വിരമിച്ചാലും സമ്പത്തിനൊരു കുറവുമില്ല; പ്രതിവര്‍ഷം സാനിയയുടെ അക്കൗണ്ടിലെത്തുന്നത് കോടികള്‍!!
ലോക ടെന്നീസില്‍ ഇന്ത്യയുടെ അഭിമാനമാണ് സാനിയ മിര്‍സ. ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം അലങ്കരിച്ചിട്ടുള്ള സാനിയ ആറ് മേജര്‍ കിരീടങ്ങളും സ്വന്തം അക്കൗണ്ടില്‍ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ടെന്നീസില്‍ നിന്ന് സാനിയ മിര്‍സ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2003 ല്‍ ആണ് സാനിയ ടെന്നീസ് ലോകത്തേക്ക് എത്തുന്നത്. 2007 ല്‍ ലോക ടെന്നീസ് റാങ്കിംഗില്‍ ഒന്നാമതെത്തിയതാണ് ഏറ്റവും മികച്ച നേട്ടം.
മാര്‍ട്ടിന ഹിംഗിസ് അടക്കം മികച്ച താരങ്ങളെ പരാജയപ്പെടുത്തിയ ചരിത്രവുമാണ് സാനിയയ്ക്ക്. 2013 ല്‍ സിംഗിള്‍സില്‍ നിന്ന് വിരമിച്ച സാനിയ പിന്നീട് ഡബിള്‍സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മിക്സഡ് ഡബിള്‍സിലും വുമണ്‍ ഡബിള്‍സിലുമായാണ് ആറ് കിരീടം നേടിയത്. വിരമിച്ചെങ്കിലും പരസ്യങ്ങളിലും ടി വി ഷോകളിലും ഇപ്പോഴും സജീവമാണ് സാനിയ മിര്‍സ. അടുത്തിടെ ഷൊയ്ബ് മാലിക്കുമായുള്ള വിവാഹ മോചന വാര്‍ത്തകളിലൂടെ സാനിയ മിര്‍സ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

2010 ല്‍ ആയിരുന്നു സാനിയ ഷൊയ്ബിനെ വിവാഹം ചെയ്തത്. 2018 ല്‍ ഇഹ്സാന്‍ മിര്‍സ മാലിക് എന്ന ആണ്‍കുഞ്ഞിന് സാനിയ ജന്മം നല്‍കി. 2022 ഒക്ടോബര്‍ മുതലാണ് ഷൊയ്ബുമായുള്ള വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ പുറത്ത് വന്നത്. എന്നാല്‍ ഷൊയ്ബ് മാലിക്കോ സാനിയ മിര്‍സയോ വിവാഹ മോചന വാര്‍ത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
2023-ലെ കണക്കനുസരിച്ച് സാനിയ മിര്‍സയുടെ ആസ്തി 26 മില്യണ്‍ ഡോളറാണ് (ഏകദേശം 210 കോടി രൂപ). ടെന്നീസില്‍ നിന്നുള്ള പ്രതിഫലത്തേക്കാള്‍ സാനിയയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും ബ്രാന്‍ഡ് അംഗീകാരങ്ങളില്‍ നിന്നും വ്യക്തിഗത നിക്ഷേപങ്ങളില്‍ നിന്നുമാണ്. മുന്‍നിര ബ്രാന്‍ഡുകളുമായി സാനിയ അടുത്ത ബന്ധം പുലര്‍ത്തുന്നു. ഒപ്പം 'സാനിയ മിര്‍സ ടെന്നീസ് അക്കാദമി' പോലുള്ള സംരംഭങ്ങളും താരത്തിന്റെ വരുമാനത്തില്‍ ഗണ്യമായ പങ്ക് വഹിക്കുന്നു.
തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് സാനിയ ചെലവഴിച്ചിരിക്കുന്നത്. ഹൈദരാബാദില്‍ ഏകദേശം 13 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര ഭവനം സാനിയയ്ക്കുണ്ട്. ദുബായില്‍ അതിന്റേതായ സ്വകാര്യ ബീച്ചുകളുള്ള ദ്വീപില്‍ മനോഹരമായ ബംഗ്ലാവും സ്വന്തമായുണ്ട്. സാനിയ മിര്‍സയുടെ കാര്‍ കളക്ഷന്‍ അവരുടെ സാമ്പത്തിക ഭദ്രതയുടെ മറ്റൊരു തെളിവാണ്.
റേഞ്ച് റോവര്‍, മെഴ്‌സിഡസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ ബ്രാന്‍ഡുകളുടെ ആഡംബര വാഹനങ്ങള്‍ സാനിയയുടെ ഗ്യാരേജിലുണ്ട്. പ്രതിവര്‍ഷം 6 കോടി രൂപയാണ് സാനിയ സമ്പാദിക്കുന്നത്. മറ്റ് വരുമാന സ്രോതസുകളില്‍ നിന്നായി പ്രതിമാസം 50 ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഡബ്ല്യു ടി എ ടൂറില്‍ നിന്നുള്ള സാനിയയുടെ കരിയറിലെ വരുമാനം 6,963,060 ഡോളറാണ്.
നൈക്ക്, അഡിഡാസ്, സ്‌പ്രൈറ്റ്, ബോണ്ട് ഓര്‍ ബാന്‍ഡ് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുമായുള്ള സഹകരണം സാനിയ മിര്‍സയുടെ വരുമാനം വര്‍ധിപ്പിക്കുന്നു. സമ്പാദ്യത്തിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാനിയ ശ്രദ്ധ കൊടുക്കാറുണ്ട്. കൊവിഡ് സമയത്ത് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കാനുള്ള ഒരു ക്യാംപെയ്ന് സാനിയ മിര്‍സ നേതൃത്വം നല്‍കിയിരുന്നു.












Click it and Unblock the Notifications