വീട്ടിലെ അരുമയെ എപ്പോഴും ചെള്ള് കടിക്കുന്നുണ്ടോ? പ്രാണികളില്‍ നിന്ന് വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാം
വളര്‍ത്തു മൃഗങ്ങളെ ഏറെ സ്‌നേഹിക്കുന്ന ഒരാളാണോ നിങ്ങള്‍? വീട്ടില്‍ ഒരു പട്ടിയോ പൂച്ചയോ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ സ്‌നേഹത്തിന് തുല്യമായി വലിയ കരുതലും നല്‍കേണ്ടതാണ്. കാരണം ശ്രദ്ധിച്ചില്ലെങ്കില്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത ഏറെയാണ്. വളര്‍ത്തു മൃഗങ്ങളെ അലസമായി കൈകാര്യം ചെയ്താല്‍ അവയ്ക്ക് ചര്‍മ്മത്തിലെ അലര്‍ജി, വിവിധ രോഗങ്ങള്‍, വിളര്‍ച്ച, ദഹനപ്രശ്‌നം എന്നിവയൊക്കെ ബാധിക്കാന്‍ സാധ്യതയുണ്ട്.
തെരുവു നായ്ക്കളുടെ ദേഹത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതാണ് ചെള്ളുകള്‍. ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് വളര്‍ത്തു മൃഗങ്ങളിലൂടെ വീടിനുള്ളിലേക്കും കടക്കാന്‍ സാധ്യതയുണ്ട്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗങ്ങളാണ് ഇവിടെ പറയുന്നത്.

ചെള്ള്, ഈച്ചകള്‍, മറ്റു പ്രാണികള്‍ എന്നിവയുടെ ആക്രമണം വളര്‍ത്തു മൃഗങ്ങള്‍ക്ക് മാത്രമല്ല മനുഷ്യര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. കാരണം വളര്‍ത്തു മൃഗങ്ങളിലൂടെ രോഗാണുക്കള്‍ വേഗം മനുഷ്യരിലേക്കു പകരും. മഴക്കാലത്ത് പ്രത്യേകിച്ച് ചെള്ളുകളുടെയും ഈച്ചകളുടെയും ശല്യം കൂടുതലായിരിക്കും.
പൂച്ചകളുടെ നായ്ക്കളുടെയും സില്‍ക്ക് രോമങ്ങള്‍ ഈച്ചകള്‍ക്കും ചെല്ലുകള്‍ക്കും അനുയോജ്യമായ വാസകേന്ദ്രമാണ്. ഈ പ്രാണികള്‍ പട്ടിയുടെയും പൂച്ചയുടെയും രക്തം കുടിക്കുകയും അലര്‍ജി ഉള്‍പ്പെടെയുള്ള ചര്‍മ്മ രോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഈച്ചകളില്‍ നിന്നും ചെള്ളുകളില്‍ നിന്നും വളര്‍ത്തു മൃഗങ്ങളെ സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.
മൃഗ ഡോക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശത്തോടെ നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും കൃത്യമായ പരിചരണവും ശുചിത്വവും ഉറപ്പാക്കുക. ഇന്ത്യയിലെ സാഹചര്യങ്ങളും കാലാവസ്ഥയും വളര്‍ത്തു മൃഗങ്ങളില്‍ ചെള്ള് വളരാനുള്ള അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു. ചെള്ള് നിരന്തരം കടിക്കുന്നത് മുടികൊഴിച്ചിലിനും കാരണമാകും. ചില ഓമന മൃഗങ്ങള്‍ കൂടുതല്‍ സെന്‍സിറ്റീവ് ആയതിനാല്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ വളരെ വേഗം അവയെ ബാധിക്കും.
