മഹാദേവനും വാമനനും മഹാബലിയും; ഈ ഓണത്തിന് ദർശനം നടത്താം തൃക്കാക്കരയിലെ വാമന ക്ഷേത്രത്തിൽ
ഓണം ഇങ്ങെത്തി. മിക്ക ആളുകളും ഓണദിവസം ആരംഭിക്കുന്നതിന് തന്നെ ക്ഷേത്രങ്ങളിൽ പോയി ദർശനം നടത്തിക്കൊണ്ടായിരിക്കും. ഓണവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള ക്ഷേത്രമാണ് തൃക്കാക്കര വാമന മൂർത്തി ക്ഷേത്രം. എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് ഈ ക്ഷേത്രം. ഏറെ പ്രത്യേകതകൾ ഉള്ള ക്ഷേത്രമാണ് തൃക്കാക്കര വാമന ക്ഷേത്രം. ഇന്ത്യയിൽ തന്നെ വാമന പ്രതിഷ്ഠയുള്ള അപൂർവ്വം ക്ഷേത്രങ്ങൾ മാത്രമാണ് ഉള്ളത്.
ഓണത്തിന്റെ ഐതീഹ്യവും ഓണാഘോഷത്തിന്റെ തുടക്കവും എല്ലാം തൃക്കാക്കരയുമായി ബന്ധപ്പെട്ട് കിടക്കുന്നു. അതുകൊണ്ട് തന്നെയാണ് തൃക്കാക്കര വാമന ക്ഷേത്രം ഓണവുമായി ബന്ധപ്പെട്ടുകിടക്കുന്നത്. ഓണദിനത്തിൽ തൃക്കാക്കര വാമന ക്ഷേത്രത്തിൽ എത്തി ദർശനം നടത്തുന്നവർ ഏറെയാണ്.

വാമന പ്രതിഷ്ഠയ്ക്കൊപ്പം മഹാദേവന്റെ പ്രതിഷ്ഠയും ഇവിടെയുണ്ട്. മഹാദേവന്റെ വളരെ പഴക്കമുള്ള വിഗ്രഹമാണ് ഇവിടെ ഉള്ളത്. ശിവ ഭക്തനായിരുന്നു മഹാബലി. അദ്ദേഹം ഇവിടെയെത്തി ആരാധന നടത്തിയിരുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ മഹാബലിക്കും ഇവിടെ പ്രത്യേക സ്ഥാനമുണ്ട്. തമിഴ് പാരമ്പര്യമുള്ള വൈഷ്ണവ ഭക്ത കവികളായ ആഴ്വന്മാർ അവരുടെ രചനകളിൽ പറഞ്ഞിട്ടുള്ള നൂറ്റിയെട്ട് പുണ്യദേശങ്ങളിൽ ഒന്നാണ് തൃക്കാക്കര.
തിരുകാൽക്കര എന്ന പേരിൽ നിന്നാണ് തൃക്കാക്കര ഉണ്ടാവുന്നത് എന്നാണ് പറയുന്നത്. മഹാ വിഷ്ണു വാമന രൂപത്തിൽ എത്തിയ സ്ഥലം ആയതുകൊണ്ടാണ് തൃക്കാൽക്കര എന്നറിയപ്പെട്ടത് എന്നാണ് ചിലർ വിശ്വസിക്കുന്നത്.
എന്നാൽ ഈ ദേശത്തെക്കുറിച്ച് കേട്ടറിഞ്ഞ കപില മഹർഷി മഹാവിഷ്ണുവിനെ ധ്യാനിച്ച് തപസ് ചെയ്തത് ഇവിടെയാണെന്നാണെന്നും മഹർഷിക്ക് അനുഗ്രഹം നൽകിയ മഹാവിഷ്ണുവിനോട് തൃക്കാക്കരയിൽ കുടികാെള്ളാനാണ് മഹർഷി വരമായി ചോദിച്ചതെന്നും മഹർഷിയുടെ ആഗ്രഹം സാധിപ്പിച്ച് നൽകാൻ വേണ്ടി മഹാ വിഷ്ണു ഇവിടെ കുടികാെള്ളുകയായിരുന്നു എന്നാണ് വിശ്വാസം. ഇതിന് പിന്നാലെയാണ് ഈ ദേശം തൃക്കാൽക്കര എന്ന് അറിയപ്പെട്ടത് എന്നാണ് മറ്റൊരു ഭാഗം വിശ്വസിക്കുന്നത്.
ഓണം തന്നെയാണ് തൃക്കാക്കര വാമന ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഓണം ആണ് വളരെ ഗംഭീരമായി ഇവിടെ കൊണ്ടാടാറുള്ളത്. അത്തം മുതൽ തിരുവോണം വരെ പത്ത് ദിവസവും ഇവിടെ വിവിധ പരിപാടികൾ ഉണ്ടാവാറുണ്ട്, ഉത്രാട ദിവസവും ഓണത്തിനും ഇവിടെ സദ്യ ഉണ്ടാവാറുണ്ട്. ക്ഷേത്രത്തിലെ ഓണ സദ്യ കഴിക്കാനായി നിരവധി ആളുകളാണ് എത്താറുള്ളത്..












Click it and Unblock the Notifications