ദീപാവലിക്ക് മുന്നോടിയായി വീടിനെ സുന്ദരിയാക്കാം; വീട് തിളങ്ങാന്‍ ഇതാ ചില എളുപ്പവഴികള്‍
ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്ക് മുന്നോടിയായി വീടുകള്‍ അണിയിച്ചൊരുക്കുന്ന പാരമ്പര്യം ഇന്ത്യക്കാര്‍ക്കുണ്ട്. വീടുകളില്‍ മണ്‍ചെരാതുകളിലും വിളക്കുകളിലും ഒക്കെ ദീപം കൊളുത്തിവച്ചാണ് ദീപാവലി ആഘോഷിക്കുന്നത്. ഉത്തരേന്ത്യക്കാരുടെ ചുവടുപിടിച്ച് ഇപ്പോള്‍ മലയാളികളും ദീപാവലിക്ക് വീടുകള്‍ അലങ്കരിച്ചു തുടങ്ങിയിട്ടുണ്ട്. ജീവിതത്തിലേക്ക് ഐശ്വര്യവും പ്രതീക്ഷകളും കൊണ്ടുവരുന്ന ദീപാവലി സമയത്ത് വീട് അലങ്കോലമായി കിടന്നാല്‍ അതുതന്നെ അശുഭ ലക്ഷണമായി പലരും കാണാറുണ്ട്.
വീടിനെ തിളക്കമുള്ളതാക്കി മാറ്റിയെടുക്കാനും പോസിറ്റീവ് എനര്‍ജിയെ സ്വാഗതം ചെയ്യാനും ഏറ്റവും അനുയോജ്യമായ സമയമാണ് ദീപാവലി. എല്ലാവരും ഈ സമയത്ത് പ്രൊഫഷണലായി ക്ലീന്‍ ചെയ്യുന്നവരെ ആശ്രയിക്കാറുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് ഇത് ചെലവ് കൂടിയ മാര്‍ഗമാണ്. വീടിന്റെ ഓരോ മൂലകളും ആഴത്തില്‍ വൃത്തിയാക്കാന്‍ ലളിതമായതും അതേസമയം ഫലപ്രദവുമായ മാര്‍ഗങ്ങളുണ്ട്.

ഇത്തരം മാര്‍ഗങ്ങളിലൂടെ ജനാലകള്‍ മുതല്‍ കുളിമുറികള്‍ വരെ തിളക്കമുള്ളതും വൃത്തിയുള്ളതുമാക്കി മാറ്റിയെടുക്കാം. ഇങ്ങനെ ദീപാവലി വൃത്തിയുള്ളതും തിളക്കമുള്ളതുമായ അന്തരീക്ഷത്തില്‍ ആഘോഷിക്കുന്നുവെന്ന സംതൃപ്തി നിങ്ങള്‍ക്കും സ്വന്തമാക്കാം.
ഗ്ലാസ് പ്രതലങ്ങള്‍ തിളങ്ങാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് വൈറ്റ് വിനാഗിരി. വിനാഗിരി വെള്ളത്തില്‍ ലയിപ്പിച്ച് ഒരു സ്‌പ്രേ കുപ്പിയില്‍ സൂക്ഷിക്കുക. ജനാലകളിലും കണ്ണാടികളിലും ഗ്ലാസ് വാതിലുകളിലും ഗ്ലാസ് കൊണ്ടുള്ള മേശകളിലും ഈ ലായനി തളിക്കുക. ലായനി തളിച്ച ശേഷം കുറച്ചുനേരം അങ്ങനെ വയ്ക്കുക. തുടര്‍ന്ന് അഴുക്കും കറകളും നീക്കം ചെയ്യാന്‍ ഒരു മൈക്രോഫൈബര്‍ തുണി ഉപയോഗിച്ച് തുടയ്ക്കുക. കഠിനമായ രാസവസ്തുക്കള്‍ കൊണ്ടുള്ള ക്ലീനിങ് ലോഷനുകള്‍ ഇല്ലാതെതന്നെ ഗ്ലാസ് പ്രതലങ്ങള്‍ തിളക്കമുള്ളതാക്കി മാറ്റിയെടുക്കാം.
