കാശും സമയവും ലാഭിക്കാം; ഈ വസ്തുക്കള്‍ മൊത്തമായി വാങ്ങി സൂക്ഷിച്ചോളൂ
ഷോപ്പിംഗ് പലപ്പോഴും നമ്മുടെ സമയവും പണവും നഷ്ടപ്പെടുത്തുന്ന ഒന്നായി മാറാറുണ്ട്. പലരും എങ്ങനെ ഇതില്‍ നിന്ന് രക്ഷ നേടും എന്ന് ചിന്തിക്കുന്നവരാണ്. ചില സാധനങ്ങള്‍ വാങ്ങാന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ നമുക്ക് കടയില്‍ പോകേണേടി വരാറുണ്ട്. ഇതൊഴിവാക്കാന്‍ എന്താണ് മാര്‍ഗം എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരായിരിക്കില്ല നിങ്ങള്‍. എന്നാല്‍ അതിന് വളരെ ലളിതമായ മാര്‍ഗമുണ്ട്.
ആവശ്യമുള്ള സാധനങ്ങള്‍ ഒന്നിച്ച് വാങ്ങി സൂക്ഷിക്കുക എന്ന ലളിതമായ മാര്‍ഗം തന്നെയാണ് ഇതിന് പോംവഴി. എന്നാല്‍ എല്ലാ സാധനങ്ങളും നമുക്ക് ഇത്തരത്തില്‍ വാങ്ങി സൂക്ഷിക്കാന്‍ സാധിക്കില്ല. ബള്‍ക്കായി വാങ്ങിയാലും കേടാകാത്ത വസ്തുക്കള്‍ ഇത്തരത്തില്‍ വാങ്ങുന്നതാണ് ഉചിതം. ഏതൊക്കെ വസ്തുക്കളാണ് അങ്ങനെ സൂക്ഷിക്കാന്‍ പറ്റുന്നത് എന്ന് നമുക്ക് നോക്കാം.

ബാറ്ററികള്‍
ടിവി റിമോട്ടുകള്‍, ഗെയിം കണ്‍സോള്‍ റിമോറ്റുകള്‍, ടോര്‍ച്ച്, കളിപ്പാട്ടങ്ങള്‍, ക്ലോക്ക് തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് എപ്പോഴും ബാറ്ററികള്‍ ആവശ്യമാണ്. അതിനാല്‍ തന്നെ ഇവയുടെ സ്റ്റോക്ക് അത്യന്താപേക്ഷിതമാണ് എന്നതില്‍ തര്‍ക്കമില്ല. അതിനാല്‍ ബാറ്ററി മൊത്തമായി വാങ്ങി സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് സാമ്പത്തികമായി ലാഭകരമായിരിക്കും. ബാറ്ററികള്‍ക്ക് എക്സ്പയറി ഡേറ്റ് കുറച്ചധികം ലഭിക്കും എന്നതിനാല്‍ തന്നെ അവ മൊത്തമായി വാങ്ങുന്നത് നല്ലതാണ്.
ബാറ്ററികള്‍ വാങ്ങുമ്പോള്‍ നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും ഉപയോഗപ്രദമായ തരം തന്നെയാണ് എന്ന് ഉറപ്പാക്കണം. റിമോട്ട് കണ്‍ട്രോള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, കമ്പ്യൂട്ടര്‍ മൗസ്, കീബോര്‍ഡ് പോലുള്ള വയര്‍ലെസ് ഉപകരണങ്ങള്‍ക്ക് ഏറെക്കുറെ ഒരേ തരം ബാറ്ററിയാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ബാറ്ററിയുടെ ചാര്‍ജ് തീരുമ്പോള്‍ ഇവ പെട്ടെന്ന് മാറ്റി സ്ഥാപിക്കുന്നത് ഉപകരണങ്ങള്‍ക്കും നല്ലതാണ്.
ആശംസാ കാര്‍ഡുകളും ഗിഫ്റ്റ് പേപ്പറും
ഇന്നത്തെ കാലത്ത് ആശംസാ കാര്‍ഡുകള്‍ അയയ്ക്കുന്നവര്‍ വിരളമായിരിക്കും. എങ്കിലും അയക്കുന്നവരാണെങ്കില്‍ ഇത് ഒന്നിച്ച് വാങ്ങി വെക്കുന്നത് നല്ലതാണ്. ചിലപ്പോള്‍ അവസാന നിമിഷമായിരിക്കും സുഹൃത്തിന്റേയും ബന്ധുക്കളുടേയോ ജന്മദിനം ഓര്‍മ വരിക. അത്തരമൊരു സാഹചര്യത്തില്‍ ആശംസാ കാര്‍ഡുകളും ഗിഫ്റ്റ് പേപ്പറും വീട്ടില്‍ സ്റ്റോക്കുണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് വഴി പണവും ലാഭിക്കാന്‍ പറ്റും.
ഡയപ്പറുകള്‍
ദിവസേനയോ രാത്രിയിലോ ഡയപ്പറുകള്‍ ധരിക്കുന്ന ഏതൊരു കുഞ്ഞിന്റെ രക്ഷിതാക്കളും ഇത് മൊത്തമായി വാങ്ങി സൂക്ഷിക്കുന്നതാണ് നല്ലത്. പെട്ടെന്ന് ഒരു ദിവസം ഡയപ്പര്‍ തീര്‍ന്നാല്‍ അത് ഉണ്ടാക്കുന്ന അസൗകര്യം ചെറുതൊന്നുമല്ല. അതിനാല്‍ ഇവ ബള്‍ക്കായി ഒരു പാക്കറ്റ് വാങ്ങുന്നതാണ് നല്ലത്. ഇത് വഴി ഒരുപാട് പണം ലാഭിക്കാനും നിങ്ങള്‍ക്ക് സാധിക്കും. പല കമ്പനികളും ഡയപ്പര്‍ മൊത്തമായി വാങ്ങുന്നതിന് ആകര്‍ഷകമായ ഓഫര്‍ മുന്നോട്ട് വെക്കുന്നുണ്ട്.
ബാത്ത്റൂം ഇനങ്ങള്‍
ഷാംപൂ, കണ്ടീഷണര്‍, ബോഡി വാഷ് തുടങ്ങിയവ വേഗത്തില്‍ തീര്‍ന്ന് പോകുന്നതാണ്. ഇതും ഇത്തരത്തില്‍ സ്റ്റോര്‍ ചെയ്ത് വെക്കാവുന്നതാണ്. അത് നിങ്ങളുടെ പണം ലാഭിക്കുമെന്ന് മാത്രമല്ല തീര്‍ന്നുപോയാല്‍ ഒന്നിലധികം തവണ കടയിലേക്ക് പോകുമ്പോള്‍ ഉണ്ടാകുന്ന സമയനഷ്ടത്തേയും മറികടക്കാന്‍ സഹായിക്കും.
ക്ലീനിംഗ് വസ്തുക്കള്‍
അലക്കു സോപ്പ്, ഡിഷ് സോപ്പ് എന്നിവയ്‌ക്കെല്ലാം ദീര്‍ഘമായ കാലാവധിയാണ് ഉള്ളത്. അതിനാല്‍ ഇവ ഒന്നിച്ച് വാങ്ങി വെക്കുന്നത് കൊണ്ട് പണവും സമയവും ലാഭിക്കാന്‍ സാധിക്കും. പെട്ടെന്ന് ഇവ തീര്‍ന്ന് പോയാല്‍ ഉണ്ടാകുന്ന അസൗകര്യങ്ങളും ഇത് വഴി പരിഹരിക്കാന്‍ സാധിക്കും.
വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണം
അനുയോജ്യമായ സ്ഥലത്ത് വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണം സൂക്ഷിക്കാന്‍ സാധിക്കുമെങ്കില്‍ ഇതും ഒന്നിച്ച് വാങ്ങുന്നത് നല്ലതാണ്. മിക്ക പെറ്റ് ഫുഡുകളുടേയും ഷെല്‍ഫ് ലൈഫ് ദൈര്‍ഘ്യമേറിയതാണ്. എന്നാല്‍ പാക്കറ്റിലെ കാലഹരണ തീയതികള്‍ പരിശോധിക്കുന്നത് ഉറപ്പാക്കണം.












Click it and Unblock the Notifications