മഴക്കാല ത്വക്‌രോഗങ്ങള്‍; അവഗണിച്ചാല്‍ പണി കിട്ടുമേ; പ്രതിരോധിക്കാം ഈ മാര്‍ഗങ്ങളിലൂടെ
വേനല്‍ക്കാലത്താണ് ത്വക്ക് രോഗങ്ങള്‍ പൊതുവേ രൂക്ഷമാവുന്നത്. അന്തരീക്ഷ മലിനീകരണവും ഇറുകി കിടക്കുന്ന വസ്ത്രങ്ങളും വിയര്‍പ്പ് അടിഞ്ഞുകൂടുന്നതും ഒക്കെ ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങളാണ്. എന്നാല്‍ വേനല്‍ക്കാലത്ത് മാത്രമല്ല മഴക്കാലത്തും ഫംഗസ് അണുബാധകള്‍ ഉണ്ടാകാതെ സൂക്ഷിക്കണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
മഴക്കാലത്ത് വായുവിലെ ഈര്‍പ്പത്തിന്റെ അളവ് വര്‍ധിക്കുകയും നിരന്തരമായി ഈര്‍പ്പം ചര്‍മ്മത്തില്‍ തങ്ങി നില്‍ക്കുകയും ചെയ്യുന്നത് ഫംഗസ് വളരുന്നതിന് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു.
കക്ഷങ്ങളിലും കാല്‍വിരലുകള്‍ക്കിടയിലും ചര്‍മ്മത്തിന്റെ മടക്കുകള്‍ എന്നിവിടങ്ങളിലും അണുബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചൊറിച്ചിലോട് കൂടി വരുന്ന ഇത്തരം അണുബാധകള്‍ ചര്‍മ്മത്തില്‍ പാടുകള്‍ സൃഷ്ടിക്കും. അണുബാധകള്‍ ഒഴിവാക്കാന്‍ ദിവസം ഒരു തവണയോ രണ്ടു തവണയോ എങ്കിലും കുളിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

മഴക്കാലത്ത് അണുബാധ പടരുന്നതിന് മറ്റൊരു കാരണം വെള്ളവുമായും നനഞ്ഞ പ്രതലവുമായും അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതാണ്. മഴവെള്ളത്തില്‍ ദീര്‍ഘനേരം നടക്കുന്നതും നനഞ്ഞ വസ്ത്രങ്ങളോ ഷൂസോ ഒരുപാട് നേരം ധരിക്കുന്നതും ഈര്‍പ്പം തങ്ങിനില്‍ക്കാനും അതുവഴി ഫംഗസ് വളര്‍ച്ചയ്ക്ക് കാരണമാകും. ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയുള്ളവരെ അണുബാധ പെട്ടെന്ന് പിടികൂടാന്‍ സാധ്യതയുണ്ട്. ഫംഗസ് ബാധിച്ച സ്ഥലത്ത് ചൊറിച്ചിലും വേദനയും ചുവന്നു തടിക്കുന്നതും ലക്ഷണങ്ങളാണ്. കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ അണുബാധ കൂടുതല്‍ വ്യാപിച്ച് ഗുരുതരമായി മാറാന്‍ സാധ്യതയുണ്ട്.
വളംകടി
സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഒരു ചര്‍മ്മ രോഗമാണിത്. നനഞ്ഞ ഷൂസും സോക്‌സും ധരിക്കുന്നതും മഴവെള്ളവുമായി ദീര്‍ഘനേരം കാലുകള്‍ക്ക് സമ്പര്‍ക്കം ഉണ്ടാകുമ്പോഴും പൊതു ശുചിമുറികള്‍ ഉപയോഗിക്കുന്നവരിലും ഈ പ്രശ്‌നം രൂക്ഷമാകാറുണ്ട്. കാല്‍വിരലുകള്‍ക്കിടയില്‍ കുമിളകള്‍ ഉണ്ടാകുന്നതും അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാകുന്നതും വളം കടിയുടെ ലക്ഷണങ്ങളാണ്.
അണുബാധയുള്ളവരുടെ സോക്‌സും ഷൂസും മറ്റൊരാള്‍ ഉപയോഗിക്കുന്നതും രോഗം പടരാന്‍ കാരണമാകും. കാല്‍പാദങ്ങള്‍ എല്ലാ ദിവസവും സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക എന്നതാണ് ഇതിനുള്ള ഒരു പരിഹാരം. നന്നായി കഴുകി ഉണക്കിയ സോക്‌സുകള്‍ മാത്രം ധരിക്കുക. കാലുകള്‍ ഈര്‍പ്പരഹിതമായി സൂക്ഷിക്കുക. മഴക്കാലത്ത് ഇറുകിയ ഷൂസുകള്‍ ധരിക്കുന്നതും ഒഴിവാക്കണം. മറ്റുള്ളവരുടെ ഷൂസും സോക്‌സും ഉപയോഗിക്കുന്നതും ഒഴിവാക്കണം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റി ഫംഗല്‍ പൗഡര്‍ ഉപയോഗിച്ച് ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരം കാണാവുന്നതാണ്.
ഇത്തരം അണുബാധകള്‍ രണ്ടു മുതല്‍ 4 ആഴ്ച വരെ നീണ്ടുനില്‍ക്കും. ചര്‍മ പ്രശ്‌നങ്ങള്‍ക്ക് ആന്റി ഫംഗല്‍ ക്രീമുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. വീടിനുള്ളില്‍ നല്ല വായു സഞ്ചാരം നിലനിര്‍ത്തുന്നതും ഡീഹ്യുമിഡിഫയറുകള്‍ ഉപയോഗിക്കുന്നതും അണുബാധയെ ചെറുക്കാന്‍ നല്ലതാണ്. അതുപോലെ കാല്‍പാദം ചവിട്ടി നടക്കുന്ന പ്രതലം നനവില്ലാതെ സൂക്ഷിക്കുക.
വട്ടച്ചൊറി
കക്ഷങ്ങളിലും ചര്‍മ്മത്തിന്റെ മടക്കുകളിലുമൊക്കെ കാണപ്പെടുന്ന ത്വക്ക് രോഗമാണ് വട്ടച്ചൊറി. ചര്‍മത്തില്‍ ചുവന്ന പാടുകളും ചെതുമ്പലും ചൊറിഞ്ഞു പൊട്ടുന്നതുമൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. രോഗം യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കും.
മഴക്കാലത്ത് അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. മറ്റുള്ളവരുടെ വസ്ത്രങ്ങള്‍ പങ്കിടാതിരിക്കുക. കോട്ടന്‍ പോലുള്ള പ്രകൃതിദത്ത തുണിത്തരങ്ങള്‍ ധരിക്കുക. ഇറക്കിയതും സിന്തറ്റിക് തുണിത്തരങ്ങളും ഒഴിവാക്കാനും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. ധരിക്കുന്നതിനു മുമ്പ് ഷൂസും സോക്‌സും നന്നായി ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
കുളിച്ചതിനുശേഷം ഈര്‍പ്പം തങ്ങിനില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ എല്ലാം നന്നായി തുടയ്ക്കുക. പുറത്തുപോയി മഴ നനഞ്ഞാല്‍ തിരിച്ചുവന്ന ഉടന്‍ വസ്ത്രങ്ങള്‍ മാറുക. ശരീരം നന്നായി തുടച്ചശേഷം നന്നായി ഉണങ്ങിയ വസ്ത്രങ്ങള്‍ ധരിക്കുക.












Click it and Unblock the Notifications