നിങ്ങള്‍ 'അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടി'യാണോ..? എങ്ങനെ തിരിച്ചറിയാം
'അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടി' എന്ന വിശേഷണം നമ്മളെല്ലാവരും കേട്ടിട്ടുണ്ടാകും. പെണ്‍കുട്ടികളായാല്‍ അടങ്ങിയൊതുങ്ങി ജീവിക്കണം എന്ന പഴഞ്ചന്‍ ചിന്താരീതിയുടെ കണ്ടെത്തലാണിത്. ഒരു അംഗീകൃത മനഃശാസ്ത്രപരമായ പദമല്ലെങ്കിലും പൊതുവെ ഗുഡ് ഗേള്‍ സിന്‍ഡ്രോം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ചില പെരുമാറ്റങ്ങളോ പ്രവണതകളോ ഉള്ള വ്യക്തിയെ വിവരിക്കാനാണ് ഊ വാക്ക് ഇത് അനൗപചാരികമായി ഉപയോഗിക്കുന്നു.
പെണ്‍കുട്ടികള്‍ അനുസരണയുള്ളവരും, എല്ലാ ത്യാഗവും സഹിച്ച് ജീവിക്കേണ്ടവരാണ് എന്ന ആശയം നമ്മുടെ സംസ്‌കാരത്തില്‍ മഹത്വവല്‍ക്കരിക്കപ്പെടുന്നു. എതിര്‍ത്തൊന്നും പറയാതിരിക്കുക, ശബ്ദം ഉയര്‍ത്തി സംസാരിക്കാതിരിക്കുക എന്നതൊക്കെയാണ് ' നല്ല പെണ്‍കുട്ടികളുടെ' ലക്ഷണമായി പഴമക്കാര്‍ പറയുന്നത്. അത്തരം ആളുകളെ മഹത്വവത്കരിക്കുന്ന സ്ത്രീ കഥാപാത്രങ്ങളുള്ള ഒരുപാട് സിനിമകളും സീരിയലുകളും നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്.

എങ്കിലും പുതിയ കാലത്തെ സ്ത്രീകള്‍ ഈ സമ്പ്രദായങ്ങളെ എല്ലാം പൊളിച്ചെറിഞ്ഞ് സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എത്തിയിട്ടുണ്ട്. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തില്‍ ഇന്ന് ഉറച്ച ശബ്ദത്തോടെയും തെളിമയുള്ള വാക്കുകളിലൂടേയും സ്വന്തം നിലപാട് പറയാന്‍ പല സ്ത്രീകളും പ്രാപ്തരാണ്. എങ്കിലും ചിലരൊക്കെ ഇപ്പോഴും ആ പഴഞ്ചന്‍ സംസ്‌കാരം മുറുകെ പിടിക്കുന്നവരാണ്. നിങ്ങളും ഇതുപോലെ ഗുഡ് ഗേള്‍ സിന്‍ഡ്രോം ബാധിച്ചവരാണോ എന്ന് എങ്ങനെയാണ് അറിയേണ്ടത് എന്ന് നോക്കാം.
സ്വന്തം ഇഷ്ടത്തിന് ഒരു വിലയും നല്‍കാതെ മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്നവരാണ് നിങ്ങളെങ്കില്‍ 'നല്ല പിള്ള'യാകുന്നവരുടെ ലിസ്റ്റിലായിരിക്കും സ്ഥാനം. ഇഷ്ടമില്ലാത്ത കാര്യങ്ങളില്‍ പോലും ഇല്ല എന്ന് പറയാന്‍ ഇത്തരക്കാര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. മറ്റുള്ളവര്‍ തന്നെ കുറിച്ച് എന്ത് കരുതും എന്ന നിരന്തരമായ ഭയം ഇത്തരക്കാരില്‍ ഉറച്ച തീരുമാനമെടുക്കുന്നതിനെ തടയുന്നു. ഭക്ഷണം, വസ്ത്രം എന്നിവയില്‍ പോലും ഇവര്‍ക്ക് സ്വന്തം തിരഞ്ഞെടുപ്പുണ്ടായിരിക്കില്ല.
വ്യക്തിപരമായ അതിരുകള്‍ നിര്‍ണയിക്കുന്നതിനും ഒരാളുടെ പരിധികള്‍ ഉറപ്പിച്ച് ആശയവിനിമയം നടത്താനും ഇത്തരക്കാര്‍ക്ക് കഴിയില്ല. എത്ര വലിയ പ്രശ്‌നങ്ങള്‍ വന്നാലും എല്ലാം സഹിച്ച് 'ത്യാഗപൂര്‍ണമായ ജീവിതം' നയിക്കുന്നവരായിരിക്കും ഇവര്‍. ആണുങ്ങള്‍ക്ക് മുന്നില്‍ ശബ്ദമുയര്‍ത്തി സംസാരിക്കാനും എതിര്‍പ്പ് പ്രകടിപ്പിക്കാനും സ്വന്തം അഭിപ്രായം പറയാനും മടിയുള്ളവരായിരിക്കും ഇവര്‍.
അതേസമയം ഇതൊരു മാനസിക രോഗമല്ല. ഒരിക്കല്‍ തിരിച്ചറിഞ്ഞാല്‍ ആളുകള്‍ക്ക് മറികടക്കാന്‍ കഴിയുന്ന ഒരു വൈകാരിക അവസ്ഥ മാത്രമാണിത്. വ്യത്യസ്ത സാഹചര്യങ്ങളിലും ആളുകളുമായുമുള്ള സമ്പര്‍ക്കം മൂലം ഈ വ്യവസ്ഥയിലെ അപകടങ്ങള്‍ തിരിച്ചറിയുകയും വിശ്വാസ സമ്പ്രദായങ്ങള്‍ മാറ്റുകയും ചെയ്യാം എന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.












Click it and Unblock the Notifications