നയന്‍താരയ്ക്ക് ഇന്ന് 41-ാം പിറന്നാള്‍; സൗന്ദര്യ രഹസ്യം വിലകൂടിയ വിദേശ ക്രീമുകളല്ല; നാട്ടിലെ ഈ പാരമ്പര്യം
ദക്ഷിണേന്ത്യന്‍ സിനിമകളിലൂടെ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടിയായി വളര്‍ന്ന നയന്‍താരയുടെ 41-ാം പിറന്നാളാണ് ഇന്ന്. സൗന്ദര്യം കൊണ്ടും അഭിനയശേഷി കൊണ്ടും അസൂയാവഹമായ വളര്‍ച്ചയാണ് നയന്‍താര നേടിയത്. പല സൂപ്പര്‍ നായകന്മാരേക്കാള്‍ പ്രതിഫലം പറ്റുന്ന നടിയാണവര്‍. 2003 ല്‍ സിനിമാ ജീവിതം തുടങ്ങിയ നയന്‍താരയുടെ ആസ്തി 223 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളത്.
ഗോഡ് ഫാദര്‍ ഇല്ലാതെ സിനിമയിലെത്തിയ നയന്‍താര കഠിനാധ്വാനത്തിലൂടെയാണ് ഇത്രയും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. 41 വയസിലും ഫിറ്റ്‌നസ് സൂക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധയാണ് നയന്‍താര പുലര്‍ത്തുന്നത്. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവുമാണ് നയന്‍താരയുടെ സൗന്ദര്യ രഹസ്യം. സ്വന്തമായി കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങളുടെ ബിസിനസും നയന്‍താരയ്ക്കുണ്ട്.
നയന്‍താരയുടെ സ്‌കിന്‍ ടോണിനും മനോഹരമായ ചിരിക്കും ആരാധകര്‍ ഏറെയാണ്. 41 വയസിലും അധികം ചര്‍മ്മ പ്രശ്‌നങ്ങള്‍ താരത്തിന് നേരിട്ടിട്ടില്ല. പ്രായം കൂടുന്നതിന് അനുസരിച്ച് സൗന്ദര്യം കൂടുന്നതിന് പിന്നില്‍ ഡയറ്റില്‍ പുലര്‍ത്തുന്ന നിഷ്‌കര്‍ഷയാണ്.

കൃത്രിമമായ കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് നേടിയ സൗന്ദര്യമല്ല നയന്‍താരയുടേത്. അതിനു കാരണം ദക്ഷിണേന്ത്യന്‍ ഭക്ഷണ പാരമ്പര്യമാണെന്ന് നയന്‍താര അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. മുടിയും ചര്‍മ്മവും പരിപോഷിപ്പിക്കാന്‍ ഏറ്റവും നല്ലത് പ്രാദേശികമായ ഭക്ഷണമാണെന്നാണ് നയന്‍താര പറയുന്നത്.
പലരും വിദേശത്തു നിന്നുള്ള ഹെല്‍ത്തി ഫുഡിനെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ നാട്ടില്‍ തന്നെ കിട്ടുന്ന സീസണല്‍ ആയിട്ടുള്ള, പ്രാദേശികമായ ഭക്ഷണമാണ് ആരോഗ്യത്തിനും ചര്‍മ്മത്തിനും മുടിക്കും ഏറ്റവും നല്ലത്. അതുപോലെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന്റെ അനിവാര്യതയെകുറിച്ചും നയന്‍താര പറഞ്ഞു. ശരീരം എപ്പോഴും ജലാംശം ഉള്ളതാക്കി നിലനിര്‍ത്തുക. ഇത് സാര്‍വത്രികമായ ഒരു കാര്യമാണ്.
ജലാംശം ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുകയും വരള്‍ച്ച കുറയ്ക്കുകയും ചെയ്യുന്നു. വെള്ളം കുടിക്കുന്നത് മാത്രമല്ല ജലാംശം കൊണ്ട് അര്‍ത്ഥമാക്കുന്നത്. കരിക്കിന്‍ വെള്ളം, വെള്ളരി, തക്കാളി, തണ്ണിമത്തന്‍, ഇലക്കറികള്‍ തുടങ്ങിയ ജലാംശമുള്ള ഭക്ഷണങ്ങളും ചര്‍മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
പ്രാദേശികമായ കാലാവസ്ഥയില്‍ വളരുന്ന ഇലകളും പച്ചക്കറികളും പഴങ്ങളും ആണ് ശരീരത്തിന് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. തേങ്ങ, ഇലക്കറികള്‍, എള്ള്, വെണ്ണ, വാഴപ്പഴം, മില്ലറ്റുകള്‍, വെളിച്ചെണ്ണ ഉള്‍പ്പെടെ പരമ്പരാഗതമായി ഉപയോഗിക്കുന്ന എണ്ണകള്‍ എന്നിവ ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് നല്ലതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പരമ്പരാഗത ദക്ഷിണേന്ത്യന്‍ ചേരുവകളില്‍ ആരോഗ്യകരമായ വിറ്റാമിനുകള്‍, കൊഴുപ്പുകള്‍, ധാതുക്കള്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ എന്നിവയുണ്ട്.
പുതിയ ഭക്ഷണ ശീലത്തിനു പിന്നാലെ സഞ്ചരിക്കുന്നതിന് പകരം പ്രാദേശികമായ ഭക്ഷണ ശീലവുമായിട്ടാണ് ശരീരം ഏറ്റവും കൂടുതല്‍ പൊരുത്തപ്പെട്ടിട്ടുള്ളത്. ചര്‍മ്മത്തിന്റെ പ്രതിരോധശേഷി, കുടലിന്റെ ആരോഗ്യം, മുടിയുടെ ആരോഗ്യം എന്നിവ വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലത് പ്രാദേശികമായ ഭക്ഷണമാണ്.












Click it and Unblock the Notifications