ട്രെന്‍ഡിനൊപ്പം കാക്കിപ്പഴം; സൗന്ദര്യസംരക്ഷണത്തിലും കേമന്‍: മുഖം തിളങ്ങാന്‍ മികച്ച ഫേസ് പായ്ക്കുണ്ടാക്കാം
സമീപകാലത്ത് കേരളത്തില്‍ ഏറെ ഹിറ്റായ പഴമാണ് പേഴ്‌സിമണ്‍. വിദേശിയായ ഈ പഴം ഇപ്പോള്‍ കേരളത്തില്‍ എല്ലാം കടകളിലും സുലഭമാണ്. കാക്കിപ്പഴം എന്നാണ് മലയാളികള്‍ ഇതിനെ വിളിക്കുന്നത്. കണ്ടാല്‍ തക്കാളി പഴം പോലെയോ മുസംബി പോലെയോ ഒക്കെ തോന്നും. നേരത്തെ മലയാളികള്‍ക്ക് അത്ര പരിചിതമല്ലാതിരുന്ന ഈ പഴം ഇപ്പോള്‍ ഫിറ്റ്‌നസ് പ്രേമികള്‍ക്കിടയില്‍ വലിയ ഹിറ്റാണ്
മധുരമുള്ള ഈ പഴം ജപ്പാന്റെ ദേശീയ ഫലമാണ്. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ ഇപ്പോള്‍ മിക്കവരും മനസിലാക്കി കഴിഞ്ഞു. നാരുകള്‍ ഒരുപാട് അടങ്ങിയിട്ടുള്ളതിനാല്‍ ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ പഴമാണിത്. വൈറ്റമിന്‍ എയും സിയും ഇതില്‍ അടങ്ങിയിട്ടുണ്ട്.

അതേസമയം, പേഴ്‌സിമണിന്റെ സൗന്ദര്യ ഗുണങ്ങള്‍ അധികം പേര്‍ക്കും അറിയില്ല. ചര്‍മ്മത്തിന് സംരക്ഷണമേകി തിളക്കം നല്‍കാനും വാര്‍ധക്യത്തെ വൈകിപ്പിക്കാനും ഈ പഴത്തിന് ശേഷിയുണ്ട്. വൈറ്റമിനുകളും ആന്റി ഓക്‌സിഡന്റുകളും കൊണ്ട് സമ്പന്നമായതിനാല്‍ വിലകൂടിയ സെറം ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലതാണിത്. സ്മൂത്തിയായി കുടിച്ചാലും ഇനി അതല്ല അരച്ച് പള്‍പ്പാക്കി മുഖത്ത് തേച്ചാലും ചര്‍മ്മത്തിന് ഗുണം ചെയ്യും.
ചര്‍മ്മത്തിന്റെ വീണ്ടെടുപ്പിനും ഇലാസ്തികത വര്‍ദ്ധിപ്പിക്കാനും കൊളാജന്‍ ഉത്പാദനത്തിനും കാക്കിപ്പഴം ഏറെ നല്ലതാണ്. അടുത്തിടെ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ആപ്പിളിനേക്കാള്‍ ആരോഗ്യഗുണമുള്ളത് കാക്കിപ്പഴത്തിനാണ് എന്നാണ്. അകാല വാര്‍ദ്ധക്യത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകള്‍ക്കെതിരെ ഈ പഴം ശക്തമായ പ്രതിരോധം തീര്‍ക്കും.
പേഴ്‌സിമണിലെ ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മകോശങ്ങളിലെ സമ്മര്‍ദം 45% വരെ കുറയ്ക്കാന്‍ സഹായിക്കും. ഇതുവഴി ചര്‍മ്മത്തിന്റെ ഇലാസ്തികതയും തിളക്കവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. രക്തചംക്രമണവും വര്‍ധിപ്പിക്കുന്നു.
മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാനും കറുത്ത പാടുകള്‍ മങ്ങാനും പേഴ്‌സിമണ്‍ അരച്ച് മുഖത്ത് തേച്ചാല്‍ മതി. അതിനായി പകുതി പഴുത്ത പെര്‍സിമോണ്‍ ഒരു ടീസ്പൂണ്‍ തേനും തൈരും ചേര്‍ത്ത് അരച്ച് പള്‍പ്പാക്കുക. ഇത് 15 മിനിറ്റ് നേരം പുരട്ടുക. എന്നിട്ട് കഴുകിക്കളയാം. പെര്‍സിമോണ്‍ പള്‍പ്പ് ഓട്‌സും ഒരു നുള്ള് നാരങ്ങയും ചേര്‍ത്ത് കലര്‍ത്തി ഒരു സ്‌ക്രബായി മുഖത്ത് ഉരസുന്നതും നല്ലതാണ്.












Click it and Unblock the Notifications