സിങ്കുകള്‍, ടാപ്പുകള്‍, ബാത്‌റൂം ടൈലുകള്‍, ഷവര്‍ ഫെഡുകള്‍ എന്നിവയിലെ കടുപ്പമുള്ള കറകള്‍ നീക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനായി ആപ്പിള്‍ സിഡാര്‍ വിനാഗിരിയും നാരങ്ങാ നീരും ചേര്‍ന്ന മിശ്രിതം ഈ ഭാഗങ്ങളില്‍ പുരട്ടി 10-15 മിനിറ്റ് വയ്ക്കുക. തുടര്‍ന്ന് മൈക്രോ ഫൈബര്‍ തുണി ഉപയോഗിച്ച് തുടയ്ക്കുക. ഈ രീതി ബാത്‌റൂം ഫിറ്റിങ്ങുകള്‍ക്ക് വളരെ സുരക്ഷിതമാണ്. അവയുടെ യഥാര്‍ത്ഥ തിളക്കം വീണ്ടുകിട്ടുകയും ചെയ്യും.
കാലം പഴകുന്തോറും ബാത്‌റൂമുകളിലെ ടൈല്‍സില്‍ അഴുക്കും കറയുമൊക്കെ അടിഞ്ഞുകൂടാറുണ്ട്. ഇത് വൃത്തിയാക്കാന്‍ ബേക്കിംഗ് സോഡയും ഹൈഡ്രജന്‍ പെറോക്‌സൈഡും ചേര്‍ത്ത് ഒരു പേസ്റ്റ് ഉണ്ടാക്കുക. ഇത് ടൈല്‍സില്‍ പുരട്ടി പഴയ യൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരയ്ക്കുക. ഇത് അഴുക്ക് നീക്കം ചെയ്യുകയും ടൈല്‍സിന്റെ തിളക്കം വീണ്ടെടുക്കുകയും ചെയ്യും. ഇതുപയോഗിച്ച് പതിവായി വൃത്തിയാക്കിയാല്‍ പൂപ്പല്‍ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും. ദീപാവലി ഉത്സവ സീസണില്‍ ബാത്‌റൂം ദുര്‍ഗന്ധരഹിതവും തിളക്കമുള്ളതും വൃത്തിയുള്ളതുമാക്കാന്‍ ഈ മാര്‍ഗം ഏറെ ഫലപ്രദമാണ്.
ബാത്‌റൂം വൃത്തിയാക്കാന്‍ ബേക്കിംഗ് സോഡ പതിവായി ഉപയോഗിക്കുന്നത് ശുചിമുറിയെ അണുവിമുക്തമായി നിലനിര്‍ത്തും. ലൈറ്റുകളിലും ഫാനുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന മാറാലയും പൊടിയും വൃത്തിയാക്കാനും ശ്രദ്ധിക്കുക. ഇതൊക്കെ പലപ്പോഴും അവഗണിക്കപ്പെടുന്ന സ്ഥലങ്ങളാണ്. ദീപാവലി സമയത്ത് വീടിന്റെ എല്ലാ ഫാനുകളും ലൈറ്റുകളും വൃത്തിയാക്കി വയ്ക്കണം. മുകളില്‍ നിന്ന് പൊടി നീക്കാന്‍ നനഞ്ഞ തുണി ഉപയോഗിക്കുക.
ദീപാവലിക്ക് മുന്നോടിയായി വീടിന്റെ എല്ലാ ഭാഗങ്ങളും അണുവിമുക്തമാക്കണം. അതിനായി ഏതെങ്കിലും ക്ലീനിങ് ലോഷന്‍ ഉപയോഗിച്ച് അടുക്കള, കുളിമുറി, കിടക്കമുറി ഉള്‍പ്പെടെ എല്ലാ മുറികളും വൃത്തിയാക്കുക. ഇത് ബാക്ടീരിയകളെയും രോഗാണുക്കളെയും അകറ്റുന്നു.












Click it and Unblock the Notifications