Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്ലാസ്റ്റിക് സർജറിയെന്നാൽ സൗന്ദര്യ വർധക ശസ്ത്രക്രിയ മാത്രമല്ല; ജീവിതം തിരികെ നൽകുന്ന ശാസ്ത്രം'

ഡോ. സുബ്രഹ്മണ്യ അയ്യർ
പ്രൊഫസർ ആൻ്റ് ചെയർമാൻ
പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജറി
അമൃത ഹോസ്പിറ്റൽ, കൊച്ചി

പ്ലാസ്റ്റിക് സർജറി സൗന്ദര്യവർദ്ധനവിനുള്ള ശസ്ത്രക്രിയകൾ മാത്രമാണ് എന്നൊരു തെറ്റിദ്ധാരണ പൊതുസമൂഹത്തിലുണ്ട്. എന്നാൽ, ജീവിതം നഷ്ടപ്പെട്ടുപോയി എന്ന ഘട്ടത്തിൽ അനേകം മനുഷ്യരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും, ആത്മവിശ്വാസത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്ന നൂതന ചികിത്സാ ശാഖയാണിത് എന്ന് ചുരുക്കം ചിലർ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ.

മനുഷ്യൻ തന്റെ ദൈനംദിന പ്രവർത്തികൾക്കും, ഉപജീവനത്തിനും, കലാസൃഷ്ടികൾക്കും ആശയവിനിമയത്തിനും വളരെ സ്വാഭാവികമായിത്തന്നെ ഉപയോഗിക്കുന്ന ഒന്നാണ് അവൻ്റെ കൈകൾ. ഇതുകൊണ്ട് തന്നെയാണ് കൈകളില്ലാത്ത ഒരവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ പോലും നമുക്ക് സാധ്യമല്ലാത്തത്.

su2-19

കൈകളിൽ ഏൽക്കുന്ന നിസ്സാരമെന്ന് തോന്നുന്ന പരുക്കിന് പോലും ഒരാളുടെ ജീവിതം കീഴ്മേൽ മറിക്കാൻ സാധിക്കും. ജന്മനാലുള്ള വൈകല്യങ്ങൾ മുതൽ സങ്കീർണ്ണമായ പൊള്ളലുകൾ, മുഴകൾ എന്നിവയുടെയെല്ലാം ചികിത്സയും പുനർനിർമ്മാണവും എല്ലാം ഹാൻഡ് സർജറിയുടെ പരിധിയിലാണ് വരുന്നത്.എങ്കിലും, അപകടങ്ങളിൽ സംഭവിക്കുന്ന പരിക്കുകൾക്ക് ചികിത്സ തേടിയാണ് കൂടുതലായും പ്ലാസ്റ്റിക് സർജറി വിദഗ്ധരെ തേടിയെത്തുന്നത്.

കുടുംബത്തിന്റെ അത്താണിയായ, കഠിനാധ്വാനം ചെയ്യുന്ന ആളുകളാണ് ഇത്തരം അപകടങ്ങളിൽ ഇരകളാകുന്നത്. കൈകൾക്കുണ്ടാകുന്ന പരിക്കുകൾ മൂലം പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ പലപ്പോഴും സാമൂഹികമായ ഒറ്റപ്പെടലിലേക്കും കടുത്ത മാനസിക വിഷാദത്തിലേക്കും ആളുകളെ നയിക്കുന്നു. കലാകാരന്മാരുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട.എന്നാൽ, കൃത്യസമയത്ത് ലഭ്യമാക്കുന്ന ചികിത്സയിലൂടെ കൈകളുടെ ചലനശേഷിയും സ്പർശനശേഷിയും ബലവും വഴക്കവും പൂർണ്ണമായും തിരികെ കൊണ്ടുവരാൻ ഇന്ന് നമ്മൾക്ക് സാധിക്കും.

മൈക്രോ സർജറി, നാഡികളുടെയും ടെൻഡനുകളുടെയും പുനർനിർമാണം സംയോജനം, ഫിസിയോതെറാപ്പി എന്നിവയുടെ സമന്വയം എത്ര മോശം അവസ്ഥയിലുള്ള കൈകൾക്കും പൂർണ്ണ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നു.

