പ്രായമാകും മുൻപേ മുടിയാകെ നരച്ച് തുടങ്ങിയോ? ഡൈ വേണ്ട, നര മാറ്റാൻ വീട്ടിൽ തന്നെയുണ്ട് വഴികൾ
ആദ്യമൊന്നും നരച്ച മുടി പലരും ശ്രദ്ധിക്കാറില്ലെങ്കിലും, ക്രമേണ ഇത് വലിയൊരു ആശങ്കയായി മാറിയേക്കാം. ചർമ്മത്തിന് പ്രായമാകുന്നതുപോലെ മുടിക്കും മാറ്റങ്ങൾ സംഭവിക്കുന്നു. ഇരുപതുകളുടെ അവസാനത്തിലോ മുപ്പതുകളിലോ അകാല നര നേരിടുന്നവർ ഇതിനെ ഗൗരവമായി കാണണം. ചൂട്, മലിനീകരണം, പുകവലി, ഭക്ഷണരീതി, ഹോർമോൺ വ്യതിയാനങ്ങൾ, പാരമ്പര്യം എന്നിവയെല്ലാം പ്രധാന കാരണങ്ങളാണ്.
ഈ പ്രശ്നത്തിന് കൃത്രിമ നിറങ്ങൾ ഉപയോഗിച്ച് യഥാർത്ഥ കാരണം മറച്ച് വെക്കേണ്ട. മറിച്ച്, വീട്ടിലുള്ള പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് ഈ വെല്ലുവിളിയെ നേരിടാം. അകാല നര തടയുന്നതിനപ്പുറം, മുടിയുടെ ആരോഗ്യ സൗന്ദര്യത്തിനും ഉത്തമമായ അഞ്ച് പ്രകൃതിദത്ത പ്രതിവിധികളാണ് താഴെ.
കറിവേപ്പിലയും വെളിച്ചെണ്ണയും: കറിവേപ്പില മുടിയുടെ വേരുകളെ പുനരുജ്ജീവിപ്പിച്ച് വിറ്റാമിൻ ബി വഴി സ്വാഭാവിക നിറം വീണ്ടെടുക്കാൻ സഹായിക്കുന്നു. തലയോട്ടിക്ക് തണുപ്പ് നൽകുന്ന വെളിച്ചെണ്ണ കറിവേപ്പിലയുമായി ചേരുമ്പോൾ നരയെ നിയന്ത്രിക്കാൻ ഉത്തമമാണ്. ഒരു കപ്പ് കറിവേപ്പില ഒരു കപ്പ് വെളിച്ചെണ്ണയിൽ ചേർത്ത് കറുപ്പ് നിറമാകുന്നതുവരെ തിളപ്പിക്കുക. പിന്നീട് അരിച്ച് തണുപ്പിച്ച ശേഷം ആഴ്ചയിൽ മൂന്ന് തവണ മുടിയിൽ പുരട്ടാം.

ബദാം എണ്ണയും നാരങ്ങാനീരും: വിറ്റാമിൻ ഇ ധാരാളമടങ്ങിയ ബദാം എണ്ണ മുടിയുടെ വേരുകളെ പോഷിപ്പിച്ച് അകാല നര തടയും. നാരങ്ങാനീര് വളർച്ചയെ ത്വരിതപ്പെടുത്തുകയും തിളക്കം നൽകുകയും ചെയ്യും. ഒരു പാത്രത്തിൽ ബദാം എണ്ണയും അല്പം നാരങ്ങാനീരും ചേർത്ത് തലയോട്ടിയിൽ മസാജ് ചെയ്യുക. അര മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. സ്ഥിരമായ ഉപയോഗം മികച്ച ഫലം നൽകും.
നെല്ലിക്കയും ഉലുവയും: വിറ്റാമിൻ സിയുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയായ നെല്ലിക്ക നരച്ച മുടിയെ ഇല്ലാതാക്കാൻ ഫലപ്രദമാണ്. ഉലുവ അകാല നരയെ ചെറുക്കുകയും മുടിക്ക് സ്വാഭാവികമായ കറുപ്പ് നിറം നൽകുകയും ചെയ്യും. ഈ ചേരുവകൾ ഒരുമിച്ച് ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് പ്രയോജനകരമാണ്.
6-7 നെല്ലിക്ക കഷ്ണങ്ങൾ എണ്ണയിൽ ചേർത്ത് ഏതാനും മിനിറ്റ് ചൂടാക്കുക. ശേഷം ഒരു ടേബിൾസ്പൂൺ ഉലുവപ്പൊടി മിശ്രിതത്തിലേക്ക് ചേർത്ത് യോജിപ്പിക്കുക. ഇത് തണുത്ത ശേഷം അരിച്ച്, ഉറങ്ങുന്നതിന് മുമ്പ് മുടിയിൽ പുരട്ടുക. രാവിലെ വീര്യം കുറഞ്ഞ ഹെർബൽ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. രണ്ടോ മൂന്നോ ഉപയോഗത്തിൽ മാറ്റം കാണാനാകും.
കട്ടൻചായ ഹെയർ റിൻസ്: നരച്ച മുടി മറയ്ക്കാനും മുടിയിഴകൾക്ക് കറുപ്പ് നിറം നൽകാനും തിളക്കം കൂട്ടാനും കട്ടൻചായ മികച്ചതാണ്. കെരാറ്റിനും മെലാനിനും വർദ്ധിപ്പിച്ച് സ്വാഭാവിക നിറം വീണ്ടെടുക്കാൻ ഇത് സഹായിക്കും. രണ്ട് ടേബിൾസ്പൂൺ കട്ടൻചായ ഒരു കപ്പ് വെള്ളത്തിൽ തിളപ്പിച്ച് ഒരു ടീസ്പൂൺ ഉപ്പ് ചേർക്കുക. തണുത്ത ശേഷം, കഴുകി വൃത്തിയാക്കിയ മുടിയിൽ ഇത് പുരട്ടുക.
സവാള ഹെയർ മാസ്ക്: നരച്ച മുടിക്ക് സവാള നീര് മികച്ച പ്രതിവിധിയാണ്. ഇത് കറ്റാലേസ് എന്ന എൻസൈമിന്റെ ഉത്പാദനം വർദ്ധിപ്പിച്ച് മുടിക്ക് കറുപ്പ് നിറം നൽകാനും വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. സൾഫർ ധാരാളമുള്ളതിനാൽ സവാള പ്രകടമായ മാറ്റം നൽകും. മൂന്ന് ടേബിൾസ്പൂൺ സവാള നീര്, ഒരു ടേബിൾസ്പൂൺ ഒലിവ് ഓയിൽ, അല്പം നാരങ്ങാനീര് എന്നിവ യോജിപ്പിക്കുക. ഈ മിശ്രിതം തലയോട്ടിയിൽ മസാജ് ചെയ്ത് ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം.












Click it and Unblock the Notifications