ഓണത്തിന് ഇടയ്ക്ക് ഉറുമ്പുകൾക്ക് എന്താണ് കാര്യം? അറിയാം ഉറുമ്പൂട്ടിനെക്കുറിച്ച്
നാളെയാണ് ഓണം. മലയാളികൾ എല്ലാം ഓണം ആഘോഷിക്കാനുള്ള ഓട്ടത്തിലാണ്. എല്ലായിടത്തും ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. പൂക്കൾ വാങ്ങാനും സദ്യയ്ക്കുള്ള സാധനങ്ങൾ വാങ്ങാനുമൊക്കെയുള്ള തിരക്കിലായിരിക്കും ആളുകൾ. ഓണപ്പൂക്കളവും ഓണസദ്യയും തന്നെയാണല്ലോ ഓണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യവും.
ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ഉത്സവും കൂടിയാണ് ഓണം. നല്ല നാളുകൾ എന്നും ഉണ്ടാകണേ എന്ന പ്രാർത്ഥനയോടെയാണ് ഓണ ദിവസം ആരംഭിക്കുന്നത്. സ്നേഹവും സാഹോദര്യവും കൂടിക്കലരുന്ന ദിവസം കൂടിയാണ് ഓണം.

ഓണത്തിന്റെ ഐതിഹ്യത്തെക്കുറിച്ച് നമ്മൾ ധാരാളം കേട്ടുകാണും. ഓണത്തിന് പിന്നിൽ പ ചരിത്രമാണ്. വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ മഹാബലി തന്റെ പ്രജകളെ കാണാൻ എത്തുന്ന ദിവസം ആണ് തിരുവോണ നാൾ എന്നാണ് കൂടുതലായും നമ്മൾ കേട്ട ചരിത്രം.
ഓണത്തെക്കുറിച്ച് കുറേ കേട്ടുകാണുമെങ്കിലും ഉറുമ്പൂട്ടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. ഓണം ഉണ്ണുമ്പോൾ നമ്മൾ നമുക്ക് ചുറ്റുമുള്ളവരെയും ഊട്ടണം എന്ന വിശാലമായ ആശയം ഊട്ടി ഉറപ്പിക്കുന്ന ആചാരമാണ് ഉറുമ്പൂട്ട്. ഓണത്തിന് ഉറുമ്പുകൾക്ക് ഓണപ്പങ്ക് നൽകുന്ന ആചാരമായിരുന്നു ഇത്.
അരി വറുത്തതും അതിൽ ശർക്കരയും തേങ്ങാ പീരയും ചേർത്തിളക്കി വാഴയിലക്കീറിൽ വീടിന്റെ പരിസരത്തോ നാല് മൂലയ്ക്കോ വെച്ച് ഉറുമ്പുകൾക്ക് ഓണപ്പങ്ക് കൊടുക്കും. പണ്ട് ഇലക്കീറിന്റെ ഒരറ്റത്ത് തിരി തെളിയിച്ച് വെക്കുമായിരുന്നു. ചില സ്ഥലങ്ങളിൽ ഓണപ്പായസം ഇലയിൽ തുള്ളി തുള്ളിയായി ഉറ്റിച്ച് കൊടുക്കും.
എല്ലാ ചരാചരങ്ങളേയും ഒരു പോലെ കാണണമെന്ന് വലിയ ആശയം ആണ് ഇതിലൂടെ പങ്കുവെയ്ക്കുന്നത്. ഇപ്പോൾ ഈ ആചാരം അങ്ങനെ പ്രചാരത്തിലില്ല, എങ്കിലും ചില സ്ഥലങ്ങളിൽ ഇപ്പോഴും ഉറുമ്പൂട്ട് ആചരിക്കുന്നു. ഉറുമ്പുകൾക്ക് മാത്രമല്ല വീട്ടിലെ വളർത്തു മൃഗങ്ങൾക്കും ഓണത്തിന് പ്രത്യേക വിഭവം ഒരുക്കി നൽകാറുണ്ട്. പശുക്കളേയും ആടുകളേയുമൊക്കെ കുളിപ്പിച്ച് വൃത്തിയാക്കിയ ശേഷം ആണ് അവയ്ക്ക് ഓണ സദ്യ നൽകുന്നത്.
ഐശ്വര്യത്തിന്റേയും സ്നേഹത്തിന്റേയും സമ്പൽ സമൃദ്ധിയുടേയും ആഘോഷം ആയതുകൊണ്ട് തന്നെ എല്ലാവരും സന്തോഷത്തോടെ ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതും, ലോകത്ത് നന്മയുള്ള മനുഷ്യരൊക്കെ എന്നും സമാധാനത്തോടെ ജീവിക്കട്ടേ എന്നാണ് എല്ലാവരും വിചാരിക്കുന്നത്. നന്മ നിറഞ്ഞ ഓണമെത്താൻ ഇനി ഒരു ദിവസം ബാക്കിയില്ല, പ്രിയപ്പെട്ടവർക്ക് ഐശ്വര്യം നിറഞ്ഞ ഓണം ആശംസിച്ച് നമുക്ക് ഓണാഘോഷം ആരംഭിക്കാം..












Click it and Unblock the Notifications