8.0 തീവ്രതയുള്ള ഭൂകമ്പത്തെ ചെറുക്കുന്ന ആന്റിലിയ; അംബാനി കുടുംബം താമസിക്കുന്നത് 27-ാം നിലയില്‍: കാരണമിതാണ്
മുംബൈ: ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യവസായി മുകേഷ് അംബാനി താമസിക്കുന്ന മുംബൈയിലെ വസതിയുടെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരാത്തതാണ്. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ആഡംബര വസതികളില്‍ ഒന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടറായ മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്ന ആന്റിലിയ. ഒരു കൊട്ടാരത്തിന് തുല്യമായ സൗകര്യങ്ങളും വിസ്മയക്കാഴ്ച്ചകളുമാണ് ഇവിടെയുള്ളത്. ലോകപ്രശസ്തരായ നിരവധി അതിഥികള്‍ക്കാണ് ഈ വസതി ആതിഥേയത്വം വഹിച്ചിട്ടുള്ളത്.
27 നിലകളിലായി നാലു ലക്ഷം ചതുരശ്ര അടിയിലാണ് ഈ സ്വപ്‌നസൗധം ഒരുക്കിയിരിക്കുന്നത്. ദക്ഷിണ മുംബൈയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വസതിയുടെ ഇപ്പോഴത്തെ വിപണിമൂല്യം 15000 കോടിയിലേറെ വരും. നിര്‍മാണം പൂര്‍ത്തിയാക്കിയിട്ട് 15 വര്‍ഷമായെങ്കിലും ആന്റിലിയയുടെ ആഡംബരവും പ്രതാപവും ഇപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. 568 അടിയാണ് കെട്ടിടത്തിന്റെ ഉയരം.

ആന്റിലിയയ്ക്കുള്ളിലെ ആഡംബര സൗകര്യങ്ങള്‍ ആരെയും അമ്പരിപ്പിക്കുന്നതാണ്. 168 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന ഗാരേജ്, മൂന്ന് ഹെലിപാഡുകള്‍, വിരുന്നുകള്‍ നടത്താനുള്ള ബോള്‍റൂം, ഒമ്പത് ഹൈ-സ്പീഡ് ലിഫ്റ്റുകള്‍, ആത്യാധുനിക സിനിമാ തിയറ്റര്‍, ടെറസ് ഗാര്‍ഡനുകള്‍, നീന്തല്‍ക്കുളങ്ങള്‍, സ്പാ, ഹെല്‍ത്ത് സെന്റര്‍, ചെറിയ ക്ഷേത്രം എന്നിവ ആന്റിലിയയിലെ സൗകര്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതുകൂടാതെ ചുവരുകളില്‍ നിന്ന് മഞ്ഞുകണങ്ങള്‍ പുറത്തേക്കു വിടുന്ന തരത്തില്‍ സ്‌നോ റൂം പോലുമുണ്ട്. നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എല്ലാ മുറികളിലും വൈദ്യുതി സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.
എന്നാല്‍ ഇത്രയും നിലകളുണ്ടെങ്കിലും ഏറ്റവും മുകളിലത്തെ നിലയിലാണ് അംബാനിയും കുടുംബവും താമസിക്കുന്നത്. മകനും കൊച്ചുമക്കളുമൊക്കെയായി എല്ലാവരും 27-ാം നിലയിലാണ് താമസിക്കുന്നത്. ഇതിന് പ്രത്യേക കാരണവുമുണ്ട്. ഈ തീരുമാനത്തിനു പിന്നില്‍ കുടുംബനാഥയായ നിത അംബാനിയാണ്.
മൂത്ത മകന്‍ ആകാശ് അംബാനിക്കും ഭാര്യ ശ്ലോക മേത്തയ്ക്കും കൊച്ചുമക്കള്‍ക്കുമൊപ്പമാണ് മുകേഷ് അംബാനിയും നിത അംബാനിയും 27-ാമത്തെ നിലയില്‍ താമസിക്കുന്നത്. പല ഘടകങ്ങള്‍ പരിഗണിച്ചാണ് മുകളിലത്തെ നില നിത അംബാനി പ്രത്യേകമായി തിരഞ്ഞെടുത്തത്. ഇവിടെ എല്ലാ മുറികളിലും ധാരാളം വായുസഞ്ചാരമുണ്ട്. സൂര്യപ്രകാശവും ധാരാളം ലഭിക്കുന്നു. അംബാനി കുടുംബം താമസിക്കുന്ന 27-ാം നിലയിലേക്ക് അടുത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ പ്രവേശനമുള്ളൂ.

മറ്റു നിലകളെ അപേക്ഷിച്ച് ഏറ്റവും അത്യാധുനികവും ആഡംബരപൂര്‍ണവുമായ സൗകര്യങ്ങളാണ് 27-ാം നിലയില്‍ ഒരുക്കിയിട്ടുള്ളത്. സ്വകാര്യതയും സുരക്ഷയും പരമാവധി ഉറപ്പാക്കിയാണ്് ഇവിടത്തെ ഓരോ ക്രമീകരണവും. റിക്ടര്‍ സ്‌കെയിലില്‍ 8.0 തീവ്രതയുള്ള ഭൂകമ്പത്തെ അതിജീവിക്കാന്‍ വീടിന് കഴിയും.
ചിക്കാഗോ ആസ്ഥാനമായുള്ള യുഎസ് ആര്‍ക്കിടെക്ചര്‍ സ്ഥാപനങ്ങളായ പെര്‍കിന്‍സ് & വില്‍, ലോസ് ഏഞ്ചല്‍സിലെ ഹിര്‍ഷ് ബെഡ്നര്‍ അസോസിയേറ്റ്സ് എന്നിവരുടെ നേതൃത്വത്തിലാണ് ആന്റിലിയ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. രണ്ട് വര്‍ഷ കൊണ്ടാണ് കെട്ടിടം നിര്‍മ്മിച്ചത്.












Click it and Unblock the Notifications