കാക്കപ്പഴം ചില്ലറക്കാരനല്ല; കഴിച്ചിട്ടില്ലെങ്കില്‍ ഈ തണുപ്പു കാലത്ത് കഴിച്ചു തുടങ്ങിക്കോളൂ: ഇതാണ് ഗുണങ്ങള്‍
സമീപകാലത്ത് കേരളത്തിലെ മാര്‍ക്കറ്റുകളില്‍ വ്യാപകമായ പഴമാണ് കാക്കിപ്പഴം അഥവാ പെഴ്‌സിമണ്‍. തക്കാളി പോലെയിരിക്കുന്ന ഈ പഴത്തിന് എന്നാല്‍ തക്കാളിയുമായി യാതൊരു ബന്ധവുമില്ല. നിരവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമാണ് പെഴ്‌സിമണ്‍. ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ഗുണങ്ങള്‍ നിരവധി ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വിറ്റാമിന്‍ എ, സി, ബി 6, നാരുകള്‍, ധാതുക്കള്‍ ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ പെഴ്‌സിമണ്‍ ശൈത്യകാലത്തും കഴിക്കാന്‍ പറ്റിയ പഴമാണ്.
ബീറ്റാ കരോട്ടില്‍, ഫ്‌ളവനോയിഡുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഈ പഴം ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. പെര്‍സിമോണിന്റെ ഓറഞ്ച് നിറം ഉയര്‍ന്ന അളവിലുള്ള ബീറ്റാ കരോട്ടിനെ സൂചിപ്പിക്കുന്നു. ഇത് കാഴ്ചശക്തി, ചര്‍മ്മ സംരക്ഷണം, രോഗപ്രതിരോധ ശേഷി എന്നിവയ്ക്ക് നിര്‍ണായകമാണ്. അതുപോലെ ഫ്‌ളവനോയിഡുകള്‍ ശരീരത്തിലെ രക്തചംക്രമണത്തെ മെച്ചപ്പെടുത്തുകയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

പെഴ്‌സിമണില്‍ പ്രകൃതിദത്തമായ പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിലും മിതമായ അളവില്‍ കഴിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന നാരുകളും മറ്റു പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
ജപ്പാന്റെ ദേശീയ ഫലമായ പെഴ്‌സിമണ്‍ തണുപ്പ് കാലത്തിന് അനുയോജ്യമായ പോഷകങ്ങളാല്‍ നിറഞ്ഞതാണ്. തണുപ്പുകാലത്ത് ഇത് പതിവായി കഴിക്കുന്നതിലൂടെ മികച്ച ആരോഗ്യം നേടാം. കാരണം തണുപ്പുകാലത്ത് സൂര്യപ്രകാശം കുറയുന്നതിനാല്‍ പലരുടെയും പ്രതിരോധ ശേഷിയും ഊര്‍ജവും കുറയുന്നു. ഈ വെല്ലുവിളിയെ നേരിടാന്‍ പെര്‍സിമണ്‍ സഹായിക്കുന്നു.
ഇതില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും കൊളാജന്‍ രൂപീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ ഇ വരണ്ടതും തണുത്തതുമായ കാലാവസ്ഥയില്‍ ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു.
പെഴ്‌സിമണ്‍ ശരീരത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താന്‍ പെഴ്‌സിമണ്‍ സത്തിന് കഴിയുമെന്നാണ്. ഇത് ശരീരത്തിന് ഊര്‍ജം കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ സഹായിക്കും.
കാക്കിപ്പഴത്തില്‍ പൊട്ടാസ്യം, മാംഗനീസ്, ചെമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു. മാംഗനീസ് അസ്ഥികളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. അതുപോലെ ചെമ്പ് ഊര്‍ജ ഉല്‍പാദനത്തെയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും പിന്തുണയ്ക്കുന്നു. തണുപ്പ് കാലങ്ങളില്‍ ഊര്‍ജം നിലനിര്‍ത്താനുള്ള എല്ലാ പ്രധാന ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications