ഉരുളക്കിഴങ്ങ് മുളപൊട്ടി തൊലി ചുളിഞ്ഞ് ചീഞ്ഞ് പോയോ? ഉരുളക്കിഴങ്ങ് എങ്ങനെ ഫ്രഷായി സൂക്ഷിക്കാം? അറിയാം
നമ്മുടെ മിക്ക കറികളിലും സ്ഥിരമായി ഇടംപിടിക്കുന്ന പച്ചക്കറികളിലൊന്നാണ് ഉരുളക്കിഴങ്ങ്. കടയിൽ നിന്ന് വാങ്ങി വീട്ടിൽ വെക്കുന്ന ഉരുളക്കിഴങ്ങ് കുറച്ച് ദിവസം കഴിഞ്ഞ് കറി വെക്കാനെടുത്ത് നോക്കിയാൽ ഒന്നുകിൽ അതിൽ മുള പൊട്ടിയിട്ടുണ്ടാകും. അല്ലെങ്കിൽ തൊലി ചുളിഞ്ഞിരിക്കുന്നതോ ചീഞ്ഞിട്ടോ ഉണ്ടാകും.
ഉരുളക്കിഴങ്ങ് പെട്ടെന്ന് മുളയ്ക്കുന്നതും, തൊലി ചുളിയുന്നതും, ചീഞ്ഞുപോകുന്നതും ഒഴിവാക്കാൻ സഹായിക്കുന്ന ചില ലളിതമായ വഴികൾ ഇതാ..
ഉരുളക്കിഴങ്ങ് തണുപ്പും ഇരുട്ടുമുള്ള സ്ഥലത്ത് വെക്കുക. ഉരുളക്കിഴങ്ങിന് സൂര്യപ്രകാശവും ചൂടും തട്ടുമ്പോഴാണ് അത് മുളയ്ക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ അടുക്കളയിലെ ചൂട് കുറഞ്ഞ, വെയിൽ അടിക്കാത്ത സ്ഥലത്ത് വേണം ഉരുളക്കിഴങ്ങ് വെക്കാൻ.

AI Image
പലരും ഉരുളക്കിഴങ്ങ് വാങ്ങി ഫ്രിഡ്ജിൽ വെക്കാറുണ്ട്. ഇതൊരിക്കലും ചെയ്യരുത്. കാരണം പച്ച ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ വെച്ചാൽ അതിലെ അന്നജംപഞ്ചസാരയായി മാറി രുചി കേടാകും. കടയിൽ നിന്ന് വാങ്ങിച്ച പ്ലാസ്റ്റിക് കവറിൽ വായു കടക്കാത്ത രീതിയിൽ ഉരുളക്കിഴങ്ങ് സൂക്ഷിക്കരുത്. പകരം തുറന്ന പാത്രത്തിലോ, പേപ്പർ ബാഗിലോ, കാറ്റുകടക്കുന്ന കുട്ടകളിലോ ഇടുക. അതുപോലെ തന്നെ കഴുകിയ ശേഷമായിരിക്കരുത് ഇത് ചെയ്യുന്നത്. നനവ് ഉണ്ടെങ്കിൽ കിഴങ്ങ് പെട്ടെന്ന് ചീഞ്ഞ് പോകും.
ഉരുളക്കിഴങ്ങ് ഉള്ളി, തക്കാളി, ആപ്പിൾ, പഴം എന്നിവയ്ക്ക് ഒപ്പം വെക്കരുത്. കാരണം ഇവ എഥിലീൻ വാതകം പുറത്തുവിടുന്നതിനാൽ ഉരുളക്കിഴങ്ങ് പെട്ടെന്ന് മുളയ്ക്കാൻ കാരണമാകും. ആഴ്ചയിലൊരിക്കൽ ഉരുളക്കിഴങ്ങുകൾ പരിശോധിക്കുക. കേടായതോ ചീഞ്ഞതോ ആയ കിഴങ്ങുകൾ ഉടൻ മാറ്റിയില്ലെങ്കിൽ മറ്റുള്ളവയും കേടാകും.
ഉരുളക്കിഴങ്ങിന് ചെറിയ മുളയോ പച്ചനിറമോ ഉണ്ടെങ്കിൽ അത് മുറിച്ച് കളഞ്ഞ് ബാക്കി ഉപയോഗിക്കാം. എന്നാൽ ഉരുളക്കിഴങ്ങ് നന്നായി ചുളിഞ്ഞ്, വല്ലാതെ പച്ചനിറമായി, കൈവെച്ചാൽ അമരുന്ന പരുവത്തിലായാൽ അത് ഉപയോഗിക്കാതെ കളയുന്നതാണ് ആരോഗ്യത്തിന് നല്ലത്.


Click it and Unblock the Notifications
