ചാടിയ വയറിനെ ഒതുക്കാം, ആദ്യം ഒഴിവാക്കേണ്ടത് ഇവ; ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങളും
കൊഴുപ്പ് എരിച്ച് കളയാൻ ഏറ്റവും പാടുള്ള ശരീരഭാഗമാണ് വയർ. അതുകൊണ്ടാണ് പഠിച്ചപണി പലതും പയറ്റിയാലും ചിലരുടെ കുടവയറിനെ പിടിച്ചുകെട്ടാൻ കഴിയാത്തത്. എന്ന് വെച്ച് ഒരിക്കൽ ചാടിയ വയറിനെ ഒതുക്കാൻ പിന്നെ കഴിയുകയേ ഇല്ലെന്നല്ല. അതിന് അൽപം അധ്വാനം കൂടുതൽ വേണം. അതോടൊപ്പം ചില ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചില ഭക്ഷണങ്ങൾ നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തുകയും വേണം. അവ ഏതൊക്കെയാണെന്ന് വിശദമായി നോക്കാം.
ശുപാർശ ചെയ്യുന്ന അരക്കെട്ടിൻ്റെ ചുറ്റളവ് പുരുഷന്മാർക്ക് 90 സെൻ്റിമീറ്ററിൽ താഴെയും സ്ത്രീകൾക്ക് 80 സെൻ്റിമീറ്ററിൽ താഴെയുമാണ്. ഈ അളവിൽ കൂടിയാൽ നിങ്ങളുടേത് കുടവയറാണ്. ചാടിയ വയർ ഒതുക്കണമെങ്കിൽ ആദ്യ ശ്രദ്ധ നൽകേണ്ടത് ഭക്ഷണകാര്യത്തിൽ തന്നെ. സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം പിന്തുടരാതെ കുടവയർ ഒരിഞ്ച് പോലും കുറയില്ല. അതുപോലെ തന്നെ വയറിലെ പേശികൾ ദൃഢമാകുന്നതിനും വയർ ടോൺ ചെയ്യുന്നതിനും മതിയായ വ്യായാമവും അത്യാവശ്യമാണ്.

ഉയർന്ന പ്രോട്ടീൻ, നാരുകൾ അടങ്ങിയ ഭക്ഷണം എന്നിവ വയറിലെ പേശികൾ ദൃഢമാക്കാൻ നിങ്ങളെ സഹായിക്കും. പ്ലാൻക് , ക്രൻചസ് പോലെ വയറിലെ പേശികൾക്ക് വേണ്ടിയുള്ള വ്യായാമ മുറകളും പാലിക്കാം.
ലയിക്കുന്ന നാരുകൾ അടങ്ങിയ ഭക്ഷണമാണ് ഡയറ്റിൽ പ്രധാനമായും ഉൾപ്പെടുത്തേണ്ടത്. ഇതോടൊപ്പം പ്രോട്ടീനും കഴിക്കാം. അതേസമയം ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ,മദ്യം എന്നിവ ഒവിവാക്കാം. മധുരത്തോടും നോ പറയാം. സമ്മർദ്ദങ്ങളേയും നിയന്ത്രിക്കാം.
കാർബോഹൈഡ്രേറ്റും കൊഴുപ്പും കുറഞ്ഞ ഭക്ഷണക്രമമാണ് തിരഞ്ഞെടുക്കേണ്ടത്. ബോഡി ടോണിംഗും എയ്റോബിക് വ്യായാമങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ദിവസവും 45-60 മിനിറ്റ് വ്യായാമത്തിൽ ഏർപ്പെടാം. ഓർക്കേണ്ട കാര്യം എത്ര ഭക്ഷണം കുറച്ചാലും വയറ് കുറയില്ല, അതോടൊപ്പം വ്യായാമവും പ്രധാനമാണ്. അതിന് ജിമ്മിനെ തന്നെ ആശ്രയിക്കണമെന്നില്ല. പകരം വീട്ടിൽ തന്നെ എളുപ്പം ചെയ്യാവുന്ന വ്യായാമങ്ങൾ പിന്തുടരാൻ ശ്രമിക്കാം.
വയറ് കുറക്കാൻ സഹായിക്കുന്ന ചില പച്ചക്കറികൾ കൂടി പരിചയപ്പെടാം
പാവയ്ക്ക
കയ്പക്ക, ശരീരഭാരം കുറയ്ക്കാനുള്ള ഗുണങ്ങൾക്ക് പേരുകേട്ടതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല പാവയ്ക്കയിൽ കുറഞ്ഞ കലോറി മാത്രമേ ഉള്ളൂ. നാരുകളാലും സമ്പന്നമാണ്.
മുരിങ്ങയില
വിറ്റാമിനുകളാലും ധാതുക്കളാലും സമ്പുഷ്ടമാണ് മുരിങ്ങയില. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും ഇവയിൽ ധാരാളം ഉണ്ട്.
കക്കിരി
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ജലാംശം അടങ്ങിയ പച്ചക്കറിയാണ് കക്കിരി. ഇവയിൽ കലോറി കുറവാണ്. കക്കിരി കഴിക്കുന്നത് ജലാംശവും പൂർണ്ണതയും നിലനിർത്താൻ സഹായിക്കും.
ചീര
ഇരുമ്പും മറ്റ് അവശ്യ പോഷകങ്ങളും ചീരയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറി കുറവാണെങ്കിലും നാരുകൾ കൂടുതലായതിനാൽ ദഹനത്തെ സഹായിക്കുന്നു. ഭക്ഷണത്തിൽ ചീര ഉൾപ്പെടുത്തുന്നത് ധാരാളം കലോറികൾ കഴിക്കാതെ തന്നെ പൂർണ്ണത അനുഭവിക്കാൻ സഹായിക്കും.
മത്തങ്ങ
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പരമ്പരാഗത പച്ചക്കറിയാണ് മത്തങ്ങ. ഇതിൽ കലോറി കുറവാണെങ്കിലും നാരുകളും വിറ്റാമിനുകളും കൂടുതലാണ്.












Click it and Unblock the Notifications