ഇങ്ങനെ ചെയ്യാറുണ്ടോ..? എങ്കില്‍ നിങ്ങളൊരിക്കലും ഒരു നല്ല രക്ഷിതാവല്ല
കുഞ്ഞുങ്ങളെ വളര്‍ത്തുക എന്ന് പറയുന്നത് ചില്ലറക്കാര്യമല്ല. പാരന്റിംഗ് ഒരു പണിപ്പെട്ട ജോലിയാണ് എന്ന് എല്ലാവരും സമ്മതിക്കും. എന്നാല്‍ ശരിയായ രീതിയില്‍ നിങ്ങള്‍ കുട്ടികളെ വളര്‍ത്തുന്നില്ലെങ്കില്‍ നിങ്ങളുടെ കഷ്ടപ്പാടുകള്‍ വിഫലമാകും. കുട്ടികളെ ഭൂരിഭാഗം പേരും ശരിയായ രീതിയില്‍ അല്ല വളര്‍ത്തുന്നത് എന്ന് ചൂണ്ടിക്കാട്ടിയുള്ള നിരവധി പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പലപ്പോഴും ഇത് ശരിയാണ് എന്ന് കാണാം.
എങ്ങനെയാണ് ആരോഗ്യകരമായ പാരന്റിംഗ് എന്നതിനെ കുറിച്ച് അവബോധമില്ലാത്തവരാണ് നമ്മുടെ മിക്ക രക്ഷിതാക്കളും. അതിനാല്‍ തന്നെ അവര്‍ കുട്ടികളില്‍ അനാരോഗ്യകരമായ ഒരു ശീലമാണ് നിറക്കുന്നത്. എങ്ങനെ നല്ലൊരു രക്ഷിതാകാം എന്നും അതിനായി എന്തെല്ലാമാണ് ചെയ്യേണ്ടത് എന്നും നമുക്ക് നോക്കാം.

മറ്റുള്ളവര്‍ എന്ത് കരുതും എന്ന ചിന്ത പേറിയാണ് നമ്മളില്‍ പലരും വളര്‍ന്നത്. കുട്ടികൡ ആ ചിന്ത അടിച്ചേല്‍പ്പിക്കാതിരിക്കുക. സമൂഹത്തിന്റെ മാനദണ്ഡങ്ങള്‍ക്കകത്ത് വരാത്ത എന്തെങ്കിലും ചെയ്യാന്‍ മാതാപിതാക്കളും കുടുംബാംഗങ്ങളും ധൈര്യപ്പെടുന്നില്ല. സമൂഹത്തെക്കുറിച്ചുള്ള ഇത്തരം ഭയം വളരെ ആഴത്തില്‍ വേരൂന്നിയതിനാല്‍ ചിലപ്പോള്‍ കുട്ടികള്‍ അത് കാരണം ഇഷ്ടപ്പെട്ട കരിയര്‍ തിരഞ്ഞെടുക്കാതിരിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
കുട്ടികളെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത് അഭിമാനമായി കരുതുന്നവരാണ് രക്ഷിതാക്കളില്‍ പലരും. ഒരു കുട്ടിയുടെ ഇഷ്ടങ്ങളും അഭിലാഷങ്ങളും മിക്ക കുടുംബങ്ങളിലും വളരെ അപൂര്‍വമായി മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂ. വ്യവസ്ഥാപിതമായ ശീലങ്ങളെ മാറ്റാന്‍ പഠിക്കണം. കുട്ടികളുടെ അഭിലാഷങ്ങള്‍ മനസിലാക്കി അവരെ കരിയര്‍ തിരഞ്ഞെടുക്കാന്‍ അനുവദിക്കുക.
പല വീടുകളിലും മറ്റ് മതങ്ങളോടുള്ള സഹിഷ്ണുത കുറവാണ്. നിലവിലുള്ള എല്ലാ മതങ്ങളും മനസ്സിലാക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. മതത്തിന്റേയും ജാതിയുടേയോ പേരില്‍ ഒരാളെയും വേര്‍തിരിച്ച് കാണാന്‍ പാടില്ല. മുതിര്‍ന്നവര്‍ക്ക് വലിയ പരിഗണനയാണ് നമ്മള്‍ കൊടുക്കുന്നത്. മുതിര്‍ന്നവരോട് ആദരവ് കാണിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിര് കവിഞ്ഞ വിധേയത്വത്തിന്റെ ആവശ്യമില്ല.
നിങ്ങളുടെ കുട്ടി കുടുംബത്തിലെ പ്രായമായ ഒരാളെക്കുറിച്ച് പരാതിപ്പെടുകയാണെങ്കില്‍ അവരെ ചീത്ത പറയാനോ അടിക്കാനോ പോകാതെ പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കി പ്രവര്‍ത്തിക്കണം. ദുരഭിമാനം വെടിഞ്ഞ് വേണം കുട്ടികളെ വളര്‍ത്താന്‍. എന്തെങ്കിലും പ്രശ്‌നം കുടുംബത്തിനുള്ളില്‍ ഉണ്ടാകുമ്പോള്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമം നടത്തണം. പരമ്പരാഗതമായ ശീലത്തിന്റെ ഫലമായി കുടുംബത്തില്‍ തങ്ങള്‍ക്കുണ്ടാകുന്ന ദുരനുഭവങ്ങളെക്കുറിച്ച് മാതാപിതാക്കളെയോ മറ്റുള്ളവരെയോ അറിയിക്കുന്നതില്‍ പല കുട്ടികളും പരാജയപ്പെടുന്നു.
കുട്ടികളുടെ ജീവിതത്തില്‍ രക്ഷിതാക്കള്‍ക്ക് നിയന്ത്രണം വേണമെന്നത് ശരിയാണെങ്കിലും പലരും അത് മനസിലാക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന രീതി തെറ്റാണ്. മാതാപിതാക്കള്‍ ഒരു കുട്ടിക്ക് മാര്‍ഗനിര്‍ദേശത്തിന്റെ ഉറവിടമായിരിക്കണം എന്നതച് ശരി തന്നെ. എന്നാല്‍ കുട്ടിയുടെ ജീവിതത്തില്‍ അമിതമായി ഇടപഴകുന്നതില്‍ നിന്ന് മാറിനില്‍ക്കണം.












Click it and Unblock the Notifications