അമ്പതിലും ഇരുപതിന്റെ ചുറുചുറുക്ക്! മഹേഷ് ബാബുവിന്റെ നിത്യയൗവനത്തിന് പിന്നിലെ ആ രഹസ്യം അറിയാം
തെലുങ്ക് സിനിമാ ലോകത്ത് മാത്രമല്ല, ഇന്ത്യയൊട്ടാകെ ദശലക്ഷക്കണക്കിന് ആരാധകരുള്ള സൂപ്പർ താരമാണ് മഹേഷ് ബാബു. പ്രായം അമ്പത്തിയൊന്നിനോട് അടുക്കുമ്പോഴും ഇപ്പോഴും ഇരുപതുകാരന്റെ ശരീരസൗന്ദര്യവും ചുറുചുറുക്കും നിലനിർത്തുന്ന അദ്ദേഹത്തിന്റെ 'എവർഗ്രീൻ' ലുക്ക് പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. ഒരു സിനിമയ്ക്ക് വേണ്ടി മാത്രം ശരീരം ശ്രദ്ധിക്കുന്ന മറ്റ് പല നടന്മാരിൽ നിന്നും വ്യത്യസ്തമായി, വർഷം മുഴുവൻ ഒരേ ഫിറ്റ്നസ് നിലനിർത്തുന്നതാണ് മഹേഷ് ബാബുവിന്റെ ശൈലി. ഇപ്പോഴിതാ താരത്തിന്റെ ഈ നിത്യയൗവനത്തിന് പിന്നിലെ യഥാർത്ഥ ഡയറ്റ് രഹസ്യങ്ങളും കഠിനമായ വർക്കൗട്ട് രീതികളും ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പേഴ്സണൽ ഫിറ്റ്നസ് ട്രെയിനറായ കുമാർ മന്നവ.
ഒരു ദിവസം 6 നേരം ഭക്ഷണം;കർശനമായ ഡയറ്റ് പ്ലാൻ
അമിതമായ പട്ടിണി കിടന്നോ അല്ലെങ്കിൽ പെട്ടെന്ന് തടി കുറയ്ക്കാൻ സഹായിക്കുന്ന ട്രെൻഡിംഗ് ആയ ഡയറ്റുകൾ നോക്കിയോ അല്ല മഹേഷ് ബാബു തന്റെ ശരീരം സംരക്ഷിക്കുന്നത്. കൃത്യമായ പോഷകങ്ങൾ അടങ്ങിയ സമീകൃതാഹാരമാണ് താരത്തിന്റെ രീതി. ഒരു ദിവസം അഞ്ച് മുതൽ ആറ് തവണ വരെയാണ് അദ്ദേഹം ഭക്ഷണം കഴിക്കുന്നത്. ഇതിൽ രണ്ട് നേരം ശരീരത്തിന് ആവശ്യമായ സപ്ലിമെന്റ് ഷേക്കുകളും ഉൾപ്പെടുന്നു.
പ്രഭാതഭക്ഷണം: ഓട്സ്, മുട്ടയുടെ വെള്ള, നട്സുകൾ, വിവിധതരം പഴങ്ങൾ എന്നിവയാണ് രാവിലത്തെ ആഹാരം.
വർക്കൗട്ടിന് ശേഷം: ജിമ്മിലെ കഠിനമായ വ്യായാമത്തിന് ശേഷം ഊർജ്ജം വീണ്ടെടുക്കാൻ പ്രോട്ടീൻ അല്ലെങ്കിൽ ന്യൂട്രിഷൻ ഷേക്ക് കുടിക്കുന്നു.

ഉച്ചഭക്ഷണം: ചിക്കൻ, മട്ടൻ അല്ലെങ്കിൽ മീൻ വിഭവങ്ങൾക്കൊപ്പം ബ്രൗൺ റൈസ്, ക്വിനോവ അല്ലെങ്കിൽ ഖുസ് ഖുസ് എന്നിവയാണ് ഉച്ചയ്ക്ക് കഴിക്കാൻ താരം ഇഷ്ടപ്പെടുന്നത്.
അത്താഴം: രാത്രിയിൽ കാർബോഹൈഡ്രേറ്റും പ്രോട്ടീനും കൃത്യമായി നിലനിർത്താൻ തവിട് കളയാത്ത ഗോതമ്പ് ബ്രെഡ് അല്ലെങ്കിൽ ബ്രൗൺ ബ്രെഡിനൊപ്പം മുട്ടയോ ചിക്കനോ ആണ് കഴിക്കാറുള്ളത്.
ആഴ്ചയിൽ 5 ദിവസം ജിമ്മിൽ; കഠിനമായ വർക്കൗട്ട് രീതികൾ
മഹേഷ് ബാബുവിന്റെ ഫിറ്റ്നസ് ഒരു ദിവസത്തെ പോലും മുടക്കമില്ലാത്ത കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് ട്രെയിനർ കുമാർ മന്നവ വ്യക്തമാക്കുന്നു. വർഷത്തിൽ ഒരു ദിവസം പോലും അദ്ദേഹം തന്റെ വർക്കൗട്ടുകൾ ഒഴിവാക്കാറില്ല. ആഴ്ചയിൽ 5 ദിവസമാണ് താരം ജിമ്മിൽ ചിലവഴിക്കുന്നത്.
ഓരോ ദിവസവും ശരീരത്തിലെ ഓരോ പ്രത്യേക പേശികളെ ലക്ഷ്യമിട്ടുള്ള വ്യായാമങ്ങളാണ് ചെയ്യുന്നത്. 60 മുതൽ 90 മിനിറ്റ് വരെയാണ് ഒരു ദിവസത്തെ വർക്കൗട്ട് സെഷൻ നീണ്ടുനിൽക്കുന്നത്. പേശികളുടെ വഴക്കവും ചലനശേഷിയും വർദ്ധിപ്പിക്കുന്നതിനായി എല്ലാ വർക്കൗട്ടുകൾക്ക് ശേഷവും വിപുലമായ സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യാൻ മഹേഷ് ബാബു പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കുറഞ്ഞ കാലയളവിലേക്കുള്ള മാറ്റങ്ങൾക്ക് പകരം ദീർഘകാല ആരോഗ്യം, കരുത്ത് എന്നിവയ്ക്കാണ് താരം മുൻഗണന നൽകുന്നത്.
എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമായ 'വാരണാസി'യിലാണ് മഹേഷ് ബാബു അടുത്തതായി അഭിനയിക്കുന്നത്. പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വർഷങ്ങളായുള്ള ഈ കർശനമായ ഫിറ്റ്നസ് ജീവിതരീതി തന്നെയാണ് പുതിയ ചിത്രത്തിലും താരത്തെ അതീവ ഗ്ലാമറസ്സായി നിലനിർത്തുന്നത്.












Click it and Unblock the Notifications