58ാം പിറന്നാളില്‍ സൗന്ദര്യ രഹസ്യം പങ്കുവെച്ച് മാധുരി ദീക്ഷിത്; ഇത് സിമ്പിളും പവര്‍ഫുളുമാണ്
തൊണ്ണൂറുകളില്‍ ബോളിവുഡ് അടക്കിവാണിരുന്ന താര സുന്ദരിയാണ് മാധുരി ദീക്ഷിത്. മനം കവരുന്ന സൗന്ദര്യം കൊണ്ടും അഭിനയ ശേഷി കൊണ്ടും മനോഹരമായ നൃത്തച്ചുവടുകള്‍ കൊണ്ടും പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നടിയാണ് മാധുരി ദീക്ഷിത്. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മാധുരി ദീക്ഷിത്തിന്റെ സൗന്ദര്യവും പ്രേക്ഷകര്‍ക്ക് അത്ഭുതമാണ്. 58 വയസായെങ്കിലും ഒരു ചുളിവ് പോലും ഇല്ലാത്ത ചര്‍മ്മവും ഫിറ്റ്‌നസും സൂക്ഷിക്കുന്ന മാധുരി യുവതലമുറയ്ക്ക് മാതൃകയാണ്.
1984 ലാണ് മാധുരി ദീക്ഷിത് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് ചെറുപ്പക്കാരുടെ മനസിലെ സ്വപ്ന റാണിയായി മാറാന്‍ മാധുരിക്ക് കഴിഞ്ഞു. നൃത്തം ചെയ്യാനുള്ള കഴിവും മാധുരിയുടെ അഭിനയ ശേഷിയുടെ മാറ്റുകൂട്ടി. പ്രായമേറും തോറും സൗന്ദര്യം കൂടുന്ന മാജിക്കിന് പിന്നില്‍ കൃത്രിമം ഒന്നുമില്ലെന്നാണ് മാധുരി പറയുന്നത്.

ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിച്ച് ചര്‍മ്മത്തിന്റെ ജലാംശം നിലനിര്‍ത്തും. വ്യായാമം ചെയ്ത് ശരീരത്തിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്തും. ചര്‍മ്മത്തിന് ഫ്രഷ്‌നസ് കിട്ടാന്‍ റോസ് വാട്ടര്‍ പോലുള്ള പ്രകൃതിദത്തമായ സൗന്ദര്യ വര്‍ധക വസ്തുക്കളാണ് മാധുരി ഉപയോഗിക്കുന്നത്. കലോറി കുറവുള്ളതും വിറ്റാമിനുകളാല്‍ സമ്പുഷ്ടവുമായ സസ്യാധിഷ്ഠിത പാലാണ് മാധുരി കുടിക്കുന്നത്. ഇത് ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനാണ്.
ഇപ്പോഴിതാ തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ പോഷക സമൃദ്ധമായ സ്മൂത്തി എങ്ങനെ ഉണ്ടാക്കാം എന്നാണ് മാധുരി പങ്കുവെക്കുന്നത്. സൗന്ദര്യം വര്‍ധിപ്പിക്കാനും ഫിറ്റ്‌നസ് നിലനിര്‍ത്താനും ഈ സ്മൂത്തി സഹായിക്കുമെന്നാണ് മാധുരി ദീക്ഷിത് അവകാശപ്പെടുന്നത്. തന്റെ തിളങ്ങുന്ന സൗന്ദര്യത്തിന്റെ രഹസ്യം ഈ പാനീയം ആണെന്ന് മാധുരി ദീക്ഷിത് വീഡിയോയില്‍ പറയുന്നുണ്ട്.
എത്ര തിരക്കാണെങ്കിലും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് നടി ഓര്‍മ്മിപ്പിക്കുന്നു. ആരോഗ്യത്തിനും ഫിറ്റ്‌നസിനും ഒരു മികച്ച സ്മൂത്തിയാണ് മാധുരി ദീക്ഷിത് പങ്കുവയ്ക്കുന്നത്. രാത്രിയില്‍ ഈ ഹെല്‍ത്തി സ്മൂത്തി ഉണ്ടാക്കി വച്ചാല്‍ രാവിലെ ഓഫീസിലും മറ്റും കൊണ്ടുപോകാന്‍ സാധിക്കും. പ്രഭാത ഭക്ഷണമായോ മികച്ച ലഘു ഭക്ഷണമായോ സ്മൂത്തി കുടിക്കാമെന്ന് മാധുരി പറഞ്ഞു. വ്യായാമത്തിനു ശേഷമുള്ള ഏറ്റവും മികച്ച പാനീയമാണിതെന്ന് സ്മൂത്തിയുടെ പാചകക്കുറിപ്പ് പങ്കുവെച്ച് മാധുരി പറഞ്ഞു.
പ്രോട്ടീന്‍ സമ്പന്നമായ ഈ സ്മൂത്തി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം:
ഒരു മിക്‌സിയില്‍ രണ്ട് കപ്പ് ഫ്രൂട്ട്‌സ് ഇടുക. റാസ്‌ബെറി, സ്‌ട്രോബറി, ബ്ലൂബെറി അങ്ങനെ ഏത് പഴങ്ങള്‍ വേണമെങ്കിലും ചേര്‍ക്കാം. അരക്കപ്പ് ഓട്‌സ് പാല്‍ അല്ലെങ്കില്‍ ഇഷ്ടമുള്ള പാല്‍ മിക്‌സിയിലേക്ക് ഒഴിക്കുക. സ്മൂത്തി പ്രോട്ടീന്‍ സമ്പുഷ്ടമാക്കാന്‍ ഒരു സ്‌കൂപ്പ് അല്ലെങ്കില്‍ അര സ്‌കൂപ്പ് പ്രോട്ടീന്‍ പൗഡര്‍ ചേര്‍ക്കുക. പഴങ്ങള്‍ക്ക് സ്വാഭാവികമായ മധുരം ഉള്ളതിനാല്‍ പഞ്ചസാര ചേര്‍ക്കേണ്ടതില്ല. പഞ്ചസാര ചേര്‍ക്കുമ്പോള്‍ സ്മൂത്തിയുടെ ആരോഗ്യ ഗുണം നഷ്ടപ്പെടും. ഇത് വിശപ്പിനെ നിയന്ത്രിക്കാന്‍ പറ്റിയ ഏറ്റവും മികച്ച ലഘുഭക്ഷണം ആണെന്ന് മാധുരി പറയുന്നു. ഇഷ്ടമാണെങ്കില്‍ കുറച്ച് അവക്കാഡോ പഴമോ നട്‌സോ ഒക്കെ ചേര്‍ത്ത് സ്മൂത്തി കൂടുതല്‍ ഹെല്‍ത്തി ആക്കാം. ഇനി സ്മൂത്തി ഇഷ്ടമല്ലെങ്കില്‍ ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കാം, പച്ചക്കറികളും പഴങ്ങളും പ്രോട്ടീന്‍ ബാറുമൊക്കെ കഴിക്കാം.












Click it and Unblock the Notifications