ഹാൻഡ് സർജറിയെ സങ്കീർണ്ണമാക്കുന്നതും പ്ലാസ്റ്റിക് സർജന്മാർക്ക് ഏറ്റവുമധികം വെല്ലുവിളി ഉയർത്തുന്നതുമായ ചില ഘടകങ്ങളുണ്ട്. വലിയ രക്തക്കുഴലുകൾ മുതൽ വളരെ സൂക്ഷ്മമായവ വരെ തുന്നിച്ചേർക്കേണ്ടതുണ്ട്. സ്പർശനശേഷി തിരികെ കൊണ്ടുവരാൻ മുറിഞ്ഞുപോയ ഓരോ നാഡികളും കൃത്യമായി ബന്ധിപ്പിക്കണം. അസ്ഥികളുടെയും മസിലുകളുടെയും ചലനം ഉറപ്പാക്കാൻ ടെൻഡനുകൾ യോജിപ്പിക്കുകയും, അസ്ഥികൾ ഉറപ്പിക്കുക അതുകൂടാതെ മുറിവുകൾ മൂടാനും സങ്കീർണമായ സ്കിൻ ഫ്ലാപ്പുകൾ ആസൂത്രണം ചെയ്യുകയും വേണം. ഇവയെല്ലാം പ്ലാസ്റ്റിക് സർജന്റെ വൈദഗ്ധ്യത്തിന്റെ ഭാഗമാണ്. രോഗികളെ സാധാരണ ജീവിതത്തിലേക്കും ജോലിയിലേക്കും തിരികെ കൊണ്ടുവരുന്ന ട്രോമ കെയറിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്നത് പ്ലാസ്റ്റിക് സർജന്മാരാണ്.

ഒരിക്കൽ അസാധ്യമെന്ന് കരുതിയിരുന്ന കൈ മാറ്റിവെക്കൽ ശസ്ത്രക്രിയകളിൽ ഇന്ന് ലോകത്ത് മുൻപന്തിയിലാണ് ഇന്ത്യ. രണ്ടു കൈകളും മാറ്റിവെക്കുന്ന ശസ്ത്രക്രിയകളുടെ എണ്ണത്തിലും വിജയശതമാനത്തിലും നമ്മുടെ രാജ്യം വലിയ നേട്ടങ്ങൾ കൈവരിച്ചു. കൊച്ചിയിലെയും ഫരീദാബാദിലെയും ഞങ്ങളുടെ ടീമുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സങ്കീർണ്ണവും ദീർഘനേരം നീളുന്നതുമായ അനവധി ശസ്ത്രക്രിയകൾ ഇതിനോടകം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
ശാസ്ത്രവും കൂട്ടായ്മയും മാനുഷികമായ കരുണയും ഒത്തുചേരുമ്പോൾ ആധുനിക വൈദ്യശാസ്ത്രത്തിന് എത്രത്തോളം വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. ആഗോള നിലവാരത്തിലുള്ള ചികിത്സാ-ഗവേഷണ സൗകര്യങ്ങൾ ഇന്ത്യയിലും നമ്മുടെ സംസ്ഥാനത്തും ലഭ്യമാണെന്ന് ഇത് തെളിയിക്കുന്നു.

ആഗോള ശസ്ത്രക്രിയാ രംഗത്തേക്കുള്ള ഇന്ത്യയുടെ സംഭാവനകളിൽ നമുക്ക് അഭിമാനിക്കാം. നമ്മുടെ പ്ലാസ്റ്റിക് സർജന്മാർ ട്രോമ കെയർ, മൈക്രോ സർജറി, ട്രാൻസ്പ്ലാന്റേഷൻ എന്നീ മേഖലകളിൽ വലിയ മുന്നേറ്റങ്ങൾ നടത്തിക്കൊണ്ട് നിത്യേന അനേകായിരം മനുഷ്യരുടെ ജീവിതങ്ങളെ സംരക്ഷിക്കുകയും സമൂഹത്തെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. പരിക്കേറ്റ ഒരു കൈ പൂർവ്വസ്ഥിതിയിലാക്കുമ്പോൾ, ആ വ്യക്തിയുടെ ഉപജീവനമാർഗ്ഗവും ആത്മാഭിമാനവും ഒരു കുടുംബത്തിന്റെ സമാധാനവും സ്ഥിരതയുമാണ് അവർ തിരികെ നൽകുന്നത്.

ഹാൻഡ് സർജറിയുടെ ഏറ്റവും സവിശേഷമായ ഫലവും അതുതന്നെയാണ്. മറ്റുള്ളവരുടെ മുറിവുകൾ സുഖപ്പെടുത്താൻ അശ്രാന്തം പരിശ്രമിക്കുന്ന അനേകായിരം കൈകൾക്ക് നമുക്ക് ആദരമർപ്പിക്കാം'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+