മുറിത്തേങ്ങ വേഗത്തിൽ കേടായിപ്പോകുന്നുണ്ടോ? പൊട്ടിച്ച തേങ്ങ എങ്ങനെ കേടാകാതെ സൂക്ഷിക്കാം? വഴിയിതാ
മലയാളികൾക്ക് ഭക്ഷണത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് തേങ്ങ. പ്രത്യേകിച്ച് കറികളിൽ. എന്നാൽ ഒരു തേങ്ങ പൊട്ടിച്ച് പകുതി മാത്രം ഉപയോഗിക്കുമ്പോൾ ബാക്കി പകുതി എളുപ്പത്തിൽ കേടാകുന്നത് പതിവാണ്. ചിലപ്പോൾ ഉണങ്ങിപ്പോവുകയോ അല്ലെങ്കിൽ ദുർഗന്ധം വരികയോ ചെയ്യും.
പുതിയ തേങ്ങയിൽ ഏകദേശം 94 ശതമാനവും വെള്ളമാണ്. പൊട്ടിച്ചു കഴിഞ്ഞാൽ തേങ്ങയിലെ വെളുത്ത ഭാഗം വായുവുമായി നേരിട്ട് സമ്പർക്കത്തിൽ വരികയും വളരെ വേഗത്തിൽ കേടാവുകയും ചെയ്യും.
മുറിത്തേങ്ങ കേടാകാതെ എങ്ങനെ സൂക്ഷിക്കാമെന്ന് പലർക്കും അറിയില്ല. അതിനൊരു എളുപ്പ വഴിയുണ്ട്. ഭക്ഷണം പൊതിയാനും മറ്റും നമ്മൾ ഉപയോഗിക്കുന്ന അലുമിനിയം ഫോയിലാണ് മുറിത്തേങ്ങയുടെ രക്ഷകൻ. അലുമിനിയം ഫോയിൽ ഉപയോഗിച്ച് എങ്ങനെ തേങ്ങ കേടാകാതെ സൂക്ഷിക്കാം എന്ന് നോക്കാം.

അലുമിനിയം ഫോയിലിന്റെ ഒരു കഷ്ണം മുറിച്ച തേങ്ങയുടെ വെളുത്ത ഭാഗത്ത് കാറ്റ് കയറാത്ത രീതിയിൽ നന്നായി അമർത്തി ഒട്ടിച്ചു വെക്കുക. തേങ്ങയുടെ എല്ലാ ഭാഗവും ഫോയിൽ കൊണ്ട് നന്നായി പൊതിയുക. ഫോയിൽ കൊണ്ട് പൊതിഞ്ഞ തേങ്ങ ഒരു സിപ്പ്‌ലോക്ക് ബാഗിലോ കാറ്റ് കയറാത്ത പാത്രത്തിലോ ആക്കി ഫ്രിഡ്ജിൽ വെക്കാം.
ഇനി നിങ്ങളുടെ കയ്യിൽ അലുമിനിയം ഫോയിൽ ഇല്ലെങ്കിൽ മറ്റൊരു വഴിയുണ്ട്. ഒരു പാത്രത്തിൽ വെള്ളമെടുത്ത് മുറിച്ച തേങ്ങാക്കഷ്ണങ്ങൾ പൂർണ്ണമായി മുക്കി വെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇങ്ങനെ ചെയ്താലും തേങ്ങ കേടാകില്ല. ഈ വെള്ളം ദിവസവും മാറ്റേണ്ടതുണ്ട്. പച്ച വെള്ളത്തിന് പകരം തേങ്ങാവെള്ളമോ നേരിയ ഉപ്പിട്ട വെള്ളമോ ഉപയോഗിക്കാം. ഇത് തേങ്ങ ഉണങ്ങിപ്പോകാതെ സൂക്ഷിക്കും.
ഈ രണ്ട് വഴികൾ പരീക്ഷിച്ചാൽ മുറിത്തേങ്ങ 5 മുതൽ 7 ദിവസം വരെ കേടാകാതിരിക്കും. പൊട്ടിക്കാത്ത തേങ്ങ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. മുറിച്ച തേങ്ങ മാത്രമാണ് ഫ്രിഡ്ജിൽ വെക്കേണ്ടത്. പൊട്ടിക്കാത്ത സാധാരണ തേങ്ങ ഫ്രിഡ്ജിൽ വെച്ചാൽ ഉള്ളിലെ കാമ്പ് വേഗത്തിൽ ഉണങ്ങിപ്പോകും.




Click it and Unblock the Notifications