ഈ സാധനങ്ങൾ ഒരിക്കലും ഗ്യാസ് സ്റ്റൗവിന് അടുത്ത് വെക്കരുത്, അപകടം തേടിയെത്തും
ഭക്ഷണം ഉണ്ടാക്കുമ്പോൾ നമുക്ക് അതിന് ആവശ്യമുളള എല്ലാ സാധനങ്ങളും കയ്യെത്തുന്ന അകലത്ത് വേണം. അതുകൊണ്ട് തന്നെ ഭക്ഷണമുണ്ടാക്കുമ്പോൾ ഗ്യാസ് സ്റ്റൗവിന് ചുറ്റും പല സാധനങ്ങളും ഉണ്ടാകും.
ഇതിലിപ്പോ എന്തിരിക്കുന്നു എന്നാണെങ്കിൽ ഉത്തരം ഇത് അപകടകരമാണ് എന്നാണ്. കാര്യം നിസ്സാരമെന്ന് തോന്നുമെങ്കിലും സ്റ്റൗവിന് സമീപത്ത് വെക്കാൻ പാടില്ലാത്ത ചില സാധനങ്ങളുണ്ട്. കാരണം ഗ്യാസ് സ്റ്റൗവിലെ തീയിൽ നിന്നോ കടുത്ത ചൂടിൽ നിന്നോ ഇത്തരം സാധനങ്ങൾ വൻ അപകടത്തിന് കാരണമായേക്കാം.
പ്ലാസ്റ്റിക് വസ്തുക്കൾ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് വെക്കരുത്. ചൂടേൽക്കുമ്പോൾ ഇവ ഉരുകാനോ എളുപ്പത്തിൽ തീപിടിക്കാനോ സാധ്യതയുണ്ട്. പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കവറുകളിലുള്ള സാധനങ്ങൾ, പ്ലാസ്റ്റിക് പാത്രങ്ങൾ എന്നിവ സ്റ്റൗവിൽ നിന്ന് ദൂരെ വെക്കണമെന്ന് ഇന്ത്യൻ ഓയിലിന്റെ എൽപിജി സുരക്ഷാ നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.

തുടയ്ക്കാനും ചൂട് പാത്രങ്ങൾ കൈ പൊള്ളാതെ എടുക്കാനുമൊക്കെ നമ്മൾ തുണികളുപയോഗിക്കാറുണ്ട്. തുണിയും ഗ്യാസ് സ്റ്റൗവിന് അടുത്ത് വെക്കാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം തുണി അബദ്ധത്തിൽ ബർണറിലേക്ക് വീഴുകയോ തീയുടെ അടുത്ത് എത്തുകയോ ചെയ്താൽ എളുപ്പത്തിൽ കത്തും.
ഭക്ഷണപ്പൊതികൾ, കാർഡ്ബോർഡ് പെട്ടികൾ, പേപ്പർ ബാഗുകൾ എന്നിവയും സ്റ്റൗവിന് സമീപത്ത് വെക്കരുത്. ഇവ എളുപ്പത്തിൽ കത്തുന്നവയാണ്. തീപ്പൊരിയോ ചൂടോ ഏൽക്കുമ്പോൾ തന്നെ ഇവ കത്താൻ സാധ്യതയുണ്ട്. അതിനാൽ പാചകത്തിന് ആവശ്യമായ സാധനങ്ങൾ മറ്റ് നല്ല പാത്രങ്ങളിലേക്ക് മാറ്റി വെക്കുന്നതാണ് സുരക്ഷിതം.
മരം കൊണ്ടുള്ള തവികളും മറ്റും പാചകത്തിന് ഉപയോഗപ്രദമാണെങ്കിലും കത്തിക്കൊണ്ടിരിക്കുന്ന സ്റ്റൗവിന് തൊട്ടടുത്ത് വെക്കുന്നത് നല്ലതല്ല. ഇവ തീയിലേക്ക് വീഴുകയോ കൂടുതൽ ചൂടേൽക്കുകയോ ചെയ്താൽ കരിയാനോ തീപിടിക്കാനോ സാധ്യതയുണ്ട്. ഇവ സ്റ്റൗവിൽ നിന്ന് സുരക്ഷിതമായ അകലത്തിൽ വെക്കുക.
അടുക്കളയിലെ ജനലിന് കർട്ടൻ ഉണ്ടെങ്കിൽ അതിന് അടുത്ത് ഗ്യാസ് സ്റ്റൗ വെക്കാതിരിക്കുക. കാറ്റ് അടിക്കുമ്പോഴോ മറ്റോ കർട്ടന് തീ പിടിക്കാൻ സാധ്യതയുണ്ട്. ലൈസോൾ, എയർ ഫ്രഷനിംഗ് സ്പ്രേകൾ, മറ്റ് ക്ലീനിംഗ് ലായനികൾ എന്നിവ സ്റ്റൗവിന് അടുത്തോ സ്റ്റൗവിന് തൊട്ടുതാഴെയോ സൂക്ഷിക്കരുത്. ഇവയിലെ രാസവസ്തുക്കൾക്ക് എളുപ്പത്തിൽ തീപിടിക്കും.



Click it and Unblock the Notifications