വര്‍ക്ക്ഔട്ട് ചെയ്തിട്ടും പേശി വളരുന്നില്ലേ? കാരണം ഈ തെറ്റുകള്‍: നിത അംബാനിയുടെ പരിശീലകന്‍ പറയുന്നത്
ശരീര ഭാരം കുറയ്ക്കാനും പേശികള്‍ വളരാനും ജിമ്മില്‍ പോയി ആയിരക്കണക്കിന് രൂപ പണം മുടക്കുന്നവരാണ് പലരും. എന്നാല്‍ എത്ര വ്യായാമം ചെയ്താലും ഉദ്ദേശിച്ച ഫലം ഉണ്ടായില്ലെന്ന് നിരാശപ്പെടുന്നവരും ഏറെയാണ്. ശരീര ഭാരം കുറയ്ക്കാന്‍ കുറുക്കുഴികള്‍ തേടുന്നതും അപകടത്തില്‍ കലാശിക്കും. എപ്പോഴും വിദഗ്ധരുടെ ഉപദേശപ്രകാരമായിരിക്കണം ശരീരഘടനയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത്.
അംബാനി കുടുംബത്തിലെ ഇളം തലമുറക്കാരന്‍ ആനന്ദ് അംബാനിയുടെ ശരീര ഭാരം കുറയ്ക്കാന്‍ സഹായിച്ച ഫിറ്റ്‌നസ് വിദഗ്ധനായ വിനോദ് ചന്നയെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. 208 കിലോഗ്രാം ഉണ്ടായിരുന്ന ആനന്ദ് അംബാനിയുടെ ഭാരം 100 കിലോയ്ക്ക് അടുത്ത് കുറച്ചതില്‍ വിനോദ് ചന്നയ്ക്ക് വലിയ പങ്കുണ്ട്. അതും ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെ.

ഫിറ്റ്‌നസ് വിദഗ്ധനായ വിനോദ് ചന്ന ആനന്ദിന്റെ മാത്രമല്ല അമ്മ നിതാ അംബാനിയുടെയും പരിശീലകനാണ്. ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെ ഇപ്പോഴും വ്യവസായ മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന നിതാ അംബാനിയുടെ ഫിറ്റ്‌നസ് വിശേഷങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടാകും. ഇപ്പോഴിതാ ശരീര ഭാരം കുറയ്ക്കാനും പേശികള്‍ വളരാനുമുള്ള പരിശ്രമത്തില്‍ വരുത്തിവയ്ക്കുന്ന അബദ്ധങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പാണ് വിനോദ് ചന്ന നല്‍കുന്നത്.
ശരീര ഭാരം കുറയ്ക്കാന്‍ വ്യായാമം മാത്രം പോരാ എന്നാണ് അദ്ദേഹം പറയുന്നത്. പതിവായി ജിമ്മില്‍ പോയി വ്യായാമം ചെയ്തിട്ടും എന്തുകൊണ്ടാണ് ശരീരഭാരം കുറയാത്തത് എന്നതിന്റെ കാരണവും അദ്ദേഹം പറയുന്നുണ്ട്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഇക്കാര്യങ്ങള്‍ വിനോദ് ചന്ന പങ്കുവെച്ചത്.
എങ്ങനെ ഫലപ്രദമായി ശരീര ഭാരം കുറയ്ക്കാമെന്നും പേശികള്‍ വര്‍ധിപ്പിക്കാം എന്നുമുള്ള രഹസ്യമാണ് അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചത്. വ്യായാമവും ശരിയായ പോഷകാഹാരവും സന്തുലിതമായി കൊണ്ടുപോകണമെന്ന് അദ്ദേഹം പറയുന്നു. എങ്കില്‍ മാത്രമേ ശരിയായ ഫലം ലഭിക്കൂ.
കൊഴുപ്പ് കുറയ്ക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യമെങ്കില്‍ സമീകൃതമായ ഒരു ഭക്ഷണശീലം കൊണ്ട് മാത്രമേ സാധിക്കൂ. മസിലുകള്‍ക്ക് വളര്‍ച്ച ലഭിക്കണമെങ്കില്‍ ശരിയായ പോഷഹാരത്തിനൊപ്പം ഒരു മികച്ച വ്യായാമ പദ്ധതിയും ആവശ്യമാണ്.
പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, നാരുകള്‍, മറ്റ് ആവശ്യ പോഷകങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണക്രമമാണ് പിന്തുടരേണ്ടത്. ഉദ്ദേശിച്ച ഫലം ഒറ്റരാത്രി കൊണ്ട് സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
വ്യായാമം തുടങ്ങി മൂന്നു നാലു മാസത്തിനുള്ളില്‍ ആദ്യ ഫലങ്ങള്‍ കാണാന്‍ തുടങ്ങിയേക്കാം. പക്ഷേ പേശീ വളര്‍ച്ച എന്നത് മന്ദഗതിയിലുള്ള ഒരു പ്രക്രിയയാണെന്നും ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നു കിലോഗ്രാം പേശി മാത്രമേ നേടാന്‍ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. മസില്‍ വളരാന്‍ കുറുക്കുഴികള്‍ തേടുന്നത് അപകടകരമാണെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications