ഇനി അടുക്കളയില്‍ കയറാന്‍ മടിക്കില്ല; വേഗത്തില്‍ പണിചെയ്യാന്‍ ഇതാ ചില പൊടിക്കൈകള്‍
അടുക്കളയില്‍ സമയം ചെലവഴിക്കുക, പാചകത്തില്‍ പരീക്ഷണം നടത്തുക, പ്രിയപ്പെട്ടവര്‍ക്കായി ഭക്ഷണം ഉണ്ടാക്കുക ഇതെല്ലാം ചിലര്‍ക്കെങ്കിലും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നായിരിക്കും. എങ്കില്‍ പോലും ചില സമയത്ത് അടുക്കളയില്‍ കയറാന്‍ പലര്‍ക്കും മടിയായിരിക്കും. മറ്റെന്തെങ്കിലും തിരക്കുകള്‍ ഉള്ളതിനാലും അടുക്കളയില്‍ ഒരുപാട് സമയം ചെലവഴിക്കേണ്ടി വരും എന്നതിനാലുമായിരിക്കും ഇത്.
നിങ്ങള്‍ ഒരു പാചക വിദഗ്ധനായാലും അല്ലെങ്കിലും അടുക്കളയിലെ ചില ജോലികളെങ്കിലും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ചില നുറുങ്ങുവിദ്യകളൊക്കെയുണ്ട്. ഇത് പരീക്ഷിച്ചാല്‍ നിങ്ങളുടെ സമയവും ഊര്‍ജവും ലാഭിക്കാന്‍ ഏറെ സഹായകരമാകും എന്ന് ഉറപ്പാണ്. ഏതൊക്കെയാണ് അടുക്കളയില്‍ സഹായകമാകുന്ന ലളിതവും എളുപ്പമുള്ളതുമായ നുറുങ്ങുകള്‍ എന്ന് നമുക്ക് നോക്കാം.

പൊതുവെ പലരുടേയും വീട്ടില്‍ ചെറിയ അടുക്കളയായിരിക്കും. ഒരു തരത്തില്‍ ഇത് ഉപകാരപ്രദമാണെങ്കിലും മറ്റൊരു തരത്തില്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കും. പാത്രങ്ങളെല്ലാം ഒന്നിന് മേലെ ഒന്നായി പലയിടത്ത് അടുക്കി വെച്ചിട്ടായിരിക്കും ഉണ്ടാകുക. ഇത് പെട്ടെന്ന് ജോലി ചെയ്യുന്നതിന് തടസം സൃഷ്ടിക്കുന്ന പ്രധാനകാര്യമാണ്. പലപ്പോഴും സ്പൂണ്‍ പോലുള്ള ചെറിയ വസ്തുക്കള്‍ക്കായിരിക്കും നമ്മള്‍ തിരഞ്ഞ് മടുക്കുന്നത്.
ഇത് ഒഴിവാക്കാനായി സ്പൂണ്‍, തവി തുടങ്ങിയവയെല്ലാം നിങ്ങളുടെ മുന്‍ഗണന അനുസരിച്ച് കൊളുത്തുകളിലോ ഹാംഗറുകളിലോ തൂക്കിയിടാം. അതുപോലെ, ഭിത്തിയില്‍ ഘടിപ്പിച്ചിരിക്കുന്ന ഷെല്‍ഫുകളില്‍ മസാലപൊടികള്‍ ചെറിയ പാത്രങ്ങൡലായി സൂക്ഷിക്കുന്നതാണ് ഏറെ ഉത്തമം. അതുപോലെ ഫ്രിഡ്ജില്‍ എങ്ങനെയാണ് പഴങ്ങള്‍ സൂക്ഷിക്കേണ്ടത് എന്നും അറിഞ്ഞിരിക്കണം. പഴങ്ങള്‍ നന്നായി കഴുകി ഉണക്കി വേണം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍.
ചോറുണ്ടാക്കാനായി അരി എടുക്കുമ്പോള്‍ അതില്‍ പ്രാണികളും ചെറുജീവികളും ഉണ്ടായാല്‍ എന്ത് ചെയ്യും. ധൃതി പിടിച്ച് അടുക്കള ജോലി ചെയ്യുകയാണെങ്കില്‍ ഇതിനോളം മടുപ്പിക്കുന്ന ഒരു സംഗതിയില്ല. അരിയില്‍ പ്രാണികള്‍ വന്നിരിക്കാതിരിക്കാനായി അരി പാത്രത്തില്‍ കുറച്ച് വേപ്പില വെച്ചാല്‍ മതി. ഇവ പ്രാണികളേയും ചെറുജീവികളേയും അരിയില്‍ വന്നിരിക്കുന്നതിനെ തടയും.
വാഴപ്പഴം പോലെയുള്ള പഴങ്ങള്‍ പെട്ടെന്ന് പാകമാകുന്നത് തടയാന്‍ സെലോഫെയ്ന്‍ ഉപയോഗിച്ച് അറ്റത്ത് പൊതിയാവുന്നതാണ്. നേരെമറിച്ച്, നിങ്ങളുടെ വാഴപ്പഴം വേഗത്തില്‍ പാകമാകണമെങ്കില്‍ പേപ്പര്‍ ബാഗില്‍ പൊതിഞ്ഞ് വെച്ചാല്‍ മതി. മുട്ട പൊട്ടിക്കല്‍ അതില്‍ തോട് കൈയിലോ അല്ലെങ്കില്‍ മുട്ട ഒഴിക്കുന്നതിലേക്കോ വീഴാന്‍ സാധ്യത കൂടുതലാണ്. അതിന് നിങ്ങളുടെ കൈ അല്‍പം നനച്ച് കൊണ്ട് മുട്ടത്തോട് പതുക്കെ എടുത്താല്‍ മതി.












Click it and Unblock the Notifications