മഴക്കാലം വന്നതോടെ കൊതുകുശല്യവും കൂടിയോ? കൊതുകുകളെ ഓടിക്കാൻ 5 എളുപ്പവഴികൾ
മഴക്കാലം വന്നതോടെ കൊതുകുശല്യം പലയിടത്തും സഹിക്കാനാകാത്ത സ്ഥിതിയാണ്. പ്രത്യേകിച്ച് രാത്രി ആയിക്കഴിഞ്ഞാൽ കൊതുകുകൾ പടയായി വീടിനകത്തേക്ക് എത്തും. മഴയുടെ ഒപ്പം പവർ കട്ട് കൂടി ഉണ്ടെങ്കിൽ പിന്നെ പറയേണ്ട. ചൂടും കൊതുകുശല്യവും കൂടിയാകുമ്പോൾ പിന്നെ പറയേണ്ടല്ലോ..
കൊതുകുകൾ വരുമ്പോൾ അവ ഡെങ്കിപ്പനി, മലേറിയ, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങളെയും കൂടെക്കൊണ്ടുവരാറുണ്ട്.കൊതുകുതിരികളും മറ്റ് വഴികളും ഉണ്ടെങ്കിലും ആരോഗ്യത്തിന് ദോഷം ചെയ്യാതെ കൊതുകുകളെ നിങ്ങളുടെ വീട്ടിലുളള ചില സാധനങ്ങൾ ഉപയോഗിച്ച് തന്നെ തുരത്തി ഓടിക്കാവുന്നതാണ്. അതിനുളള ചില പ്രകൃതിദത്ത വഴികൾ ഇതാ..
കർപ്പൂരം ഏറെക്കുറെ എല്ലാ വീടുകളിലും ഉളള ഒരു സാധനമാണ്. കർപ്പൂരം കത്തിച്ച് വെച്ചാൽ കൊതുകുകളെ ഓടിക്കാവുന്നതാണ്. വീട്ടിലെ വാതിലുകളും ജനലുകളും അടച്ച ശേഷം ഒരു പത്ത്- പതിനഞ്ച് മിനിറ്റ് നേര കർപ്പൂരം കത്തിച്ചു വെക്കുക. അതിനുശേഷം കതകും ജനലുകളുമെല്ലാം തുറന്നിട്ടാൽ അകത്തുളള കൊതുകുകൾ എല്ലാം പുറത്തേക്കോടും.

വെളുത്തുള്ളിയും കൊതുകിനെ തുരത്താൻ നമ്മളെ സഹായിക്കും. വെളുത്തുളളിയിലുളള മണം കൊതുകിന് അത്ര ഇഷ്ടമല്ല. വെളുത്തുളളി വെള്ളത്തിലിട്ട് തിളപ്പിച്ച് തണുത്ത ശേഷം അതൊരു കുപ്പിയിലാക്കി സ്പ്രേ പോലെ ഉപയോഗിക്കാവുന്നതാണ്. സാധാരണ കൊതുകുകൾ ഒളിച്ചിരിക്കാൻ സാധ്യതയുളള മൂലകളിലൊക്കെ ഈ സ്പ്രേ തളിക്കാം.
ചെറുനാരങ്ങയും ഗ്രാമ്പൂവും കൊതുകുകളെ ഓടിക്കാനുളള മറ്റൊരു വഴിയാണ്. ഒരു ചെറുനാരങ്ങ രണ്ടായി മുറിച്ച് അതിന്റെ ഉൾഭാഗത്തേക്ക് കുറച്ചു ഗ്രാമ്പൂ കുത്തിവെക്കുക. ഗ്രാമ്പുവിലുളള യൂജിനോൾ എന്ന ഘടകം കാരണം കൊതുകിന് മനുഷ്യന്റെ മണം തിരിച്ചറിയാൻ സാധിക്കില്ല.
വേപ്പെണ്ണ, യൂക്കാലിപ്റ്റസ് പോലുളള സുഗന്ധ തൈലങ്ങളും കൊതുകുകളെ അകറ്റാൻ നമ്മെ സഹായിക്കും. ഇത്തരം സുഗന്ധ തൈലങ്ങൾ ഏതാനും തുളളി എടുത്ത് വെളളത്തിൽ കലക്കി സ്പ്രേ ബോട്ടിലിലാക്കി വീടിന്റെ ഉള്ളിൽ അടിക്കാം. അതല്ലെങ്കിൽ വേപ്പെണ്ണ വെളിച്ചെണ്ണയിൽ കലർത്തി ദേഹത്ത് പുരട്ടുകയും ചെയ്യാം.
ചെണ്ടുമല്ലി, ലെമൺ ഗ്രാസ്, തുളസി, റോസ്മേരി പോലുളള ചെടികൾ നിങ്ങളുടെ പൂന്തോട്ടത്തിലോ ബാൽക്കണിയിലോ വളർത്തുന്നതും കൊതുകുകളെ അകറ്റാനുളള ഒരു വഴിയാണ്. മാത്രമല്ല വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുന്നത് തടയുകയും ചെയ്യുന്നതിലൂടെയും കൊതുകുശല്യം കുറയ്ക്കാൻ സാധിക്കുന്നതാണ്.














Click it and Unblock the Notifications