സൂര്യപ്രകാശം പൂര്‍ണമായി ഒഴിവാക്കരുത്; മാധവന്‍ പറയുന്നതിന്റെ കാരണം ഇതാണ്: ഒപ്പം ചില ബ്യൂട്ടി ടിപ്‌സും
രണ്ടായിരം കാലഘട്ടത്തില്‍ തെന്നിന്ത്യയിലെ ചെറുപ്പക്കാരുടെ ഹൃദയം കീഴടക്കിയ നടന്‍ മാധവന് ഇപ്പോഴും അന്നത്തേതില്‍ നിന്ന് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. മുഖത്തെ കുട്ടിത്തം ആണ് മാധവന്റെ ഏറ്റവും വലിയ പ്രത്യേകത. ഇപ്പോള്‍ 55 വയസുണ്ടെങ്കില്‍ പോലും കണ്ടാല്‍ മുപ്പതുകളില്‍ ആണെന്ന് തോന്നും. സ്വാഭാവികമായ സൗന്ദര്യമാണ് മാധവന്റേത്.
തമിഴിലാണ് ഭാഗ്യം തെളിഞ്ഞതെങ്കിലും മലയാളത്തിലും തമിഴിലും നിരവധി ആരാധകരെ സ്വന്തമാക്കാന്‍ മാധവന് കഴിഞ്ഞിട്ടുണ്ട്. അതിനു കാരണം 2000 ത്തില്‍ ഇറങ്ങിയ അലൈപായുതേ എന്ന റൊമാന്റിക് ചിത്രമാണ്. മലയാളികളുടെ പ്രിയ നടി ബേബി ശാലിനിയുടെ നായകനായി തകര്‍ത്ത് അഭിനയിച്ച മാധവന്‍ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് വളരെ അനായാസം കയറി കൂടുകയായിരുന്നു.

മാധവന്റെ അനായാസമായ അഭിനയം പോലെ തന്നെ പ്രേക്ഷകരുടെ മനസിലും ഇടം പിടിക്കാന്‍ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ അക്കാലത്തെ ക്രഷ് ആയിരുന്നു മാധവന്‍. യഥാര്‍ത്ഥ പ്രായത്തേക്കാള്‍ വളരെ കുറച്ചു പ്രായം മാത്രമാണ് മാധവന് തോന്നിയിരുന്നത്. മറ്റു സൂപ്പര്‍ താരങ്ങളെ പോലെ അമിതമായ സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങളൊന്നും അദ്ദേഹം തേടിയിരുന്നില്ല. തന്റെ മുഖത്ത് എപ്പോഴുമുള്ള പ്രസന്നത തന്നെയായിരുന്നു അദ്ദേഹത്തിന്റെ സൗന്ദര്യ രഹസ്യവും.
ഇപ്പോഴിതാ തന്റെ മുഖത്തും ശരീരത്തിലും പ്രായത്തിന്റേതായ ഒരു ചുളുവും ബാധിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് മാധവന്‍. വെളിച്ചെണ്ണയും ഇളനീരും സൂര്യപ്രകാശവും സസ്യാഹാരവുമാണ് ഈ സൗന്ദര്യത്തിന്റെ പിന്നില്‍ എന്ന് മാധവന്‍ പറയുന്നു.
എണ്ണയില്‍ വറുത്തു പൊരിച്ച ഭക്ഷണവും മദ്യവും പരിമിതപ്പെടുത്തിയാണ് മാധവന്‍ സൗന്ദര്യം നിലനിര്‍ത്തുന്നത്. ജിക്യൂ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ ചര്‍മ സംരക്ഷണത്തെക്കുറിച്ച് മാധവന്‍ വെളിപ്പെടുത്തിയത്.
ചുളിവുകളും കേടുപാടുകളും ഇല്ലാത്ത മനോഹരമായ ചര്‍മം സ്വന്തമാക്കാന്‍ സൂര്യപ്രകാശം പൂര്‍ണമായും ഒഴിവാക്കരുതെന്ന് മാധവന്‍ പറയുന്നു. കാരണം വിറ്റാമിന്‍ ഡിയുടെ കലവറയാണ് സൂര്യപ്രകാശം. നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും വിറ്റാമിന്‍ ഡിയുടെ അളവ് വര്‍ദ്ധിപ്പിക്കാനും മിതമായ അളവില്‍ സൂര്യപ്രകാശം ഏല്‍ക്കണമെന്ന് മാധവന്‍ പറയുന്നു.
അമ്പതുകളിലും തന്റെ ചര്‍മ്മ ചുളിവുകളില്ലാത്തതായി കാണപ്പെടുന്നതിന്റെ കാരണം മിതമായ രീതിയില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നതും വെളിച്ചെണ്ണയും സസ്യാഹാരവും ഇളനീരും ശീലമാക്കിയതിനാലാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
'ഞാന്‍ അതിരാവിലെയുള്ള ഇളം വെയിലില്‍ ഗോള്‍ഫ് കളിക്കാറുണ്ട്. എനിക്ക് ടാന്‍ ബാധിക്കാറുണ്ട്. പക്ഷേ അത് ചര്‍മ്മത്തെ മുറുക്കാനും ചുളിവുകള്‍ വരാതെ സൂക്ഷിക്കാനും സഹായിക്കുന്നു. ചര്‍മത്തില്‍ കൃത്രിമമായ സൗന്ദര്യ പരീക്ഷണങ്ങളൊന്നും നടത്താറില്ല. കഥാപാത്രത്തിനായി ഇടയ്ക്ക് ഫേഷ്യല്‍ ചെയ്യും. തേങ്ങാവെള്ളം കൊണ്ട് മുഖം കഴുകും. എന്റെ ഫിറ്റ്‌നസിനും ക്ഷേമത്തിനും സസ്യാഹാരമാണ് പിന്തുടരുന്നത്'.
ശരീരം ശ്രദ്ധിക്കണമെന്നും വയറിന് ആയാസം നല്‍കാത്ത ഭക്ഷണം തിരഞ്ഞെടുക്കാനും എണ്ണയില്‍ വറുത്ത ഭക്ഷണവും മദ്യവും ഒഴിവാക്കാനും മാധവന്‍ നിര്‍ദേശിക്കുന്നു. എന്റെ ചെറുപ്പത്തില്‍ വീട്ടില്‍ ഫ്രിഡ്ജ് ഇല്ലായിരുന്നു. അതിനാല്‍ ഭക്ഷണം എപ്പോഴും ഫ്രഷായി തയ്യാറാക്കും. ആ ശീലം വലുതായപ്പോഴും പിന്തുടര്‍ന്നു.
ഫാസ്റ്റ് ഫുഡ്, പായ്ക്ക് ചെയ്ത ഭക്ഷണം, വീണ്ടും ചൂടാക്കിയ ഭക്ഷണം, സീസണ്‍ അല്ലാത്ത പഴങ്ങള്‍ എന്നിവ ഞാന്‍ തിരഞ്ഞെടുക്കാറില്ല. ഞാനുള്ള സെറ്റില്‍ എന്റെ അമ്മ ഉണ്ടാക്കുന്നതു പോലുള്ള ലളിതമായ വിഭവങ്ങള്‍ പാചകം ചെയ്യാന്‍ എന്റെ ഷെഫിനെയും കൂടെ കൊണ്ടുപോകും.
എന്റെ മുത്തശ്ശിമാര്‍ 92-93 വയസ് വരെ ജീവിച്ചിരുന്നു. അവര്‍ ദിവസം മൂന്ന് നേരവും അരി ആഹാരമാണ് കഴിച്ചിരുന്നത്. എനിക്ക് വിശക്കുമ്പോള്‍ മാത്രമേ ഞാന്‍ ഭക്ഷണം കഴിക്കൂ, സമയം നോക്കാതെ. അത് ഊര്‍ജത്തോടെയും സ്വസ്ഥമായും ചെറുപ്പമായും നിലനിര്‍ത്താന്‍ എന്നെ സഹായിക്കുന്നു.'












Click it and Unblock the Notifications