അടിക്കണ്ട, ഉപദേശിക്കണ്ട; മക്കളെ നന്നാക്കാൻ ഇതാ പുതിയ തന്ത്രം
കുട്ടികളെ വളർത്തുക എന്നത് ഇന്നത്തെ കാലത്ത് മാതാപിതാക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. പണ്ട് കുട്ടികൾ വാശി പിടിച്ചാൽ അടി നൽകിയോ വഴക്ക് പറഞ്ഞോ അവരെ നിയന്ത്രിക്കാമായിരുന്നു. എന്നാൽ ആ പഴയ രീതികളൊക്കെ ഇപ്പോൾ മാറിമറിയുകയാണ്. ചൈനയിലെ മാതാപിതാക്കൾക്കിടയിൽ ഇപ്പോൾ വലിയ തോതിൽ പ്രചാരത്തിലുള്ള ഒന്നാണ് 'റിവേഴ്സ് പാരന്റിംഗ്' (Reverse Parenting). കുട്ടികളെ ശകാരിക്കുന്നതിന് പകരം അവരുടെ സ്വഭാവത്തിനനുസരിച്ച് നീങ്ങുകയും, സ്വന്തം പ്രവർത്തികളുടെ പ്രത്യാഘാതങ്ങൾ അവർ തന്നെ അനുഭവിച്ച് മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണിത്.
എന്താണ് ഈ രീതിയുടെ പ്രത്യേകത?
2022-ൽ ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിൽ നടന്ന ഒരു സംഭവമാണ് ഈ ട്രെൻഡിന് തുടക്കമിട്ടത്. കഠിനമായ തണുപ്പുള്ള സമയത്ത് കനം കുറഞ്ഞ വസ്ത്രം ധരിച്ച് പുറത്തുപോകണമെന്ന് വാശിപിടിച്ച മകളെ അമ്മ തടഞ്ഞില്ല. പകരം അവൾ ആഗ്രഹിച്ച വസ്ത്രം ധരിച്ച് പുറത്തേക്ക് പോകാൻ അനുവദിച്ചു. തണുപ്പ് അസഹനീയമായപ്പോൾ കുട്ടിക്ക് തന്നെ കാര്യം മനസ്സിലാകുകയും ഉടൻ തിരികെ വരികയും ചെയ്തു. ഈ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ മാതാപിതാക്കൾ ഈ രീതി പരീക്ഷിക്കാൻ തുടങ്ങി.

റിവേഴ്സ് പാരന്റിംഗ് പ്രധാനമായും മൂന്ന് രീതികളിലാണ് നടപ്പിലാക്കുന്നത്
റോൾ റിവേഴ്സൽ (Role Reversal): മാതാപിതാക്കൾ ചില സമയങ്ങളിൽ കുട്ടികളെപ്പോലെ ദുർബലരായി അഭിനയിക്കുന്നു. "എനിക്ക് ഇത് ചെയ്യാൻ അറിയില്ല, ഒന്ന് സഹായിക്കാമോ?" എന്ന് കുട്ടികളോട് ചോദിക്കുമ്പോൾ അവർ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പഠിക്കുന്നു. ഇത് കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നു.
കോൺസിക്വൻസ് എക്സ്പീരിയൻസ് (Consequence Experience): കുട്ടികൾ എടുക്കുന്ന തെറ്റായ തീരുമാനങ്ങളുടെ ഫലം അവർ തന്നെ അനുഭവിക്കട്ടെ എന്ന് വെക്കുന്നു. ഉദാഹരണത്തിന്, പഠനം നിർത്തി ഗെയിം കളിക്കാൻ വാശിപിടിച്ച എട്ടു വയസ്സുകാരനോട് മാതാപിതാക്കൾ പറഞ്ഞത് ദിവസം 16 മണിക്കൂർ ഗെയിം കളിക്കണമെന്നാണ്. വെറും മൂന്ന് ദിവസം കൊണ്ട് കുട്ടി തളരുകയും പഠനത്തിന്റെ വില മനസ്സിലാക്കുകയും ചെയ്തു.
മിറർഡ് റെസ്പോൺസ് (Mirrored Response): കുട്ടികൾ കാണിക്കുന്ന വാശി മാതാപിതാക്കൾ അതേപടി അനുകരിക്കുന്നു. ഐസ്ക്രീമിനായി നിലത്തുകിടന്ന് കരഞ്ഞ മകൾക്ക് മുന്നിൽ അമ്മയും അതേപോലെ കിടന്ന് ഉറക്കെ കരഞ്ഞു. ഇത് കണ്ട് അമ്പരന്ന കുട്ടി കരച്ചിൽ നിർത്തി എന്നാണ് അനുഭവസ്ഥർ പറയുന്നത്.
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം
കഠിനമായ ശിക്ഷകൾ നൽകുന്നതിനേക്കാൾ കുട്ടികൾക്ക് അവരുടെ തെറ്റുകൾ സ്വയം ബോധ്യപ്പെടുത്തി കൊടുക്കുന്നതാണ് ഈ രീതിയുടെ ഗുണമെന്ന് വിദഗ്ധർ പറയുന്നു. ഇത് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള മാനസികമായ അടുപ്പം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശാസനയേക്കാൾ അനുഭവങ്ങളിലൂടെ പാഠം പഠിക്കുന്നതാണ് മക്കളെ നല്ല രീതിയിൽ വളർത്താൻ നല്ലതെന്ന് ചൈനീസ് മാതാപിതാക്കൾ വിശ്വസിക്കുന്നു. മലയാളികൾക്കും പരീക്ഷിച്ചു നോക്കാവുന്ന ഒരു രീതിയാണിത്.












Click it and Unblock the Notifications