പൾമണറി എഡിമ: ശ്വാസകോശത്തിൽ ദ്രാവകം നിറയുന്ന അപകടാവസ്ഥ
രാത്രിയിൽ സാധാരണ പോലെ ഉറങ്ങാൻ കിടന്ന വ്യക്തി അർദ്ധരാത്രിയോടെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ട് ഞെട്ടിയുണരുമ്പോൾ എന്താണ് എന്ന് ചോദിച്ചാൽ വെള്ളത്തിൽ മുങ്ങിത്താഴുന്നതുപോലെ സമാനമായ അവസ്ഥ കിടക്കുമ്പോൾ ശ്വാസമെടുക്കാൻ കഴിയാതെ വരുക, നിർത്താതെയുള്ള ചുമയും നെഞ്ചിൽ ഒരുതരം കുറുകലും അനുഭവപ്പെടുന്ന അവസ്ഥ. ഇവയെല്ലാം ഹൃദയാഘാതമാണോ എന്ന് പലരും സംശയിക്കുന്ന ഈ അടിയന്തര സാഹചര്യത്തിന് പിന്നിൽ ഫ്ലാഷ് പൾമണറി എഡിമ എന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാകാം.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു മിന്നൽ പ്രളയം (ഫ്ലാഷ് ഫ്ളഡ്) പോലെ മിനിറ്റുകൾക്കുള്ളിൽ ശ്വാസകോശത്തിൽ ദ്രാവകം നിറയുന്ന അവസ്ഥയാണിത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഈ അവസ്ഥയ്ക്ക് പിന്നിലെ പ്രധാന വില്ലൻ പെട്ടെന്നുണ്ടാകുന്ന അമിത രക്തസമ്മർദ്ദമാണ്.
എന്താണ് പൾമണറി എഡിമ?
നാം ശ്വസിക്കുന്ന ഓക്സിജനെ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നത് ശ്വാസകോശത്തിലെ അതിസൂക്ഷ്മമായ വായു അറകളായ ആൽവിയോളകൾ മുഖേനയാണ്. സാധാരണഗതിയിൽ ഈ അറകളിൽ വായു മാത്രമാണ് ഉണ്ടാവുക. എന്നാൽ ഏതെങ്കിലും കാരണവശാൽ ശ്വാസകോശത്തിലെ രക്തക്കുഴലുകളിൽ നിന്ന് ദ്രാവകം ഈ വായു അറകളിലേക്ക് ചോർന്നിറങ്ങുന്ന അവസ്ഥയെയാണ് വൈദ്യശാസ്ത്രത്തിൽ പൾമണറി എഡിമ എന്ന് വിളിക്കുന്നത്.
സാധാരണ ഹൃദയസ്തംഭനം ഉള്ളവരിൽ ദിവസങ്ങളോ ആഴ്ചകളോ കൊണ്ടാണ് ശ്വാസകോശത്തിൽ നീർക്കെട്ട് രൂപപ്പെടുന്നത്. എന്നാൽ യാതൊരു മുന്നറിയിപ്പുമില്ലാതെ മിനിറ്റുകൾക്കുള്ളിൽ രക്തസമ്മർദ്ദം അപകടകരമായ നിലയിലേക്ക് കുതിച്ചുയരുകയും തൽഫലമായി ശ്വാസകോശത്തിലെ വായു അറകൾ അതിവേഗം ദ്രാവകം കൊണ്ട് നിറയുകയും ചെയ്യുന്ന അവസ്ഥയാണ് ഫ്ലാഷ് പൾമണറി എഡിമ. വൈദ്യശാസ്ത്രത്തിൽ ഇതിനെ സ്കേപ്പ് (എസ്.സി.എ.പി.ഇ) എന്നും വിശേഷിപ്പിക്കാറുണ്ട്.

രക്തസമ്മർദ്ദം ഉയരുമ്പോൾ ശ്വാസകോശത്തിൽ എങ്ങനെ ദ്രാവകം നിറയുന്നു?
