മായമില്ല; മരുന്നില്ല; തമന്നയുടെ ശരീരഭാരം കുറച്ച പ്രഭാതഭക്ഷണം: ദക്ഷിണേന്ത്യക്കാരുടെ പ്രിയ വിഭവം
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് തമന്ന. സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായ തമന്നയുടെ ശരീര സൗന്ദര്യത്തിനും ആരാധകര്‍ ഏറെയാണ്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ അതീവ ശ്രദ്ധാലു കൂടിയാണ് ഈ താരം. സിനിമകളിലെ നൃത്ത രംഗങ്ങളിലെ അനായാസമായ പ്രകടനം തമന്നയുടെ ഫിറ്റ്‌നസിന്റെ തെളിവാണ്.
സമീപകാലത്ത് തമന്ന ശരീരഭാരം ഗണ്യമായി കുറച്ചിരുന്നു. ആരോഗ്യകരമായ ഭക്ഷണശീലവും വ്യായാമത്തിലെ കണിശതയുമാണ് ശരീരഭാരം കുറയാന്‍ കാരണം. ശരീരഭാരം കുറയുന്നതില്‍ നിര്‍ണായകമായത് പ്രഭാത ഭക്ഷണമായി കഴിച്ച ഒരു വിഭവമാണെന്ന് തമന്ന പറയുന്നു. അത് പാശ്ചാത്യ വിഭവം ഒന്നുമല്ല. ദക്ഷിണേന്ത്യക്കാരുടെ പരമ്പരാഗത വിഭവമായ പോഹയാണ്. അവല്‍ ഉപ്പുമാവ് എന്നാണ് മലയാളത്തില്‍ പറയുന്നത്.

ശരീരഭാരം കുറയ്ക്കാനുള്ള യാത്രയില്‍ ഊര്‍ജവും മനസിന് സംതൃപ്തിയും നല്‍കാന്‍ പോഹയാണ് പ്രഭാത ഭക്ഷണമായി ഉള്‍പ്പെടുത്തിയതെന്ന് തമന്ന വെളിപ്പെടുത്തുന്നു. നാരുകള്‍ അടങ്ങിയിട്ടുള്ള ഈ അരി വിഭവം കഴിക്കുമ്പോള്‍ വയറു നിറഞ്ഞതു പോലെ അനുഭവപ്പെടുകയും ദിവസം മുഴുവന്‍ ഊര്‍ജസ്വലമായിരിക്കാന്‍ സഹായിക്കുകയും ചെയ്യും. സമീകൃതവും പോഷകസമൃദ്ധവുമായ പ്രഭാത ഭക്ഷണം തിരഞ്ഞെടുക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനുള്ള ശ്രമത്തില്‍ ഏറെ നിര്‍ണായകമാണെന്ന് തമന്ന നിര്‍ദേശിക്കുന്നു.
മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഏറെ ജനപ്രിയമായ ഒരു പ്രഭാത ഭക്ഷണമാണ് പോഹ. ഇത് പാചകം ചെയ്യാന്‍ എളുപ്പമാണെന്ന് മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്. ഫ്‌ളാറ്റന്‍ഡ് റൈസ് അല്ലെങ്കില്‍ ബീറ്റണ്‍ റൈസ് എന്നും പേരുകളുള്ള പോഹ ഏറ്റവും ലളിതമായതും അതേസമയം പോഷക സമൃദ്ധവുമായ ഒരു വിഭവമാണ്. പച്ചക്കറികള്‍ക്കൊപ്പമാണ് ഇത് പാചകം ചെയ്യുന്നത്. ഇത് ദഹനത്തിന് ഏറെ സഹായകരമാണ്. പോഹയില്‍ ഉയര്‍ന്ന അളവില്‍ നാരുകളും ഇരുമ്പും കലോറിയും അടങ്ങിയിട്ടുണ്ട്. ഇരുമ്പ് അടങ്ങിയിട്ടുള്ളതിന് അത് വിളര്‍ച്ചയെ തടയുന്നു, പ്രത്യേകിച്ച് സ്ത്രീകളില്‍.
പോഹ ഗൂട്ടണ്‍രഹിതവും ആണ്. ഗോതമ്പ് പോലുള്ള ധാന്യങ്ങളില്‍ സാധാരണ കണ്ടുവരുന്ന ഒരു പ്രോട്ടീനാണ് ഗ്ലൂട്ടണ്‍. ഇത് ദഹിക്കാതെ കിടക്കുന്നതിനാല്‍ വയറ്റില്‍ പല അസ്വസ്ഥതകള്‍ക്കും കാരണമാകാറുണ്ട്. എന്നാല്‍ പോഹയ്ക്ക് ഈ പ്രശ്‌നമില്ല.
കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഊര്‍ജത്തിന്റെ മികച്ച ഉറവിടമാണ് പോഹ. സോഡിയം കുറവായതിനാല്‍ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനും പോഹ ഗുണം ചെയ്യും. ഇത് ഹൃദയാരോഗ്യത്തിന് പറ്റിയ ഉത്തമമായ ഒരു ഭക്ഷണമാണ്. ഇതിന്റെ ചില ആരോഗ്യ ഗുണങ്ങള്‍ നോക്കാം.
കാരറ്റ്, ബീന്‍സ്, ഗ്രീന്‍ പീസ്, ഉരുളക്കിഴങ്ങ് തുടങ്ങി ഏത് പച്ചക്കറികളും പോഹയില്‍ ചേര്‍ക്കാം. ഇത് ശരീരത്തിന് ആവശ്യമായ പോഷണം നല്‍കുന്നു. ദിവസം മുഴുവന്‍ ഊര്‍ജം നിലനിര്‍ത്തുകയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പോഹ രക്തസമ്മര്‍ദത്തിന്റെ അളവു കുറയ്ക്കുന്നു. സോഡിയത്തിന്റെ അളവ് കുറവായതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍മുള്ളവര്‍ക്ക് ഇത് നല്ലൊരു പ്രഭാത ഭക്ഷണമാണ്. നാരുകള്‍ നിറഞ്ഞതിനാല്‍ പോഹ ദഹനത്തിന് പറ്റിയ ഭക്ഷണമാണ്. വയറിളക്കം പോലുള്ള ദഹനസംബന്ധമായ അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ പോഹ കഴിക്കുന്നത് നല്ലതാണ്. വയറിലെ മറ്റ് അസ്വസ്ഥതകള്‍ക്കെതിരെയും ഇത് ഫലപ്രദമാണ്. കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും.












Click it and Unblock the Notifications