തിളങ്ങുന്ന ചർമ്മത്തിന് കഞ്ഞിവെള്ളം ഉപയോഗിക്കാറുണ്ടോ? പക്ഷേ ഈ അബദ്ധം നിങ്ങൾ ഒരിക്കലും ചെയ്യരുത്
പരമ്പരാഗത സൗന്ദര്യ സംരക്ഷണ രീതികളിൽ പണ്ടുകാലം മുതൽക്കേ വലിയ സ്ഥാനമുള്ള ഒന്നാണ് കഞ്ഞിവെള്ളം അഥവാ റൈസ് വാട്ടർ. ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും, മുഖത്തിന് നല്ല തിളക്കം നൽകാനും, കറുത്ത പാടുകൾ മാറ്റാനുമെല്ലാം കഞ്ഞിവെള്ളം മികച്ചതാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. അടുത്തിടെയായി സോഷ്യൽ മീഡിയയിലെ കൊറിയൻ സ്കിൻകെയർ ട്രെൻഡുകളിലൂടെയാണ് കഞ്ഞിവെള്ളത്തിന്റെ ഉപയോഗം ആഗോളതലത്തിൽ തന്നെ ഇത്രയധികം തരംഗമായത്. വളരെ ചെലവ് കുറഞ്ഞതും വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒന്നായതുകൊണ്ട് പലരും ഇത് രാത്രി മുഴുവൻ മുഖത്ത് പുരട്ടി വെക്കാറുണ്ട്.
എന്നാൽ, ഏത് സ്വാഭാവിക കൂട്ടുകൾ ഉപയോഗിക്കുമ്പോഴും അത് ചർമ്മത്തിൽ എത്ര സമയം നിലനിർത്തുന്നു എന്നത് വളരെ പ്രധാനമാണ്. കഞ്ഞിവെള്ളം രാത്രി മുഴുവൻ മുഖത്ത് ഉണങ്ങാൻ അനുവദിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ പിന്നിലെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് പ്രമുഖ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. പല്ലേട്ടി ശിവ കാർത്തിക് റെഡ്ഡി പങ്കുവെക്കുന്ന വിവരങ്ങൾ താഴെ വായിക്കാം.
രാത്രി മുഴുവൻ മുഖത്ത് വെച്ചാൽ സംഭവിക്കുന്നത് എന്ത്?
കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന സ്റ്റാർച്ച് (കൂവ അല്ലെങ്കിൽ അന്നജം), അമിനോ ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ചർമ്മത്തെ മൃദുവാക്കാനും മുറുക്കമുള്ളതാക്കാനും സഹായിക്കും എന്നത് ശരിയാണ്. എന്നാൽ ഇത് രാത്രി മുഴുവൻ മുഖത്ത് വെക്കുമ്പോൾ ചർമ്മത്തിന് മുകളിൽ ഇതൊരു കട്ടിയുള്ള പാളിയായി മാറുന്നു. ഇത് ചർമ്മത്തിലെ സ്വാഭാവിക സുഷിരങ്ങളെ പൂർണ്ണമായും അടച്ചുകളയും.

ഇങ്ങനെ മണിക്കൂറുകളോളം സുഷിരങ്ങൾ അടഞ്ഞിരിക്കുമ്പോൾ, ചർമ്മത്തിൽ നിന്നും പുറന്തള്ളപ്പെടേണ്ട വിയർപ്പ്, സെബം (സ്വാഭാവിക എണ്ണമയം), അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ എന്നിവ ഉള്ളിൽത്തന്നെ കുടുങ്ങിക്കിടക്കും. ഇത് ചർമ്മത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയെ ദോഷകരമായി ബാധിക്കുകയും, ചർമ്മത്തിലെ പിഎച്ച് നില തെറ്റിക്കുകയും ചെയ്യും. കഞ്ഞിവെള്ളം കൃത്യമായി സൂക്ഷിച്ചുവെച്ചതല്ലെങ്കിൽ അതിൽ ബാക്ടീരിയകൾ വളരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
ഏത് ചർമ്മക്കാർക്കാണ് ഇത് കൂടുതൽ അപകടം?
അമിതമായി എണ്ണമയമുള്ള ചർമ്മമുള്ളവർക്കും, അലർജി വരാൻ സാധ്യതയുള്ള സെൻസിറ്റീവ് ചർമ്മമുള്ളവർക്കും ഈ ശീലം കടുത്ത ദോഷം ചെയ്യും.
മുഖക്കുരു കൂടാൻ സാധ്യത: കഞ്ഞിവെള്ളത്തിലെ സ്റ്റാർച്ച് പാളി സുഷിരങ്ങൾ അടയ്ക്കുന്നതോടെ, മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകൾക്ക് വളരാൻ അനുയോജ്യമായ സാഹചര്യമൊരുങ്ങുന്നു. ഇത് കടുത്ത മുഖക്കുരുവിനും ഇൻഫെക്ഷനും കാരണമാകും.
ചുവപ്പും ചൊറിച്ചിലും: സെൻസിറ്റീവ് ചർമ്മമുള്ളവരിൽ രാത്രി മുഴുവൻ കഞ്ഞിവെള്ളം ഇരിക്കുന്നത് ചർമ്മം വലിഞ്ഞു മുറുകാനും, ചുവന്നു തടിക്കാനും, കടുത്ത ചൊറിച്ചിലിനും കാരണമാകും. റോസേഷ്യ (Rosacea) പോലുള്ള ചർമ്മ രോഗങ്ങളുള്ളവർ ഈ ശീലം പൂർണ്ണമായും ഒഴിവാക്കണം.
സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാം?
കഞ്ഞിവെള്ളം രാത്രി മുഴുവൻ മുഖത്ത് വെക്കുന്നതിന് പകരം ഒരു 'ഷോർട്ട് കോൺടാക്റ്റ്' രീതിയായി ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. കഞ്ഞിവെള്ളം ഒരു നാച്ചുറൽ ടോണർ പോലെയോ അല്ലെങ്കിൽ മുഖം കഴുകാനോ ഉപയോഗിക്കാം. മുഖത്ത് പുരട്ടി 10 മുതൽ 15 മിനിറ്റുകൾക്ക് ശേഷം സാധാരണ പച്ചവെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകി വൃത്തിയാക്കുക. എപ്പോഴും പുതിയതായി തയ്യാറാക്കിയ കഞ്ഞിവെള്ളം മാത്രം മുഖത്ത് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. പഴകിയ കഞ്ഞിവെള്ളത്തിൽ അണുക്കൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രം ഇത്തരത്തിൽ ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.












Click it and Unblock the Notifications