- ഹൃദയത്തിന്മേലുള്ള അമിത സമ്മർദ്ദം: ശുദ്ധരക്തത്തെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പമ്പ് ചെയ്യുന്നത് ഹൃദയത്തിന്റെ ഇടതുഭാഗത്തെ അറയായ ഇടത് വെൻട്രിക്കിളാണ്. രക്തസമ്മർദ്ദം പെട്ടെന്ന് ഉയരുമ്പോൾ രക്തധമനികളിലെ സമ്മർദ്ദം അതികഠിനമാകുന്നു. ഈ ഉയർന്ന സമ്മർദ്ദത്തെ മറികടന്ന് രക്തം പമ്പ് ചെയ്യാൻ ഇടത് വെൻട്രിക്കിളിന് സാധിക്കാതെ വരുന്നു.
- പമ്പ് ചെയ്യാൻ കഴിയാത്തതിനാൽ രക്തം ഹൃദയത്തിന്റെ മുകളിലത്തെ അറയായ ഇടത് ഏട്രിയത്തിലേക്കും അവിടെ നിന്ന് ശുദ്ധരക്തം കൊണ്ടുവരുന്ന ശ്വാസകോശത്തിലെ രക്തക്കുഴലുകളിലേക്കും തിരികെ തള്ളപ്പെടുന്നു.
- ശ്വാസകോശത്തിലെ അതിലോലമായ രക്തക്കുഴലുകളിൽ സമ്മർദ്ദം അമിതമായി വർദ്ധിക്കുമ്പോൾ രക്തത്തിലെ ദ്രാവകാംശം രക്തക്കുഴലുകളുടെ ഭിത്തിയിലൂടെ പുറത്തേക്ക് തള്ളപ്പെട്ട് വായു അറകളിലേക്ക് നിറയുന്നു. ഇതോടെ ശ്വാസകോശത്തിന് ഓക്സിജൻ സ്വീകരിക്കാൻ കഴിയാതാവുകയും രോഗിക്ക് കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ചെയ്യുന്നു.
ലക്ഷണങ്ങൾ തിരിച്ചറിയാം: ഓരോ നിമിഷവും നിർണ്ണായകം
ഫ്ലാഷ് പൾമണറി എഡിമയുടെ ലക്ഷണങ്ങൾ വളരെ പെട്ടെന്നാണ് പ്രകടമാകുന്നത്. അതിനാൽ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും സമയം കളയരുത്:
- വിശ്രമിക്കുമ്പോഴോ ഉറങ്ങുമ്പോഴോ പെട്ടെന്നുണ്ടാകുന്ന അതിതീവ്രമായ ശ്വാസതടസ്സം.
- മലർന്നു കിടക്കുമ്പോൾ ശ്വാസതടസ്സം കൂടുകയും എഴുന്നേറ്റിരിക്കുകയോ തലയിണ ഉയർത്തി വയ്ക്കുകയോ ചെയ്യുമ്പോൾ നേരിയ ആശ്വാസം തോന്നുകയും ചെയ്യുക.
- ശ്വാസകോശത്തിൽ ദ്രാവകം നിറയുന്നതിനാൽ ശ്വാസം കിട്ടാതെ പിടയുന്ന അവസ്ഥ.
- നിർത്താതെയുള്ള ചുമയോടൊപ്പം പതയോ നുരയോ ഉള്ള കഫം വരിക. ചിലപ്പോൾ രക്തക്കുഴലുകളിലെ സമ്മർദ്ദം കാരണം കഫത്തിന് ഇളം നിറം ഉണ്ടാകാം.
- നെഞ്ചിൽ വരിഞ്ഞുമുറുക്കുന്നത് പോലെയുള്ള വേദനയോ അസ്വസ്ഥതയോ ശ്വാസമെടുക്കുമ്പോൾ നെഞ്ചിൽ നിന്ന് കുറുകുന്ന ശബ്ദമോ കേൾക്കുക.
