ചക്ക മുറിക്കുമ്പോൾ കൈയിലും കത്തിയിലും പശ പറ്റിയോ? പശ പിടിക്കാതെ എങ്ങനെ ചക്ക മുറിക്കാം? 5 വഴികൾ
ചക്ക ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകുമോ. പഴുത്ത ചക്ക ആണെങ്കിലും ചക്കപ്പുഴുക്ക് ആണെങ്കിലും മലയാളികൾക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്. ചക്ക കഴിക്കാൻ ഇഷ്ടമാണെങ്കിലും ചക്ക മുറിക്കാനും വൃത്തിയാക്കാനും ആർക്കും അത്ര ഇഷ്ടം ഉണ്ടാകില്ല.
കാരണം ചക്ക മുറിക്കുമ്പോൾ കയ്യിലും കത്തിയിലുമൊക്കെ ഒട്ടി പിടിക്കുന്ന പശ തന്നെ. പശയുടെ ശല്യം ഇല്ലാതെ എങ്ങനെ ചക്ക മുറിക്കാം? 5 ലളിതമായ വഴികൾ ഇതാ..
ഇത് എല്ലാവർക്കും അറിയുന്നതൊക്കെ തന്നെയാണ്. അതായത് ചക്ക മുറിക്കുമ്പോൾ കയ്യിലും കത്തിയിലും കുറച്ച് എണ്ണ പുരട്ടുക. വെളിച്ചെണ്ണയോ മറ്റേതെങ്കിലും പാചക എണ്ണയോ ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പശ ഒട്ടിപ്പിടിക്കാതെ ചക്ക മുറിച്ച് വൃത്തിയാക്കാം.
ചക്ക നിലത്ത് വെച്ചോ മേശയിലോ വെച്ചോ മുറിക്കാതിരിക്കുക. എപ്പോഴും പത്രക്കടലാസോ പ്ലാസ്റ്റിക് ഷീറ്റോ മറ്റോ വിരിച്ച് മാത്രം ചക്ക വെട്ടുക. അപ്പോൾ തറയിലോ മേശയിലോ പശ പറ്റിപ്പിടിച്ച് വൃത്തികേടാകില്ല.

ചക്ക മുറിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വലിയ കഷണങ്ങളാക്കി മുറിക്കുക എന്നതാണ്. ആദ്യം പകുതിയായി മുറിക്കുക, അതിനുശേഷം നാല് ഭാഗങ്ങളാക്കുക. ചക്കയുടെ നടുവിലുള്ള കട്ടിയുള്ള വെളുത്ത തണ്ട് ആദ്യം തന്നെ വെട്ടിമാറ്റുന്നത് പശ പടരുന്നത് വലിയ അളവിൽ കുറയ്ക്കും.
ചക്ക മുറിക്കുമ്പോൾ ആദ്യം തന്നെ എണ്ണ പുരട്ടിയാലും അത് ചക്ക മുഴുവൻ മുറിച്ച് തീരുന്നത് വരെ കയ്യിലോ കത്തിയിലോ നിലനിൽക്കണമെന്നില്ല. അതുകൊണ്ട് ഇടയ്ക്കിടെ വീണ്ടും എണ്ണ പുരട്ടിക്കൊടുക്കുന്നതാണ് നല്ലത്.
ഇതൊക്കെ ചെയ്തിട്ടും കയ്യിലോ കത്തിയിലോ പശ പറ്റിപ്പിടിച്ചിട്ടുണ്ട് എങ്കിൽ ഒരിക്കലും ആദ്യം വെള്ളം ഒഴിച്ച് കഴുകരുത്. കാരണം വെള്ളമൊഴിച്ചാൽ പശ കൂടുതൽ പറ്റിപ്പിടിക്കുകയേ ഉളളൂ. ആദ്യം കുറച്ച് വെളിച്ചെണ്ണ പുരട്ടി പശ നന്നായി ഇളക്കിയെടുത്ത ശേഷം ഒരു തുണിയോ പേപ്പറോ ഉപയോഗിച്ച് തുടച്ചു മാറ്റുക. അതിനുശേഷം മാത്രം സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കഴുകുക.



Click it and Unblock the Notifications