ചെള്ളുകളും ഈച്ചകളും വിവിധ രോഗാണുക്കളെ വഹിക്കുന്നു. ഇത് വളര്‍ത്തു നായ്ക്കളിലും പൂച്ചകളിലും മരണത്തിന് വരെ കാരണമായേക്കാവുന്ന രോഗങ്ങള്‍ക്ക് കാരണമാകുന്നു. ചെള്ള് മൂലം ഉണ്ടാകുന്ന മറ്റൊരു പ്രശ്‌നമാണ് വളര്‍ത്തു മൃഗങ്ങളിലെ വിളര്‍ച്ച. ഇത് അലസത, കടുത്ത ക്ഷീണം, ആരോഗ്യ ക്ഷയം എന്നിവയിലേക്ക് നയിക്കും. പക്ഷാഘാതത്തിനു പോലും ചെള്ളിന്റെ ആക്രമണം കാരണമായേക്കാം. നടക്കാന്‍ ബുദ്ധിമുട്ട്, ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.
പൂച്ചകളെയും നായ്ക്കളെയും പതിവായി ബ്രഷ് ചെയ്യുന്നതും ചെള്ളുകളെ അകറ്റാന്‍ നല്ലൊരു മാര്‍ഗമാണ്. മൃഗഡോക്ടറുടെ നിര്‍ദേശ പ്രകാരം ചെള്ളിനെതിരെയുള്ള സ്‌പ്രേകള്‍, ഷാംപൂ, പൗഡറുകള്‍ എന്നിവ ഉപയോഗിക്കുക. നായ്ക്കളും പൂച്ചകളും പുറത്തു പോയി വന്നശേഷം ശരീരത്തില്‍ ചെള്ളുണ്ടോ എന്ന് പരിശോധിക്കുക. കൈകാലുകള്‍, ചെവികള്‍, കാല്‍വിരലുകള്‍ എന്നിവ പ്രത്യേകം പരിശോധിക്കുക.
വളര്‍ത്തു മൃഗങ്ങളുടെ ആരോഗ്യത്തിനായി വീടിന്റെ പരിസരം എപ്പോഴും ശുചീകരിക്കുക. ചെള്ളുകളെ നശിപ്പിക്കാന്‍ സുരക്ഷിതമായ കീടനാശിനികള്‍ വീടിന്റെ പരിസരങ്ങളില്‍ ഉപയോഗിക്കുക. മൃഗങ്ങളുടെ രോമങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വെട്ടിയൊതുക്കുകയും നഖങ്ങള്‍ വെട്ടി വൃത്തിയാക്കുകയും വേണം. ചെറു ചൂടുള്ള വെള്ളവും ടവ്വലും ഉപയോഗിച്ച് വളര്‍ത്തു മൃഗങ്ങളെ ഇടയ്ക്കിടെ വൃത്തിയാക്കുക.
മഴക്കാലത്ത് വളര്‍ത്തു മൃഗങ്ങളുടെ ദേഹം നനഞ്ഞിരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. കാരണം നനഞ്ഞിരിക്കുന്ന പ്രതലത്തില്‍ അണുക്കള്‍ക്ക് വളരാനുള്ള അനുയോജ്യമായ സാഹചര്യമുണ്ടാകും. ഇത് പതിയെ ചര്‍മ്മ രോഗങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ വളര്‍ത്തു മൃഗങ്ങളുടെ ശരീരം എപ്പോഴും ഡ്രൈ ആക്കി സൂക്ഷിക്കുക.
പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ തന്നെ വളര്‍ത്തു മൃഗങ്ങളുടെ ആരോഗ്യം ഉറപ്പാക്കാന്‍ കഴിയും. കൃത്യമായ പരിചരണം, വൃത്തിയുള്ള താമസസ്ഥലം, മൃഗ ഡോക്ടര്‍മാരുടെ മാര്‍ഗ നിര്‍ശേങ്ങള്‍ അനുസരിക്കുക എന്നിവയാണ് ഇത്തരം ചെള്ളുകളെയും പ്രാണികളെയും അകറ്റാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങള്‍.












Click it and Unblock the Notifications