ആദ്യ ശമ്പളം 500 രൂപ; ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക: സാമന്തയുടെ ആസ്തി
ഹൈദരാബാദ്: സാമന്തയുടെ വിവാഹ വാര്‍ത്തകളാണ് ദേശീയ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത്. ആരും ആഗ്രഹിക്കുന്ന താരത്തിളക്കത്തിനൊപ്പം എന്നും വിവാദങ്ങളുടെ നിഴലിലായിരുന്നു സാമന്തയുടെ ജീവിതം. നടന്‍ നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിലൂടെയും തന്നെ ബാധിച്ച അസുഖത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലിലൂടെയും തലക്കെട്ടുകളില്‍ സാമന്ത നിറഞ്ഞുനിന്നു.
ഡിസംബര്‍ ഒന്നിന് സാമന്ത ജീവിതത്തില്‍ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു. സംവിധായകന്‍ രാജ് നിദിമോരുവുമായുള്ള വിവാഹമാണ് സാമന്തയുടെ ജീവിതത്തില്‍ പുതിയ അധ്യായം തുറന്നിരിക്കുന്നത്.
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. ഗോഡ്ഫാദര്‍മാരില്ലാതെ കഠിനാധ്വാനത്തിലൂടെ വളര്‍ന്നു വന്ന താരം. അടുത്തിടെ തന്റെ ജീവിതത്തിലെ പടിപടിയായുള്ള ഉയര്‍ച്ചയെക്കുറിച്ച് സാമന്ത സംസാരിച്ചിരുന്നു.
കഠിനാധ്വാനത്തിലൂടെ സ്വന്തമായി പണം സമ്പാദിച്ചു തുടങ്ങിയ സാമന്ത ഒരു സാധാരണ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്നാണ് ഈ ഉയരങ്ങളിലേക്ക് എത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ നടന്ന ആസ്‌ക് മീ എനിതിങ് എന്ന സെഷനില്‍, തന്റെ ആദ്യ വരുമാനം 500 രൂപയായിരുന്നുവെന്ന് സാമന്ത വെളിപ്പെടുത്തിയിരുന്നു.

ഒരു ഹോട്ടലില്‍ നടന്ന കോണ്‍ഫറന്‍സില്‍ എട്ട് മണിക്കൂര്‍ ഹോസ്റ്റസ് ആയി നിന്ന് ജോലി ചെയ്തതിനാണ് ആദ്യ വരുമാനമായ 500 രൂപ ലഭിച്ചത്. അന്ന് താന്‍ പത്താം ക്ലാസിലോ പതിനൊന്നാം ക്ലാസിലോ ആയിരുന്നുവെന്ന് അവര്‍ ഓര്‍മ പങ്കുവെച്ചു. തീരെ ചെറിയ തുകയായിരുന്നെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം എന്താണെന്ന് ആദ്യമായി അറിഞ്ഞതിനാല്‍ ആ ജോലി തനിക്ക് വലിയ സന്തോഷം നല്‍കിയെന്ന് സാമന്ത പറഞ്ഞു.
ഇന്ന്, രാജ്യത്തെ ഏറ്റവും മികച്ച പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് സാമന്ത. വരുണ്‍ ധവാനോടൊപ്പം അഭിനയിച്ച ഹിന്ദി വെബ് സീരീസായ 'സിറ്റാഡല്‍: ഹണി ബണ്ണി'യിലെ അഭിനയത്തിന് നടി 10 കോടിയോളം രൂപ വാങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. നടിയുടെ ഇപ്പോഴത്തെ ആസ്തി ഏകദേശം 100-110 കോടി രൂപയാണെന്നാണ് കണക്കുകള്‍. ഒരു സിനിമയില്‍ നിന്ന് മൂന്നു മുതല്‍ അഞ്ചു കോടി രൂപ വരെയാണ് സാമന്ത പ്രതിഫലം വാങ്ങുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ വിലയേറിയ പ്രോപ്പര്‍ട്ടികളും സാമന്തയ്ക്കുണ്ട്.
ഹൈദരാബാദില്‍ 7.8 കോടി മൂല്യമുള്ള ഡ്യൂപ്ലെക്‌സ് അപ്പാര്‍ട്ട്‌മെന്റ് മുംബൈയിലെ കടലിനെ അഭിമുഖീകരിക്കുന്ന മൂന്ന് ബെഡ്‌റൂം ഫ്‌ളാറ്റും സാമന്തയ്ക്ക് സ്വന്തമായുണ്ട്. അതിന്റെ മൂല്യം 15 കോടിയോളം വരും. കോടികള്‍ വിലയുള്ള കാറുകളും ഇന്ന് സ്വന്തമായുണ്ട്.
കോയമ്പത്തൂരില്‍ നടന്ന ചടങ്ങിലാണ് അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ രാജ് നിദിമോരുവുമായി സാമന്ത പുതിയ ജീവിതത്തിലേക്കു പ്രവേശിച്ചത്.












Click it and Unblock the Notifications