മുടിക്ക് നല്ല ഉള്ള് വയ്ക്കാന്‍ വിറ്റാമിന്‍ ഇ ഗുളിക ഈ അഞ്ചു രീതിയില്‍ പ്രയോഗിക്കൂ; നിരാശപ്പെടേണ്ടി വരില്ല
ഇന്ന് പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് വിറ്റാമിന്‍ ഇ ക്യാപ്സ്യൂളുകള്‍. എല്ലാ വീടുകളിലും ഇത് മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് വാങ്ങിവയ്ക്കാറുണ്ട്. ചര്‍മ്മസൗന്ദര്യത്തിനും കേശസംരക്ഷണത്തിനുമാണ് സാധാരണ ഇത് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള വലിയ ധാരണ പലര്‍ക്കും ഇല്ല.
മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും കനം വര്‍ധിപ്പിക്കാനും വിറ്റാമിന്‍ ഇ ഓയില്‍ ഗുണം ചെയ്യുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ മികച്ച ഫലം ലഭിക്കും. ഈ എണ്ണയെ ദൈനംദിന കേശസംരക്ഷണത്തില്‍ എങ്ങനെ ഭാഗമാക്കണമെന്നുള്ള ചില ലളിതമായ വഴികളാണ് ചുവടെ കൊടുക്കുന്നത്.
വിറ്റാമിന്‍ ഇ ഓയില്‍ നേരിട്ട് ശിരോചര്‍മ്മത്തില്‍ പുരട്ടുക. വിറ്റാമിന്‍ ഇ ക്യാപ്സ്യൂളുകളില്‍ ഒരെണ്ണം എടുത്ത് പൊട്ടിച്ച് അതിലെ എണ്ണ വൃത്തിയുള്ള ഒരു പാത്രത്തിലേക്ക് മാറ്റുക. ഈ എണ്ണ ശിരോചര്‍മ്മത്തില്‍ മൃദുവായും സാവധാനത്തിലും മസാജ് ചെയ്യുക. കുറച്ചുനേരം വെച്ചശേഷം, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകിക്കളയാവുന്നതാണ്.

മറ്റ് എണ്ണകളുമായി മിശ്രണം ചെയ്യുക
വിറ്റാമിന്‍ ഇ എണ്ണ പലരും വെളിച്ചെണ്ണ, ബദാം എണ്ണ, ഒലിവ് എണ്ണ പോലുള്ള ഓയിലുകളുമായി ചേര്‍ത്തും ഉപയോഗിക്കാറുണ്ട്. ഇതും മുടിയുടെ ഉള്ള് വര്‍ധിക്കാന്‍ ഫലപ്രദമാണ്. ചൂടാക്കിയ എണ്ണയിലേക്ക് അല്‍പം വിറ്റാമിന്‍ ഇ ക്യാപ്സ്യൂളിലെ എണ്ണ ചേര്‍ക്കുക. ഇത് നന്നായി കലര്‍ത്തിയ ശേഷം ശിരോചര്‍മ്മത്തിലും മുടിയുടെ അറ്റം വരെയും മസാജ് ചെയ്യുക.
ഹെയര്‍ മാസ്‌കുകളില്‍ വിറ്റാമിന്‍ ഇ ചേര്‍ക്കുക
വീട്ടിലുണ്ടാക്കുന്ന ഹെയര്‍ മാസ്‌കുകളിലും വിറ്റാമിന്‍ ഇ ക്യാപ്സ്യൂളുകള്‍ ചേര്‍ക്കാവുന്നതാണ്. തൈര്, കറ്റാര്‍വാഴ ജെല്‍, പഴം എന്നിവ മുടിയില്‍ ഉപയോഗിക്കുമ്പോള്‍ അതിലേക്ക് വിറ്റാമിന്‍ ഇ ഓയില്‍ ചേര്‍ക്കാം. ഇത് നല്ലതു പോലെ യോജിപ്പിച്ച് മുടിയുടെ വേരുമുതല്‍ അറ്റം വരെ പുരട്ടുക. കുറച്ചു സമയം ഹെയര്‍ മാസ്‌ക് വെച്ച ശേഷം നന്നായി കഴുകി കളയുക.
ഷാംപൂ, കണ്ടീഷണറിനൊപ്പം വിറ്റാമിന്‍ ഇ
ഷാംപൂ പോലുള്ള മുടി സംരക്ഷണ ഉല്‍പ്പന്നങ്ങളിലും വിറ്റാമിന്‍ ഇ ക്യാപ്സ്യൂളിലെ എണ്ണ ചേര്‍ക്കുന്നത് നല്ലതാണ്. ഒരു ക്യാപ്സ്യൂള്‍ പൊട്ടിച്ച് ഷാംപൂവിന്റെയോ കണ്ടീഷണറിന്റെയോ കൂടെ ചേര്‍ക്കുക. തുടര്‍ന്ന് പതിവു പോലെ മുടി കഴുകുകയോ കണ്ടീഷന്‍ ചെയ്യുകയോ ചെയ്യാം.
കറ്റാര്‍വാഴ ജെല്ലിനൊപ്പം വിറ്റാമിന്‍ ഇ ഓയില്‍
വിറ്റാമിന്‍ ഇ എണ്ണ കറ്റാര്‍വാഴ ജെല്ലില്‍ മിശ്രണം ചെയ്ത് ഏതാനും തുള്ളികള്‍ മാത്രമെടുത്ത് ഈര്‍പ്പമുള്ള മുടിയുടെ അറ്റങ്ങളില്‍ നന്നായി പുരട്ടുക. ഇത് പിന്നീട് കഴുകി കളയേണ്ട ആവശ്യമില്ല.
വിറ്റാമിന്‍ ഇ ഉപയോഗിക്കുന്നതിന് മുന്‍പ് ഓര്‍ക്കേണ്ട കാര്യങ്ങള്‍
വിറ്റാമിന്‍ ഇ ഓയില്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഏതാനും തുള്ളിയെടുത്ത് ചര്‍മ്മത്തില്‍ പുരട്ടി ടെസ്റ്റ് ചെയ്തു നോക്കുക. ഇത് ചര്‍മത്തിന് എന്തെങ്കിലും അസ്വസ്ഥതതകള്‍ ഉണ്ടാക്കുന്നുണ്ടോ എന്ന് മനസിലാക്കാന്‍ സഹായിക്കും. അമിതമായ അളവില്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക. അതേസമയം, ശിരോചര്‍മ്മത്തില്‍ വലിയ പ്രശ്‌നങ്ങളുള്ളവര്‍ ഡോക്ടറെയോ ഡെര്‍മറ്റോളജിസ്റ്റിനെയോ സമീപിക്കുന്നതാണ് ഉചിതം.
കേശ സംരക്ഷണത്തിനായി വിറ്റാമിന്‍ ഇ ക്യാപ്സ്യൂളുകള്‍ ഫലപ്രദമാണെങ്കിലും ഓരോ വ്യക്തിയുടെയും സൗകര്യത്തിനും മുടിയുടെ ഘടനയ്ക്കും അനുസരിച്ചാണ് ഇത്തരം ചികിത്സാ രീതികള്‍ തിരഞ്ഞെടുക്കേണ്ടത്. ഇതില്‍ നിന്നുള്ള ഫലങ്ങളും ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും.












Click it and Unblock the Notifications