നയൻതാരയുടെ ഫിറ്റ്നസ് സീക്രട്ട് ഇതാ, നിങ്ങൾ കരുതുന്നത് പോലയല്ല; തുറന്ന് പറഞ്ഞ് താരം
മുൻപ് മേക്ക് ഓവർ കൊണ്ട് ഞെട്ടിച്ച താരമാണ് നയൻതാര. പ്രായം കൂടുന്തോറും സൗന്ദര്യവും ആകാരവടിവും കൊണ്ട് ആരാധകരെ താരം ഇപ്പോഴും അമ്പരപ്പിക്കുകയാണ്. ഫിറ്റ്നസിന്റെ കാര്യത്തിൽ താൻ കൃത്യത പുലർത്താറുണ്ടെന്ന് മുൻപ് താരം തുറന്ന് പറഞ്ഞിട്ടുണ്ട്. ജിമ്മിൽ കഷ്ടപ്പെട്ട് വർക്ക് ഔട്ട് ചെയ്തും കടുത്ത ഭക്ഷണനിയന്ത്രണത്തിലൂടെയുമൊക്കെയാകും ഇപ്പോഴും ഇരുപതുകളുടെ ചെറുപ്പവും പ്രസരിപ്പും ആകാരഭംഗിയും കാത്തുസൂക്ഷിക്കാൻ താരത്തിന് കഴിയുന്നതെന്നാണ് ആരാധകരുടെ പൊതുവെ ഉള്ള ഒരുവിലയിരുത്തൽ. എന്നാൽ അതെല്ലാം തളളുകയാണ് നയൻതാര. ഇപ്പോഴിതാ തന്റെ ഡയറ്റ് അവർ തന്നെ പങ്കുവെച്ചെത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ താരം പങ്കിട്ട കുറിപ്പ് വായിക്കാം
'ഇപ്പോൾ ഞാൻ ഇത് പങ്കുവെയ്ക്കുന്നത് സ്നേഹവും അറിവും പങ്കിടാന്‍ ഇപ്പോഴും നല്ല സമയമാണെന്ന് കരുതുന്നതിനാലാണ്. എനിക്ക് ഇതിൽ നിന്ന് പ്രയോജനം ലഭിച്ചിട്ടുണ്ടെങ്കിൽ മറ്റുള്ളവർക്കും പ്രയോജനം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതത്തിന് ഒരു നല്ല ഭക്ഷണക്രമം അത്യന്താപേക്ഷിതമാണ്, പ്രത്യേകിച്ച് എല്ലാ വേഷങ്ങളിലും ഏറ്റവും നന്നായി തന്നെ പ്രസന്റ് ചെയ്യാൻ ആഗ്രഹിക്കുന്ന എന്നെ പോലൊരു താരത്തെ സംബന്ധിച്ച്.

എന്നെ സംബന്ധിച്ചിടത്തോളം, സന്തുലിതമായ ഭക്ഷണം, സ്ഥിരത, ശരീരത്തിന്റെ ആവശ്യം എന്നിവയാണ് അഴകളവുകളോടെ ശരീരം നിലനിർത്താൻ ആവശ്യമായ ഘടകങ്ങൾ. 'ഡയറ്റ്' എന്നാൽ എന്നെത്തന്നെ നിയന്ത്രിക്കുകയും എനിക്ക് ഇഷ്ടപ്പെടാത്തവ കഴിക്കുകയും ചെയ്യുന്ന ഒന്നാണെന്നാണ് ഞാൻ കരുതിയിരുന്നത്. ഇപ്പോൾ, എനിക്കറിയാം കാലറി എത്രയെന്ന് കണക്ക് കൂട്ടലല്ല മറിച്ച് പോഷകപ്രദമായ വൈവിധ്യമായ ഭക്ഷണങ്ങൾ ശരിയായ അളവിൽ ശരീരത്തിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയെന്നതാണ് പ്രധാനം.. ഇതൊരു ജീവിതശൈലിയാണ്, താൽക്കാലിക പരിഹാരമല്ല
ഇപ്പോൾ വീട്ടില്‍ ഉണ്ടാക്കുന്ന രുചികരവും പോഷകപ്രദവുമായ ഭക്ഷണം ഞാൻ ഏറെ ആസ്വദിക്കുന്നു. ഞാൻ സന്തോഷത്തോടെയും കുറ്റബോധമില്ലാതെയും കഴിക്കുന്നു, ജങ്ക് ഫുഡിനോട് യാതൊരു ആർത്തിയുമില്ലെനിക്ക്. ഇത് ഞാൻ ഭക്ഷണത്തെ നോക്കിക്കാണുന്ന രീതി തന്നെ മാറ്റി, ഞാൻ കൂടുതൽ ഊർജത്തോടെയും സന്തോഷവതിയായും ഇപ്പോൾ ഇരിക്കുന്നു.
നമ്മൾ കഴിക്കുന്നത് നമ്മുടെ മൊത്തത്തിലുള്ള ക്ഷേമത്തെ സാരമായി ബാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എൻ്റെ യാത്ര പങ്കിടുന്നതിലൂടെ, ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കാനും അതുവഴി നിങ്ങളെ സഹായിക്കാനും സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, വരും ആഴ്‌ചകളിൽ എൻ്റെ തിരക്കേറിയ ദിവസങ്ങളിൽ ഞാൻ കഴിക്കുന്ന കാര്യങ്ങൾ നിങ്ങളുമായി പങ്കിടും. നന്നായി ഭക്ഷണം കഴിക്കുന്നതിലൂടെയും ഭക്ഷണവുമായി നല്ല ബന്ധം നിലനിർത്തുന്നതിലൂടെയും ലഭിക്കുന്ന സന്തോഷത്തിലും പോഷണത്തിലും നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം. നിങ്ങൾ പ്ലേറ്റിൽ വെക്കുന്നത് എന്താണോ അതാണ് നിങ്ങൾ ജീവിതത്തിനും നൽകുന്നത്. ആരോഗ്യത്തോടെയും സന്തോഷത്തോടെയും നിലനിൽക്കുക', താരം കുറിച്ചു.












Click it and Unblock the Notifications