പറക്കുന്ന പാറ്റകളെ പേടിയാണോ? കെമിക്കല്‍ സ്‌പ്രേ അടിക്കാതെ തന്നെ ഇവയെ ഒഴിവാക്കാം
അധികം വലിപ്പമില്ലെങ്കിലും അടുക്കളയിലെ വില്ലനാണ് പാറ്റകള്‍. ഭക്ഷണം എങ്ങാനും തുറന്നുവച്ചാല്‍ പറന്നുവന്ന് അതില്‍ ഇരുന്ന് ഭക്ഷണം മലിനമാക്കും. ഈ വില്ലനെ ഒഴിവാക്കാന്‍ പലരും കെമിക്കല്‍ സ്‌പ്രേകളാണ് ഉപയോഗിക്കുന്നത്. ഇതുപക്ഷേ ശരീരത്തിന് അത്ര നല്ലതല്ല. എന്നാല്‍ വീടുകളിലെ പാറ്റകളെ തുരത്താന്‍ പ്രകൃതിദത്തമായ പരിഹാരങ്ങളുണ്ട്. പാറ്റാ ശല്യത്തിന് അടുക്കളയിലെ സാധനങ്ങള്‍ തന്നെ മതിയാകും. കുട്ടികള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ദോഷവും ഉണ്ടാകില്ല.
ഉണങ്ങിയ വേപ്പില കത്തിക്കുന്നത് പാറ്റകള്‍ ഉള്‍പ്പെടെയുള്ള പ്രാണികളെ അകറ്റാന്‍ സഹായിക്കും. ഫ്രഷ് വേപ്പില ചതച്ച് കിച്ചണ്‍ ഡ്രെയിനുകള്‍ക്ക് സമീപം വിതറിയിടാം. വേപ്പെണ്ണ വെള്ളത്തില്‍ കലര്‍ത്തി കിച്ചണ്‍ പ്രതലങ്ങളില്‍ തളിക്കാനും ഉപയോഗിക്കാം. പല സംസ്ഥാനങ്ങളിലും കറുത്ത കര്‍പ്പൂരം പാറ്റകളെ അകറ്റാന്‍ ഉപയോഗിക്കാറുണ്ട്. ജനലിനരികിലും സിങ്കിന്റെ അടുത്തും കര്‍പ്പൂരക്കഷണങ്ങള്‍ വിതറിയിടാം. ഇത് വെള്ളത്തില്‍ അലിയിച്ച് ഇടയ്ക്കിടെ തറ തുടയ്ക്കാം. ഇതിന്റെ രൂക്ഷഗന്ധം പാറ്റകള്‍ക്ക് ഇഷ്ടമല്ല.

പാറ്റ ശല്യത്തിന് അടുക്കളയിലെ വയനയിലയും ഫലപ്രദമാണ്. ഉണങ്ങിയ വയനയില പൊടിച്ച് അടുക്കളയുടെ അരികുകളിലും അലമാരകളിലും വിതറാം. ഗ്യാസ് സ്റ്റൗവിന്റെ പിന്നിലും സിങ്കിന്റെ അടിയിലും വയനയില വിതറിയിട്ടാല്‍ ഇതിന്റെ നേരിയ മണം ഒളിച്ചിരിക്കുന്ന പ്രാണികളെ അകറ്റാന്‍ സഹായിക്കും. ഓരോ ആഴ്ച കൂടുമ്പോഴും ഇലകള്‍ മാറ്റാം.
എസന്‍ഷ്യല്‍ ഓയിലുകളും പാറ്റ ശല്യത്തിന് ഫലപ്രദമാണ്. പെപ്പര്‍മിന്റ്, യൂക്കാലിപ്റ്റസ്, ടീ ട്രീ ഓയിലുകളാണ് ഇതിന് ഉപയോഗിക്കുന്നത്. ഏതാനും തുള്ളി എണ്ണയും സോപ്പുമായി ചേര്‍ത്ത് ഭിത്തികളിലും പ്രവേശന കവാടങ്ങളിലും തളിക്കാം. ഡ്രെയിനുകള്‍ക്കരികില്‍ എസന്‍ഷ്യല്‍ ഓയിലില്‍ മുക്കിയ പഞ്ഞി വെക്കാം.
ചില വീടുകളില്‍ വെളുത്തുള്ളിയും ഉള്ളിയും ചേര്‍ത്ത സ്‌പ്രേ ഉപയോഗിക്കാറുണ്ട്. വെളുത്തുള്ളി അല്ലികളും ഉള്ളി കഷ്ണങ്ങളും വെള്ളത്തില്‍ അരച്ച്, അരിച്ച ശേഷം ഈ മിശ്രിതം ഇരുണ്ട മൂലകളില്‍ തളിക്കുക. പാറ്റകളെ തുരത്തുന്ന രൂക്ഷമായ ഗന്ധമാണിത്. ഭക്ഷണസാധനങ്ങള്‍ക്ക് അടുത്ത തളിക്കുന്നത് ഒഴിവാക്കണം.
നാരങ്ങയും വിനാഗിരിയും പാറ്റ ശല്യത്തിന് ലളിതമായ പരിഹാരങ്ങളാണ്. നാരങ്ങാനീര് വെള്ളത്തില്‍ കലര്‍ത്തി തറ തുടയ്ക്കാം. മാലിന്യം ഇടുന്ന ബക്കറ്റിന് ചുറ്റും കുളിമുറിയിലെ ഡ്രെയിനുകളിലും വെളുത്ത വിനാഗിരി സ്‌പ്രേ ചെയ്യാറുണ്ട്. ഈ ഗന്ധങ്ങള്‍ കുറച്ചുകാലത്തേക്ക് പ്രാണികളെ അകറ്റാന്‍ സഹായിക്കും. ഡിഷ് സോപ്പ് വെള്ളത്തില്‍ കലര്‍ത്തി സ്‌പ്രേ ബോട്ടിലില്‍ നിറച്ച് പാറ്റകളുടെ ശരീരത്തില്‍ തളിക്കുമ്പോള്‍ അവയുടെ ചലനം തടസപ്പെടുന്നു. ഈ വീട്ടുപരിഹാരങ്ങള്‍ പെട്ടെന്നുണ്ടാകുന്ന പാറ്റശല്യം നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. പതിവായ ശുചീകരണവും വരണ്ട പ്രതലങ്ങളും പാറ്റകളെ അകറ്റാന്‍ അനിവാര്യമാണ്.












Click it and Unblock the Notifications