പരീക്ഷാക്കാലമല്ലേ വരുന്നത്; ഊര്‍ജസ്വലരായിരിക്കാന്‍ കുട്ടികള്‍ക്ക് ടിപ്പുകളുമായി മോദിയുടെ പരീക്ഷാ പേ ചര്‍ച്ച
ന്യൂഡല്‍ഹി: പരീക്ഷാക്കാലം കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ സമ്മര്‍ദമുള്ള കാലമാണ്. മാര്‍ച്ചില്‍ നടക്കുന്ന പരീക്ഷകള്‍ക്കായി ഇപ്പോഴേ കുട്ടികള്‍ തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. മികച്ച മാര്‍ക്ക് നേടാന്‍ ഉറക്കമിളച്ച് പഠിക്കുന്നവരാണ് കൂടുതല്‍ കുട്ടികളും. അമിതമായ ഭക്ഷണരീതി പിന്തുടരുന്നവരുമുണ്ട്. എന്നാല്‍ ഈ ശീലം നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരീക്ഷാ പേ ചര്‍ച്ചയിലാണ് കുട്ടികള്‍ക്ക് പരീക്ഷാക്കാലം സമ്മര്‍ദമില്ലാതെ മറികടക്കാന്‍ മികച്ച ടിപ്പുകളുമായി വിദഗ്ധര്‍ എത്തിയത്. ഇന്ത്യയിലെ മികച്ച പോഷകാഹാര വിദഗ്ധരാണ് പരീക്ഷാ പേ ചര്‍ച്ചയില്‍ പങ്കെടുത്തത്. സമ്മര്‍ദമില്ലാതെ പരീക്ഷകളെ നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

വിദ്യാര്‍ഥികളും അധ്യാപകരും മാതാപിതാക്കളുമായി അഞ്ചുകോടിയിലധികം ആളുകളാണ് പരീക്ഷാ പേ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. പരീക്ഷാക്കാലത്ത് വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതിനൊപ്പം മതിയായ ഉറക്കം ശീലിക്കാനാണ് വിദഗ്ധര്‍ പറയുന്നത്. ആരോഗ്യ വിദഗ്ധരായ ഷോണാലി സബര്‍വാള്‍, റുജുത ദിവേക്കര്‍, രേവന്ത് ഹിമാത്സിങ്ക എന്നിവരാണ് ചര്‍ച്ച നയിച്ചത്.
ബോക്‌സര്‍ എം സി മേരി കോം, ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവ്, ദീപിക പദുകോണ്‍ തുടങ്ങിയ പ്രമുഖര്‍ കഴിഞ്ഞ ദിവസങ്ങളിലെ എപ്പിസോഡുകളില്‍ തങ്ങളുടെ അനുഭവങ്ങളും അറിവും പങ്കുവെച്ചിരുന്നു. അക്കാദമിക് വിജയത്തില്‍ ആരോഗ്യകരമായ ഭക്ഷണശീലം വഹിക്കുന്ന പങ്കിനെക്കുറിച്ചാണ് മൂന്നു പേരും സംസാരിച്ചത്.
ബോളിവുഡ് നടി ദീപിക പദുക്കോണ്‍ വിഷാദരോഗവുമായുള്ള തന്റെ പോരാട്ടവും അതിനെ എങ്ങനെ നേരിട്ടു എന്നതും സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള നുറുങ്ങുകളുമാണ് കുട്ടികളുമായി പങ്കിട്ടത്.
പോഷകാഹാര വിദഗ്ധയായ ഷോണാലി സബര്‍വാള്‍ കുട്ടികളെ ഉപദേശിച്ചത് ഇങ്ങനെയാണ് - സമ്മര്‍ദം ഇല്ലാതാക്കാന്‍ വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണമാണ് ഏറ്റവും നല്ലത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ തവിടു കളയാത്ത അരി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. സമ്മര്‍ദ്ദത്തെ നേരിടാന്‍ അമിതമായി ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണം. പ്രത്യേകിച്ച് ജങ്ക് ഫുഡ്. പാക്കറ്റിലും കുപ്പിയിലും എത്തുന്ന സംസ്‌കരിച്ച ഭക്ഷ്യ വസ്തുക്കള്‍, പഞ്ചസാര എന്നിവയും ഒഴിവാക്കണം.
ലേബല്‍ പധേഗ ഇന്ത്യ' എന്ന സംരംഭത്തെക്കുറിച്ചാണ് രേവന്ത് ഹിമാത്സിങ്ക പറഞ്ഞത്. ഒരാള്‍ എന്ത് കഴിക്കുന്നു എന്നതിനെക്കുറിച്ച് അറിയുക എന്നതാണ് ഈ സംരഭത്തിന്റെ ലക്ഷ്യം. ഇന്ത്യയിലെ ഓരോ വ്യക്തിയും ഭക്ഷ്യ വസ്തുക്കളിലെ ലേബലുകള്‍ വായിക്കാന്‍ തുടങ്ങിയാല്‍, അവര്‍ എന്താണ് കഴിക്കുന്നതെന്ന് തിരിച്ചറിയാന്‍ കഴിയും. ഇത് ഒരു കരുതലെടുക്കാന്‍ അവരെ പ്രേരിപ്പിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ആരോഗ്യം ഉള്‍പ്പെടുത്തുക എന്നതാണ് എന്റെ ലക്ഷ്യം - അദ്ദേഹം പറഞ്ഞു.
ബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുമായി പ്രധാനമന്ത്രി മോദി സംവദിക്കുന്ന വാര്‍ഷിക പരിപാടിയാണ് പരീക്ഷ പേ ചര്‍ച്ച. പരീക്ഷാ പേ ചര്‍ച്ചയുടെ എട്ടാം പതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള പരിപാടിയുടെ ആദ്യ പതിപ്പ് 2018 ല്‍ ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തിലാണ് നടന്നത്.












Click it and Unblock the Notifications