അടുക്കള മോഡേണാകും, പക്ഷേ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പൊള്ളും
ഇത് മോഡുലാർ കിച്ചനുകളുടെ കാലമാണ്. കാണാനുള്ള ആകർഷണീയത, ഉപയോഗിക്കാനുള്ള സൗകര്യം, വൃത്തിയാക്കാനും അറ്റകുറ്റപ്പണികൾക്കും എളുപ്പം എന്നിവ സമാസമം പാകത്തിൽ ചേരുന്നുണ്ട് മോഡുലാർ കിച്ചനുകളിൽ. ഡ്രോയറുകൾ, പുൾ–ഔട്ട് യൂണിറ്റുകൾ, കോർണർ സൊലൂഷനുകൾ എന്നിങ്ങനെ വ്യത്യസ്ത രീതികൾ ലഭ്യവുമാണ്. പക്ഷേ, പ്ലാനിങിലും മെറ്റീരിയൽ തെരഞ്ഞെടുക്കുന്നതിലും ശ്രദ്ധ കാട്ടിയില്ലെങ്കിൽ കൈ പൊള്ളുകയും ചെയ്യും.
മോഡുലാർ കിച്ചനുകൾ അടുക്കളപ്പണിയുടെ ഒഴുക്കിനെ സഹായിക്കുംവിധം വേണം ഡിസൈൻ ചെയ്യാൻ. ചെറുതും ഇടത്തരവുമായ ഇടങ്ങൾക്ക് L ആകൃതിയാണ് അഭികാമ്യം. U ആകൃതി എന്ന് പറയുന്നത് പരമാവധി സ്റ്റോറേജും വർക്ക്സ്പേസും നൽകുന്നവയാണ്. കോംപാക്ട് അപ്പാർട്ട്മെന്റുകൾക്ക് പാരലൽ കിച്ചനുകൾ, വലിയ ഓപ്പൺ–പ്ലാൻ വീടുകൾക്ക് ഐലൻഡ് കിച്ചനുകൾ, ഇടുങ്ങിയ ഇടങ്ങൾക്ക് വേണ്ടിയുള്ള പാരലൽ / ഗാലി രീതിയിലുള്ള മോഡുലാർ കിച്ചനുകൾ എന്നിങ്ങനെ വ്യത്യസ്ത മോഡലുകൾ ലഭ്യമാണ്.

മികച്ച അടുക്കള 'വർക്ക് ട്രയാംഗിൾ’ എന്ന ആശയത്തിലാവണം നിർമിക്കേണ്ടതെന്നാണ് വിദഗ്ധർ പറയുന്നത്. സിങ്ക്, സ്റ്റൗ, ഫ്രിഡ്ജ് എന്നിവയുടെ ഡിസൈൻ ഒരു ത്രികോണരൂപത്തിൽ ചെയ്താൽ അനാവശ്യമായ നടപ്പു കുറക്കാനും ജോലികൾ വേഗത്തിലാക്കാനും സഹായിക്കുമെന്നതാണ് ഇതിന് കാരണം. അടുക്കളയുടെ ഈട്, പരിപാലനം, ഭംഗി എന്നിവ നിർമാണത്തിനായി തെരഞ്ഞെടുക്കുന്ന മെറ്റീരിയലുകളെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് മറക്കരുത്. ഈർപ്പം ചെറുക്കാനുള്ള കഴിവുള്ളതുകൊണ്ട് ഇന്ത്യൻ അടുക്കളകൾക്ക് ഏറ്റവും അനുയോജ്യമായത് മറൈൻ പ്ലൈവുഡ് ആണെന്ന് വിദഗ്ധർ പറയുന്നു.
മീഡിയം ഡെൻസിറ്റി ഫൈബർ ബോർഡ് അഥവാ എംഡിഎഫ് ഫിനിഷിങ് നൽകുമെങ്കിലും ഈർപ്പത്തെ പ്രതിരോധിക്കാനുള്ള കഴിവ് കുറവാണ്. ഹയർ ഡെൻസിറ്റി ഫൈബർ ബോർഡ് അഥവാ എച്ച്ഡിഎഫിന് എംഡിഎഫിനേക്കാൾ കരുത്തും ഈടുമുണ്ട്. കോർ മെറ്റീരിയലുകൾക്ക് പുറമെ, കാബിനറ്റുകളുടെ പുറംഭാഗത്തിന് ഉപയോഗിക്കുന്ന ഫിനിഷും പ്രധാനമാണ്. ഇഷ്ടവും പരിപാലന സൗകര്യവും കണക്കിലെടുത്ത് ലാമിനേറ്റ്, അക്രിലിക്, മെംബ്രേൻ പോലുള്ള ഫിനിഷുകൾ തെരഞ്ഞെടുക്കാം. ഗ്ലോസി ഫിനിഷുകൾ കൂടുതൽ തിളക്കം നൽകുമെങ്കിലും വിരലടയാളങ്ങൾ എളുപ്പത്തിൽ പതിയുന്നത് ഒരു പോരായ്മയാണ്. പരിപാലനത്തിന് നല്ലത് മാറ്റ് ഫിനിഷുകൾ ആണ്.
അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രതലമായതിനാൽ കൗണ്ടർ ടോപ്പിന് ഈടുനിൽക്കുന്ന മെറ്റീരിയലുകൾ തന്നെ തെരഞ്ഞെടുക്കണം. കറ പിടിക്കാത്തതും ഈടു നിൽക്കുന്നതും എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്നതുമായ ക്വാർട്സ്, ഉറപ്പും ഭംഗിയും നൽകുന്ന ഗ്രാനൈറ്റ്, വിടവുകളില്ലാത്ത ഡിസൈനുകൾക്ക് അനുയോജ്യമായ സോളിഡ് സർഫസുകൾ എന്നിവയാണ് പതിവായി ഉപയോഗിച്ച് വരുന്നത്. സോഫ്റ്റ്–ക്ലോസ് ഹിഞ്ചുകൾ കാബിനറ്റുകളും ഡ്രോയറുകളും ശബ്ദമില്ലാതെ അടയ്ക്കാൻ സഹായിക്കും. ഡ്യൂറബിൾ ചാനലുകൾ ഡ്രോയറുകളുടെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്നു. വിശ്വസനീയമായ ബ്രാൻഡുകൾ ഉപയോഗിക്കുന്നത് മികച്ച വാറന്റിയും ദീർഘകാല പ്രവർത്തനക്ഷമതയും ഉറപ്പാക്കുകയും ചെയ്യും.
സ്റ്റോറേജ് സൗകര്യങ്ങൾ മനസ്സിൽ കണ്ട് വേണം പ്ലാൻ തയാറാക്കാൻ. പാത്രങ്ങൾ വെക്കാൻ ആഴത്തിലുള്ള ഡ്രോയറുകൾ, പലചരക്ക് സാധനങ്ങൾക്കും വീട്ടുപകരണങ്ങൾക്കും ടോൾ യൂണിറ്റുകൾ, മൂലകളിലെ സ്ഥലം ഉപയോഗിക്കാൻ കോർണർ സൊല്യൂഷനുകൾ, പൂർണമായി പുറത്തേക്ക് വലിക്കാവുന്ന പാൻട്രി യൂണിറ്റുകൾ, മസാലകൾ വെക്കാനുള്ള സ്പൈസ് റാക്കുകൾ എന്നിവ പ്രത്യേകം പ്രത്യേകം കരുതണം. മൈക്രോവേവ്, ഡിഷ്‌വാഷർ എന്നിവയ്ക്കുള്ള സ്ഥലം മുൻകൂട്ടി കണ്ടെത്തുന്നതും നല്ലതാണ്.
കൗണ്ടർടോപ്പുകളിലും സ്റ്റൗവിലും ആവശ്യത്തിന് വെളിച്ചം നൽകാൻ കാബിനറ്റുകൾക്ക് താഴെ നൽകുന്ന ടാസ്ക് ലൈറ്റുകൾ, അടുക്കളയിൽ മൊത്തത്തിൽ വെളിച്ചം നൽകുന്ന ആംബിയന്റ് ലൈറ്റുകൾ, അലങ്കാര വസ്തുക്കൾ പ്രദർശിപ്പിക്കുന്ന യൂണിറ്റുകൾക്ക് ഭംഗി കൂട്ടാനായി നൽകുന്ന ആക്സന്റ് ലൈറ്റുകൾ എന്നിവ ലഭ്യമാണ്. ബജറ്റ്, മെറ്റീരിയലുകളുടെ ഗുണമേന്മ എന്നീ കാര്യങ്ങൾ വിശദമായി പ്ലാൻ ചെയ്തില്ലെങ്കിൽ ചെലവ് കൂടാനും ഭാവയിൽ ബുദ്ധിമുട്ടുകളുണ്ടാകാനും സാധ്യതയുണ്ട്. വില, ഗുണമേന്മ എന്നിവയുടെ വിശദാംശങ്ങൾ കടക്കാരനിൽനിന്ന് വിശദമായി ചോദിച്ചറിയണം. മെറ്റീരിയലുകൾ, ഹാർഡ്‌വെയർ, ആക്സസറികൾ, ഇൻസ്റ്റലേഷൻ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണോ അന്തിമ വിലയെന്ന് ഉറപ്പുവരുത്തുക. മോഡുലാർ കിച്ചനുകൾ ദീർഘകാല നിക്ഷേപമായതിനാൽ പ്രഫഷണൽ ഇൻസ്റ്റലേഷൻ സേവനങ്ങൾ, വാറണ്ടി, വിൽപ്പനാനന്തര സേവനം എന്നിവ ഉറപ്പാക്കുന്നത് ഭാവിയിൽ ഉപകാരപ്പെടും.












Click it and Unblock the Notifications