- ശരീരം വിയർക്കുക, അമിതമായ ഉത്കണ്ഠ, ഹൃദയമിടിപ്പ് ക്രമാതീതമായി കൂടുക.
- ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതിനാൽ ചുണ്ടുകളിലും വിരലുകളുടെ അറ്റത്തും നീലനിറം കാണപ്പെടുക.
പൾമണറി എഡിമയുടെ പ്രധാന കാരണങ്ങൾ
- നിയന്ത്രണമില്ലാത്ത രക്തസമ്മർദ്ദം.
- വൃക്കയിലേക്കുള്ള രക്തക്കുഴലുകളുടെ ചുരുങ്ങുന്ന അവസ്ഥ.
- ഹൃദ്രോഗങ്ങൾ
- വൃക്കരോഗങ്ങൾ
- അമിതമായ ഉപ്പിന്റെ (സോഡിയം) ഉപയോഗം
- ഉറക്കത്തിൽ ശ്വാസം തടസ്സപ്പെടുന്ന സ്ലീപ് അപ്നിയ എന്ന രോഗാവസ്ഥയുള്ളവരിൽ രാത്രികാലങ്ങളിൽ രക്തസമ്മർദ്ദം പെട്ടെന്ന് ഉയരാം.
അടിയന്തര സാഹചര്യത്തിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും
ഫ്ലാഷ് പൾമണറി എഡിമ ഒരു മെഡിക്കൽ എമർജൻസി (Medical Emergency) ആണ്. വീട്ടിൽ വെച്ചുള്ള പ്രഥമശുശ്രൂഷകൾ കൊണ്ട് ഇത് ഭേദമാകില്ല. എങ്കിലും ആശുപത്രിയിൽ എത്തിക്കുന്നത് വരെ രോഗിയുടെ ജീവൻ രക്ഷിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
ചെയ്യേണ്ടവ:
- ഉടൻ ആശുപത്രിയിലേക്ക് മാറ്റുക.
- രോഗിയെ നേരെ ഇരുത്തുക.
- വായുസഞ്ചാരം ഉറപ്പാക്കുക.
- മരുന്നുകളുടെ വിവരങ്ങൾ കരുതുക.
ചെയ്യരുതാത്തവ:
- രോഗിയെ ഒരിക്കലും മലർത്തി കിടത്തരുത്.
- വെള്ളമോ ഭക്ഷണമോ നൽകരുത്.
- ലക്ഷണങ്ങൾ സ്വയം കുറയുമെന്ന് കരുതി കാത്തിരിക്കരുത്.
ചികിത്സാ രീതികൾ
ആശുപത്രിയിൽ എത്തിച്ചാലുടൻ പരിശോധനകൾക്കൊപ്പം തന്നെ ജീവൻ രക്ഷാ ചികിത്സകളും ആരംഭിക്കും:
- ഓക്സിജൻ തെറാപ്പി: ഉയർന്ന മർദ്ദത്തിൽ ഓക്സിജൻ നൽകുന്ന നോൺ-ഇൻവേസീവ് വെന്റിലേഷൻ മുഖേന ശ്വാസകോശത്തിലെ വായു അറകളിൽ കയറിയ ദ്രാവകത്തെ തിരികെ രക്തക്കുഴലുകളിലേക്ക് തള്ളിമാറ്റാനും ശ്വാസമെടുക്കൽ എളുപ്പമാക്കാനും സാധിക്കും.
- രക്തസമ്മർദ്ദം കുറയ്ക്കാനുള്ള മരുന്നുകൾ: ഞരമ്പിലൂടെ നൽകുന്ന വാസോഡയലേറ്റർ (ഉദാഹരണത്തിന് നൈട്രോഗ്ലിസറിൻ) മരുന്നുകൾ വഴി രക്തക്കുഴലുകളെ വികസിപ്പിക്കുകയും ഹൃദയത്തിന്മേലുള്ള സമ്മർദ്ദം മിനിറ്റുകൾക്കുള്ളിൽ കുറയ്ക്കുകയും ചെയ്യുന്നു.
