അവധിയാഘോഷിക്കാൻ പോയ ഹോട്ടലിൽ വെച്ച് കൊതുക് കടിച്ചു, യുവതി കോമയിൽ, എമ്മയ്ക്ക് സംഭവിച്ചത് ഹൃദയഭേദകം
സന്തോഷകരമായ ഒരു അവധിക്കാലം വളരെ പെട്ടെന്നാണ് ആരും സ്വപ്നം പോലും കാണാത്ത ഒരു ദുരന്തമായി അയർലണ്ടിലെ ഒരു കുടുംബത്തിന് മാറിയത്. ഡബ്ലിനിൽ നിന്നുള്ള 42 വയസ്സുകാരിയായ എമ്മ ഹിക്കി ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം ടെനെറീഫിലെ കോസ്റ്റാ അഡെജെയിലേക്ക് 12 ദിവസത്തെ യാത്ര പോയതായിരുന്നു. യാത്ര തുടങ്ങി പത്ത് ദിവസത്തിനുള്ളിൽ, ഒരു കൊതുക് കടി മൂലം എമ്മയുടെ ജീവിതം തന്നെ മാറി മറിഞ്ഞു. ഇപ്പോൾ എമ്മ മസ്തിഷ്ക മരണം സംഭവിച്ച് ഇൻഡ്യൂസ്ഡ് കോമയിൽ കഴിയുകയാണ്.
എമ്മയുടെ അനുഭവം ഹൃദയഭേദകമാണ്. ഒരു കൊതുക് കടി പോലും ചിലപ്പോൾ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ജൂൺ 23-ന് ഇവർ താമസിച്ചിരുന്ന ഹോട്ടലിന് അടുത്തുളള ഫാർമസിയിലേക്ക് പോകാനിറങ്ങിയ എമ്മ പടിക്കെട്ടിൽ കുഴഞ്ഞുവീണു. എമ്മയുടെ പങ്കാളിയായ സ്റ്റീഫൻ ബ്രോഹാം ആ ഭയാനകമായ നിമിഷം ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്: "എമ്മ തലയിടിച്ച് താഴേക്ക് വീണു, അവൾ അവിടെ കിടന്ന് പിടഞ്ഞു."

ഇവർ ഹോട്ടലിൽ എത്തി തുടങ്ങി പത്ത് ദിവസത്തിനുള്ളിൽ എമ്മയുടെ ശരീരത്തിൽ ധാരാളം കൊതുക് കടിയേറ്റ പാടുകളുണ്ടായിരുന്നു. തുടർന്ന് എമ്മ ആശുപത്രിയിൽ പോവുകയും അവിടെ നിന്ന് കുത്തിവെപ്പ് എടുക്കുകയും ചെയ്തു. എന്നിട്ടും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. ആ സമയത്ത് എമ്മ വളരെ അവശനിലയിരുന്നു ഉണ്ടായിരുന്നത്. എങ്കിലും അവൾ സ്വന്തം ബുദ്ധിമുട്ടുകൾ സഹിച്ചും കുട്ടികൾക്ക് വേണ്ടി അവധിക്കാലം ആസ്വദിക്കാൻ ശ്രമിച്ചു.
എമ്മക്ക് സുഖമില്ലെന്ന് തോന്നിയിട്ട് കുറേ ദിവസങ്ങളായെന്ന് സ്റ്റീഫൻ പറയുന്നു. ''അവളുടെ ശരീരത്തിൽ നിറയെ കൊതുക് കടിയേറ്റ പാടുകളുണ്ടായിരുന്നു. അവൾക്ക് വേദനയും ചൊറിച്ചിലുമുണ്ടായിരുന്നു. ചില മുറിവുകളിൽ നിന്ന് രക്തം കട്ടിലിൽ പറ്റിയിരുന്നു. ഈ ബുദ്ധിമുട്ടുകൾക്കിടയിലും അവൾ കുട്ടികളുടെ സന്തോഷം നഷ്ടപ്പെടുത്താൻ ആഗ്രഹിച്ചില്ല''.
കൊതുക് കടിയേറ്റതിലൂടെ ഇത്രയും ഗുരുതരമായ ഒരു അണുബാധ ഉണ്ടാകുമെന്ന് ആരും കരുതിയില്ല. എന്നാൽ കൊതുക് കടിയിൽ നിന്നുള്ള അണുബാധയും ചൂടും മരുന്നുകളും ക്ഷീണവും ചേർന്നപ്പോഴാകും എമ്മ തലകറങ്ങി വീണതെന്ന് ഡോക്ടർമാർ പറയുന്നു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, പ്രാണികളുടെ കടിയേറ്റുള്ള അലർജികൾ, മസ്തിഷ്കജ്വരം പോലുള്ള രോഗങ്ങളിലേക്കും രക്തസമ്മർദ്ദം കുറയുന്നതിനും തലകറക്കം ഉണ്ടാകുന്നതിനും കാരണമാകാം. ആശുപത്രിയിലെ സിടി സ്കാനിൽ എമ്മയ്ക്ക് തലയിൽ രക്തസ്രാവവും കഴുത്തിന് ഒടിവും സംഭവിച്ചതായി കണ്ടെത്തി. തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി തലച്ചോറിലെ രക്തം കട്ടപിടിച്ചത് നീക്കം ചെയ്തു. കോമയിലേക്ക് വീണ എമ്മ അതിന് ശേഷം എമ്മ ഉണർന്നിട്ടില്ല.
കൊതുക് കടിയിൽ നിന്ന് എമ്മയ്ക്ക് ഉണ്ടായ രോഗം എന്താണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, രോഗലക്ഷണങ്ങളും മറ്റ് സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ എമ്മയുടെ ആരോഗ്യത്തെ അണുബാധ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. തലകറക്കം, വീഴ്ച, തലച്ചോറിന് ക്ഷതം എന്നിവയ്ക്കും ഇത് കാരണമായി. എമ്മക്ക് ബോധം തിരിച്ചുകിട്ടിയാൽ തലച്ചോറിലെ സമ്മർദ്ദം അല്ലെങ്കിൽ ശസ്ത്രക്രിയ എന്നിവ ദീർഘകാലത്തേക്ക് എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും എന്ന് പറയാൻ സാധിക്കില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
എങ്ങനെ സുരക്ഷിതരാകാം?
ആരോഗ്യ വിദഗ്ധർ, കൊതുകുകടിയിൽ നിന്ന് സുരക്ഷിതരാകാൻ ചില മുൻകരുതലുകൾ നിർദ്ദേശിക്കുന്നു:
കൊതുകു വലകൾ ഉപയോഗിക്കുക: ഉറങ്ങുമ്പോൾ കൊതുകു വലകൾ ഉപയോഗിക്കുന്നത് ഫലപ്രദമാണ്.
കൊതുകു നാശിനികൾ: ശരീരത്തിൽ കൊതുകു നാശിനി ക്രീമുകൾ പുരട്ടുക.
പൂർണ്ണ വസ്ത്രങ്ങൾ: കൈകാലുകൾ മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുക.
വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക: കൊതുകുകൾ വളരുന്നത് തടയാൻ, വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കുക.












Click it and Unblock the Notifications