വിളമ്പിയാൽ ഒലിച്ചുപോവാത്ത, നല്ല കുറുകിയ അവിയൽ; ഓണത്തിന് സ്പെഷ്യൽ അവിയൽ തയ്യാറാക്കാം
ഓണത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. എല്ലാവരും ഓണത്തിരക്കിലാണ്. ഓണപ്പൂക്കളവും ഓണസദ്യയും ആണ് ഓണത്തിന് പ്രധാനപ്പെട്ടത്. വിവഭ സമൃദ്ധമായ സദ്യയിൽ ഒഴിച്ചുനിർത്താൻ പറ്റാത്ത ഒരു വിഭവമാണ് അവിയൽ. അവിയൽ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടാകും. പക്ഷേ പലപ്പോഴും അവിയൽ തയ്യാറാക്കിയാൽ നമ്മൾ വിചാരിക്കുന്നു പോലെ കിട്ടണം എന്നില്ല.
രുചി റെഡിയായാലും കുറുകിനിൽക്കാതെ പരന്നുപോകുന്നതാണ് ഭൂരിഭാഗവും നേരിടുന്ന പ്രശ്നം. ഈ ഓണത്തിന് നമുക്ക് നല്ല അടിപൊളി അവിയൽ ഉണ്ടാക്കിയാലോ. വിളമ്പിയാൽ പരന്നൊഴുകാത്ത നല്ല കുറുകി നിൽക്കുന്ന വായിൽ വെള്ളമൂറുന്ന അവിയൽ തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന റെസിപ്പിയാണ് പങ്കുവെയ്ക്കുന്നത്.

അവിയൽ: ആവശ്യമായ സാധനങ്ങൾ
വെള്ളരി - 200 ഗ്രാം
ചേന - 200 ഗ്രാം
പടവലങ്ങ - 200 ഗ്രാം
പച്ചക്കായ - 2 എണ്ണം
കോവയ്ക്ക - 150 ഗ്രാം
തക്കാളി - 100 ഗ്രാം
പച്ചപ്പയർ - 200 ഗ്രാം
മുരിങ്ങിക്ക - 3 എണ്ണം
കാരറ്റ് - 200 ഗ്രാം
വെളിച്ചെണ്ണ - 250 ഗ്രാം
തേങ്ങ - 2 എണ്ണം
പച്ചമുളക് - 150 ഗ്രാം
ജീരകം - 50 ഗ്രാം
കറിവേപ്പില - ആവശ്യത്തിന്
മഞ്ഞൾപ്പൊടി- ആവശ്യത്തിന്
തൈര് - കാൽ ലീറ്റർ
പാചകം ചെയ്യുന്ന രീതി:
ആദ്യം അവിയലിന് ആവശ്യമായ പച്ചക്കറികൾ അരിഞ്ഞ് എടുക്കുക. ശേഷം ഒരു പാത്രത്തിൽ തയ്യാറക്കി വെച്ച പച്ചക്കറികളും പച്ചമുളകും അല്പം ജീരകവും ആവശ്യത്തിന് വെള്ളവും ചേർത്ത് അടുപ്പിൽ വെച്ച് മൂടുക. പച്ചക്കറികൾ വെന്ത് തുടങ്ങുമ്പോൾ തേങ്ങാ ചിരകിയതും കറിവേപ്പിലയും മഞ്ഞൾപ്പൊടിയും ജീരകം നന്നായി തിരുമ്മി എടുക്കാം.
ഇത് പച്ചക്കറിയുടെ മുകളിൽ ഇട്ട് ആവിക്ക് വെച്ച ശേഷം അരപ്പ് വേവിക്കുക. ചുവന്നുള്ളി ഇടിച്ച് വെളിച്ചെണ്ണയിൽ തിരുമ്മി അരപ്പിന് മുകളിൽ ഒഴിക്കുക. പതിയെ ഇളക്കി കൊടുക്കുക. പുളിക്ക് ആവശ്യത്തിന് തൈര് ചേർത്ത് കൊടുക്കുക. ഉപ്പ് ആവശ്യത്തിന് ചേർത്ത് കൊടുക്കുക. പച്ചക്കറി വെന്ത് ഉടഞ്ഞ് പോകാതെ ശ്രദ്ധിക്കുക. അവിയൽ തയ്യാർ












Click it and Unblock the Notifications