മേക്കപ്പിലെ ചില സ്ഥിരം അബദ്ധങ്ങള്‍; നോ മേക്കപ്പ് ലുക്ക് തോന്നിക്കാന്‍ ചെയ്യേണ്ടത്
മേക്കപ്പ് ഇടുകയും വേണം, എന്നാല്‍ മേക്കപ്പ് ഇട്ടതായും തോന്നരുത്. പുതിയ കാലത്ത് പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത് നോ മേക്കപ്പ് ലുക്കാണ്. മുഖം പ്രകൃതിദത്തമായി തോന്നണം, എന്നാല്‍ മുഖക്കുരുവും പാടുകളും ഒന്നും കാണാനും പാടില്ല. പക്ഷേ നോ മേക്കപ്പ് ലുക്കിനു വേണ്ടി ശ്രമിക്കുമ്പോഴും മേക്കപ്പ് പലപ്പോഴും ഓവറായി കട്ടപിടിച്ച് വികൃതമാകാറുണ്ട്. വെയിലും പൊടിയും ഏല്‍ക്കുമ്പോള്‍ മുഖത്തെ വരകളും പാടുകളും സുഷിരങ്ങളും എളുപ്പം തിരിച്ചറിയുകയും ചെയ്യും. അതിനാല്‍ മേക്കപ്പിലെ ചില സ്ഥിരം അബദ്ധങ്ങളും ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചില ടിപ്‌സുകളുമാണ് ഇവിടെ പറയുന്നത്.
മേക്കപ്പിന് മുമ്പ് ചര്‍മ്മം നന്നായി ഒരുക്കണം. വരണ്ട ചര്‍മം ആണെങ്കില്‍ മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ കട്ട പിടിക്കാന്‍ സാധ്യതയുണ്ട്. എണ്ണമയമുള്ള ചര്‍മ്മത്തില്‍ ഫൗണ്ടേഷന്‍ ഇളകാം. മുഖം വൃത്തിയാക്കിയ ശേഷം നേര്‍ത്ത മോയിസ്ചറൈസര്‍ പുരട്ടുക. ഏതാനും മിനിറ്റുകള്‍ കാത്തിരുന്ന ശേഷം, ആവശ്യമുള്ളിടത്ത് മാത്രം നേരിയ തോതില്‍ പ്രൈമര്‍ ഉപയോഗിക്കുക.

വെയിലുള്ള സമയത്ത് അമിതമായി ഫൗണ്ടേഷന്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ വിള്ളലുകള്‍ക്ക് കാരണമാകും. ഫൗണ്ടേഷന്‍ കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ മുഖത്തിന് കൃത്രിമത്വം തോന്നും. അതിനാല്‍, മീഡിയം കവറേജ് തിരഞ്ഞെടുക്കുക. കുറഞ്ഞ അളവില്‍ തുടങ്ങി, കവറേജ് ആവശ്യമുള്ള ഭാഗങ്ങളില്‍ മാത്രം ഫൗണ്ടേഷന്‍ പുരട്ടുക.
മേക്കപ്പ് ഉല്‍പന്നങ്ങള്‍ ചര്‍മത്തില്‍ ബ്ലെന്‍ഡ് ചെയ്യാന്‍ അമര്‍ത്തി തിരുമ്മുന്നതും ദോഷം ചെയ്യും. ബ്രഷുകള്‍ ഉരയ്ക്കുന്നത് മേക്കപ്പില്‍ വരകളുണ്ടാക്കാം. വിരലുകളിലെ എണ്ണമയവും മേക്കപ്പിനെ നശിപ്പിക്കും. സ്വാഭാവിക മേക്കപ്പിനായി നനഞ്ഞ മേക്കപ്പ് സ്‌പോഞ്ച് ഉപയോഗിക്കുക. മുടിയുടെ അരികുകളിലേക്കും താടിയെല്ലിലേക്കും കഴുത്തിലേക്കും മേക്കപ്പ് ബ്ലെന്‍ഡ് ചെയ്യുക.
അമിതമായി പൗഡര്‍ ഉപയോഗിക്കുന്നത് മുഖത്തെ രോമങ്ങളെ എടുത്തു കാണിക്കും. ഈര്‍പ്പമുള്ള ഇന്ത്യന്‍ കാലാവസ്ഥയില്‍ പൗഡര്‍ ശ്രദ്ധയോടെ ഉപയോഗിക്കുക. ചെറിയ മൃദലമായ ബ്രഷ് ഉപയോഗിച്ച് കണ്ണിനു താഴെയും ചുണ്ടിനു ചുറ്റും പൗഡര്‍ ചെയ്യുക.
തെറ്റായ ക്രമത്തില്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് മേക്കപ്പ് ഇളകിപ്പോകാന്‍ കാരണമാകും. പൗഡറിന് മുകളില്‍ നനവുള്ള മോയിസ്ചറൈസര്‍ പുരട്ടിയാല്‍ ലെയറുകള്‍ വേര്‍പെടാം. ആദ്യം ലിക്വിഡ് അല്ലെങ്കില്‍ ക്രീം ഉല്‍പ്പന്നങ്ങള്‍ തേക്കുക. അതിനു ശേഷം ആവശ്യമുള്ളിടത്ത് നേര്‍ത്ത കണ്‍സീലര്‍ മാത്രം. അവസാനം, പൗഡര്‍ കൊണ്ട് സെറ്റ് ചെയ്യുക.
കണ്ണിനു താഴെ അസ്വാഭാവികമായി തോന്നുന്നത് കൂടുതല്‍ പൗഡര്‍ ചെയ്തതു കൊണ്ടാണ്; കുറഞ്ഞ അളവ് ലൂസ് പൗഡര്‍ ഉപയോഗിച്ചാല്‍ മതി. താടിയെല്ലില്‍ മാസ്‌ക് പോലെ കാണപ്പെടുന്നത് മോശം ബ്ലെന്‍ഡിങ് മൂലമാണ്. ഇത് കഴുത്തിലേക്ക് മൃദുലമായി ബ്ലെന്‍ഡ് ചെയ്താല്‍ ഒഴിവാക്കാം. മുഖത്തെ അധിക എണ്ണമയം ടിഷ്യൂ കൊണ്ട് ഒപ്പിയെടുത്ത്, നേരിയ പൗഡര്‍ ഉപയോഗിച്ച് ടച്ച് അപ്പ് ചെയ്യാം.
ചൂടും ഈര്‍പ്പവും ചര്‍മ്മത്തില്‍ മേക്കപ്പിനെ ബാധിക്കും. വെയിലത്ത് വേഗത്തില്‍ ഉരുകി ഒലിച്ച് പോകാം. പുറപ്പെടുന്നതിന് മുന്‍പ്, ജനലിനടുത്ത് സ്വാഭാവിക വെളിച്ചത്തില്‍ മേക്കപ്പ് പരിശോധിക്കുക. മൂക്ക്, താടി, കണ്ണിനു താഴെ എന്നിവിടങ്ങളില്‍ സൂക്ഷിച്ചു നോക്കണം. മേക്കപ്പ് കട്ടിയായതായി തോന്നിയാല്‍, അവിടെ നനഞ്ഞ സ്‌പോഞ്ച് കൊണ്ട് മൃദലമായി അമര്‍ത്തുക. അധികമുള്ള ഉല്‍പ്പന്നം വൃത്തിയുള്ള ടിഷ്യൂ ഉപയോഗിച്ച് ഒപ്പിയെടുത്ത ശേഷം മാത്രം പുറത്തിറങ്ങുക.












Click it and Unblock the Notifications