100 വയസ്സുവരെ ആരോഗ്യത്തോടെ ജീവിക്കാം; രാവിലെ എഴുന്നേറ്റ് ആദ്യത്തെ 90 മിനിറ്റിൽ ഈ 5 കാര്യങ്ങൾ ചെയ്താൽ മതി
രാവിലെ എഴുന്നേറ്റയുടൻ ഫോൺ നോക്കുന്നതും ബെഡ് കോഫി കുടിക്കുന്നതുമൊക്കെ നമ്മളിൽ ഭൂരിഭാഗം പേരുടെയും സ്ഥിരം ശീലങ്ങളാണ്. എന്നാൽ, ദീർഘായുസ്സോടെയും വലിയ അസുഖങ്ങൾ ഇല്ലാതെയും ജീവിക്കാൻ രാവിലെ ചെയ്യുന്ന ചില ചെറിയ കാര്യങ്ങൾ മാറ്റിയാൽ മതിയെന്ന് പ്രശസ്ത ഹെൽത്ത് എക്സ്പർട്ട് ഡോക്ടർ വാസിലി എലിയോപൗലോസ് വ്യക്തമാക്കുന്നു. കൂടുതൽ ഊർജ്ജസ്വലതയോടെ ഇരിക്കാൻ രാവിലെ ആദ്യത്തെ 90 മിനിറ്റിനുള്ളിൽ നമ്മൾ നിർബന്ധമായും ചെയ്യേണ്ട 5 ലളിതമായ ശീലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
1. രാവിലത്തെ സൂര്യപ്രകാശം
രാവിലെ എഴുന്നേറ്റ് 30 മിനിറ്റിനുള്ളിൽ തന്നെ സൂര്യപ്രകാശം കൺകോണുകളിൽ എത്തുന്ന തരത്തിൽ പുറത്തിറങ്ങുകയോ ജനലിലൂടെ നോക്കുകയോ ചെയ്യുക. മൊബൈൽ സ്ക്രീനുകളോ ടിവിയോ നോക്കുന്നതിന് മുൻപ് ഇത് ചെയ്യണം. നമ്മുടെ ശരീരത്തിന്റെ ജൈവഘടികാരത്തെ കൃത്യമായി നിലനിർത്താൻ ഇത് സഹായിക്കും. പകൽ സമയത്ത് സജീവമായിരിക്കാൻ സഹായിക്കുന്ന 'കോർട്ടിസോൾ', രാത്രി നല്ല ഉറക്കം തരുന്ന 'മെലറ്റോണിൻ' എന്നീ ഹോർമോണുകളുടെ ഉത്പാദനം കൃത്യമായ അളവിലാക്കാൻ ഈ രാവിലത്തെ വെയിൽ കൊള്ളൽ അത്യാവശ്യമാണ്.
2. ഒരു ഗ്ലാസ് ഉപ്പുവെള്ളം
രാവിലെ എഴുന്നേറ്റ് ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ ഒരു ലിറ്റർ വെള്ളത്തിൽ ഒരു നുള്ള് ഉപ്പ് (കടലുപ്പ് അല്ലെങ്കിൽ നല്ല ഉപ്പ്) ചേർത്ത് കുടിക്കുക. രാത്രി 7-8 മണിക്കൂർ ഉറങ്ങിക്കഴിയുമ്പോൾ നമ്മുടെ ശരീരം ചെറിയ രീതിയിൽ നിർജ്ജലീകരണത്തിന് വിധേയമായിട്ടുണ്ടാകും. ഉപ്പ് ചേർത്ത വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അളവ് വീണ്ടെടുക്കാനും, കോശങ്ങളുടെ പ്രവർത്തനം വേഗത്തിലാക്കാനും തലച്ചോറിന് നല്ല ഉണർവ് നൽകാനും സാധിക്കും.

3. കാപ്പിക്ക് മുൻപ് വ്യായാമം
രാവിലെ ബെഡിൽ നിന്ന് എഴുന്നേറ്റയുടൻ ചായയോ കാപ്പിയോ കുടിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതിന് മുൻപ് 20 മുതൽ 30 മിനിറ്റ് വരെ എന്തെങ്കിലും ശാരീരിക അധ്വാനത്തിൽ ഏർപ്പെടണം. കടുപ്പമുള്ള വ്യായാമം വേണമെന്നില്ല, ഒരു ചെറിയ നടത്തമോ ലളിതമായ സ്ട്രെച്ചിംഗോ ആയാലും മതി.വെറുംവയറ്റിൽ കാപ്പി കുടിക്കുമ്പോൾ ശരീരത്തിൽ കോർട്ടിസോൾ പെട്ടെന്ന് വർദ്ധിക്കുന്നത് തടയാൻ ഈ ശീലം സഹായിക്കും.
4. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം
രാവിലെ എഴുന്നേറ്റ് 90 മിനിറ്റിനുള്ളിൽ തന്നെ പ്രഭാതഭക്ഷണം കഴിച്ചിരിക്കണം. ആ ഭക്ഷണത്തിൽ കുറഞ്ഞത് 30 ഗ്രാം പ്രോട്ടീൻ എങ്കിലും അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. മുട്ട, ചെറുപയർ, കടല, പയർവർഗ്ഗങ്ങൾ എന്നിവ രാവിലത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയുകയും ദിവസം മുഴുവൻ ഒരേപോലെയുള്ള ഊർജ്ജം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. കൂടാതെ പേശികളുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്.
5. സപ്ലിമെന്റുകൾ ഭക്ഷണത്തോടൊപ്പം
വിറ്റാമിൻ ഡി, ഒമേഗ-3, വിറ്റാമിൻ കെ2, മഗ്നീഷ്യം തുടങ്ങിയ സപ്ലിമെന്റുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കുന്നവരാണെങ്കിൽ അത് പ്രഭാതഭക്ഷണത്തോടൊപ്പം തന്നെ കഴിക്കുക. ഇത് എല്ലാ ദിവസവും മരുന്ന് കഴിക്കാൻ മറന്നുപോകാതിരിക്കാൻ സഹായിക്കും. കൂടാതെ ഭക്ഷണത്തിലെ കൊഴുപ്പുമായി ചേർന്ന് ഇത്തരം വിറ്റാമിനുകൾ ശരീരത്തിലേക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടാനും ഇത് സഹായിക്കും. ഈ അഞ്ച് ലളിതമായ ശീലങ്ങൾ നിങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയാൽ വലിയ അസുഖങ്ങൾ വരാതെ ശരീരത്തെ ദീർഘകാലം ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.












Click it and Unblock the Notifications