരും മടിക്കുമെങ്കിലും കറിവേപ്പില ഇടാതെ നമ്മുടെ കറികളൊന്നും പൂർണമാകാറില്ല. എന്നാൽ കറിവേപ്പില കടയിൽ നിന്ന് വാങ്ങുമ്പോൾ അത് കുറേ ദിവസത്തേക്ക് സൂക്ഷിച്ച് വെക്കാൻ സാധിക്കാറില്ല.
വാങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കറിവേപ്പില കറുത്തുപോയോ വാടിപ്പോയോ ഉണങ്ങിയോ ഇരിക്കുന്നത് കാണാം. ഇതോടെ എടുത്ത് കളയുക മാത്രമാണ് വഴി. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചാൽ കറിവേപ്പില രുചിയും മണവും നഷ്ടപ്പെടാതെ മാസങ്ങളോളം, ചിലപ്പോൾ 6 മാസം വരെ ഫ്രഷായി സൂക്ഷിക്കാൻ സാധിക്കും. എങ്ങനെ എന്നല്ലേ..

കറിവേപ്പില ഫ്രീസറിൽ സൂക്ഷിക്കാം
കറിവേപ്പില തണ്ടിൽ നിന്ന് അടർത്തിയെടുക്കുക. പഴുത്തതോ കേടായതോ ആയ ഇലകൾ മാറ്റുക. ഇലകൾ നന്നായി കഴുകിയ ശേഷം ഒരു വൃത്തിയുള്ള തുണിയിലോ പേപ്പർ ടവലിലോ നിരത്തിയിട്ട് ഈർപ്പം പൂർണ്ണമായും ഉണക്കിയെടുക്കുക. നന്നായി ഉണങ്ങിയ ശേഷം, വായുകടക്കാത്ത ഒരു ഡപ്പിയിലോ സിപ്‌ലോക്ക് കവറിലോ കാറ്റ് പൂർണ്ണമായും കളഞ്ഞ് അടച്ചുവെക്കുക.
ഇത് ഫ്രീസറിൽ സൂക്ഷിക്കുക. ഇങ്ങനെ ചെയ്താൽ 4 മുതൽ 6 മാസം വരെ കറിവേപ്പില കേടാകാതിരിക്കും. ആവശ്യത്തിന് അനുസരിച്ച് ഫ്രീസറിൽ നിന്ന് നേരിട്ട് എടുത്ത് പാചകത്തിന് ഉപയോഗിക്കാം.
ഉണക്കി സൂക്ഷിക്കാം
ഫ്രീസർ ഉപയോഗിക്കാൻ താല്പര്യമില്ലെങ്കിൽ ഇലകൾ ഉണക്കിയും സൂക്ഷിക്കാം. കഴുകി ഈർപ്പം മാറ്റിയ ഇലകൾ കാറ്റുള്ള സ്ഥലത്ത് വെച്ച് ഉണക്കിയെടുക്കുക. ഇലകൾ നന്നായി ഉണങ്ങി ഒടിയുന്ന പരുവമായാൽ വായുകടക്കാത്ത ഒരു കുപ്പിയിലാക്കി വെയിൽ തട്ടാത്ത സ്ഥലത്ത് സൂക്ഷിക്കുക. ആവശ്യാനുസരണം ഇവ പൊടിച്ച് വറവിനോ മസാലകൾക്കോ ഉപയോഗിക്കാം.
ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ഉപയോഗിച്ചു തീർക്കുമെങ്കിൽ മറ്റൊരു വഴിയുണ്ട്. കഴുകാത്ത ഇലകൾ ഒരു ഉണങ്ങിയ പേപ്പർ ടവലിൽ അയവോടെ ചുറ്റി ഒരു പ്ലാസ്റ്റിക് കവറിലോ പാത്രത്തിലോ വെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇങ്ങനെ ചെയ്താൽ കറിവേപ്പില 1-2 ആഴ്ചയും, പുതിനയില ഒരു ആഴ്ചയും വാടാതെ ഇരിക്കും.


Click it and Unblock the Notifications