- അധികജലം പുറന്തള്ളാനുള്ള മരുന്നുകൾ: മൂത്രത്തിലൂടെ ശരീരത്തിലെ അധികദ്രാവകം പുറന്തള്ളാനുള്ള മരുന്നുകൾ കുത്തിവയ്പ്പുകൾ നൽകുന്നു.
- പരിശോധനകൾ: പൾസ് ഓക്സിമെട്രി, ഇ.സി.ജി, നെഞ്ചിന്റെ എക്സ്-റേ, എക്കോകാർഡിയോഗ്രാം, രക്തപരിശോധനകൾ എന്നിവയിലൂടെ രോഗത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തുകയും. ആവശ്യമെങ്കിൽ വൃക്കയിലെ രക്തക്കുഴലുകളുടെ ഡോപ്ലർ സ്കാനും നിർദ്ദേശിക്കാറുണ്ട്.
പ്രതിരോധ മാർഗ്ഗങ്ങൾ: ഹൃദയത്തെയും ശ്വാസകോശത്തെയും സംരക്ഷിക്കാം
കൃത്യമായ ജീവിതശൈലിയിലൂടെയും ചികിത്സയിലൂടെയും ഫ്ലാഷ് പൾമണറി എഡിമയെ പൂർണ്ണമായും പ്രതിരോധിക്കാൻ സാധിക്കും:
- രക്തസമ്മർദ്ദം കൃത്യമായി നിയന്ത്രിക്കുക: രക്തസമ്മർദ്ദം സാധാരണ നിലയിലാണെന്ന് തോന്നിയാലും ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്നുകൾ നിർത്തുകയോ അളവ് കുറയ്ക്കുകയോ ചെയ്യരുത്.
- ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക: ദിവസേനയുള്ള ഉപ്പിന്റെ അളവ് 5 ഗ്രാമിൽ താഴെയായി പരിമിതപ്പെടുത്തുക. അച്ചാർ, പപ്പടം, ഉണക്കമീൻ, ബേക്കറി പലഹാരങ്ങൾ, ടിന്നിലടച്ച ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.
- വേദനസംഹാരികൾ സൂക്ഷിച്ച് ഉപയോഗിക്കുക: ഡോക്ടറുടെ നിർദ്ദേശമില്ലാതെ വേദനസംഹാരികൾ കഴിക്കുന്നത് വൃക്കകളെ ബാധിക്കുകയും രക്തസമ്മർദ്ദം ഉയർത്തുകയും ചെയ്യും.
- കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുക: പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, വൃക്കരോഗം എന്നിവയുള്ളവർ കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തണം.
- ആരോഗ്യകരമായ ജീവിതശൈലി: പുകവലിയും മദ്യപാനവും പൂർണ്ണമായും ഒഴിവാക്കുക. ഡോക്ടർ നിർദ്ദേശിക്കുന്ന രീതിയിലുള്ള ലഘുവ്യായാമങ്ങൾ ശീലമാക്കുക. മാനസിക സമ്മർദ്ദം കുറയ്ക്കാനും കൃത്യമായ ഉറക്കം ലഭിക്കാനും ശ്രദ്ധിക്കുക.
രക്തസമ്മർദ്ദത്തെ നിസ്സാരമായി കാണാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. നിശബ്ദ കൊലയാളിയായ രക്തസമ്മർദ്ദത്തെ കൃത്യമായ മരുന്നുകളിലൂടെയും ചിട്ടയായ ജീവിതശൈലിയിലൂടെയും വരുതിയിലാക്കിയാൽ ശ്വാസകോശത്തെയും ഹൃദയത്തെയും ഇത്തരം അപ്രതീക്ഷിത അപകടങ്ങളിൽ നിന്ന് സുരക്ഷിതമായി കാത്തുസൂക്ഷിക്കാം.


Click it and Unblock the Notifications
