38-ാം വയസ്സിലും തിളങ്ങുന്ന ചർമ്മവും ഫിറ്റ്നസും! ശ്രദ്ധ കപൂറിന്റെ ഈ ലളിതമായ സൗന്ദര്യ ശീലങ്ങൾ നിങ്ങൾക്കുമറിയാം
ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള, എപ്പോഴും ചിരിച്ച മുഖത്തോടെ കാണപ്പെടുന്ന പ്രിയതാരങ്ങളിൽ ഒരാളാണ് ശ്രദ്ധ കപൂർ. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ തിളങ്ങുന്ന ശ്രദ്ധ, തന്റെ സ്വാഭാവികമായ സൗന്ദര്യം കൊണ്ടും ഫിറ്റ്നസ് കൊണ്ടും എപ്പോഴും ആരാധകരെ അത്ഭുതപ്പെടുത്താറുണ്ട്. 38 വയസ്സിലും ഇരുപതിന്റെ യുവത്വവും തിളക്കവും നിലനിർത്താൻ ശ്രദ്ധയ്ക്ക് എങ്ങനെ സാധിക്കുന്നു എന്നത് പലരുടെയും സംശയമാണ്. അമിതമായ മേക്കപ്പുകളോ കഠിനമായ ഡയറ്റുകളോ ഇല്ലാതെ വളരെ ലളിതവും പ്രകൃതിദത്തവുമായ ചില ശീലങ്ങളിലൂടെയാണ് താരം തന്റെ ഭംഗി നിലനിർത്തുന്നത്. ശ്രദ്ധ കപൂർ പിന്തുടരുന്ന ആ സൗന്ദര്യ-ഫിറ്റ്നസ് രഹസ്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. എസൻഷ്യൽ ഓയിലുകളുടെ ആരാധക
വിപണിയിൽ ലഭിക്കുന്ന വിലകൂടിയ ക്രീമുകൾക്കും സെറങ്ങൾക്കും പിന്നാലെ പോകുന്നതിനേക്കാൾ ശ്രദ്ധയ്ക്ക് ഇഷ്ടം പ്രകൃതിദത്തമായ എസൻഷ്യൽ ഓയിലുകളാണ്. പൂക്കൾ, സസ്യങ്ങൾ, വിത്തുകൾ എന്നിവയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എസൻഷ്യൽ ഓയിലുകൾ തനിക്ക് അനുയോജ്യമായ രീതിയിൽ മിക്സ് ചെയ്ത് ഉപയോഗിക്കാൻ താരത്തിന് ഏറെ താൽപ്പര്യമുണ്ട്. ഇതൊരു വെറും ചർമ്മ സംരക്ഷണം മാത്രമല്ല, മറിച്ച് മനസ്സിന് ശാന്തത നൽകുന്ന ഒരു ധ്യാനം പോലെയാണ് താൻ ആസ്വദിക്കുന്നതെന്ന് ശ്രദ്ധ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ മാനസിക സന്തോഷം കൂടിയാണ് ശ്രദ്ധയുടെ മുഖത്തെ തിളക്കത്തിന് പിന്നിൽ.
2. മേക്കപ്പിന് മുൻപ് ഐസിങ്
സിനിമയിലെ ഗ്ലാമർ ലുക്കാകട്ടെ, സാധാരണ ദിവസങ്ങളിലെ ലളിതമായ ലുക്കാകട്ടെ, ശ്രദ്ധയുടെ മുഖം എപ്പോഴും ഫ്രഷ് ആയിരിക്കും. ഇതിനായി മേക്കപ്പ് ചെയ്യുന്നതിന് തൊട്ടുമുൻപ് താരം ചെയ്യുന്ന ഒരു വിദ്യയുണ്ട്; മുഖത്ത് ഐസ് ക്യൂബുകൾ ഉപയോഗിച്ച് മസ്സാജ് ചെയ്യുക. 'ഫേസ് ഐസിങ്' ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കാനും, രക്തയോട്ടം കൂട്ടാനും, മുഖത്തെ തടിപ്പ് കുറയ്ക്കാനും സഹായിക്കും. ഇതിനൊപ്പം നല്ല ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളും ആരോഗ്യകരമായ ഭക്ഷണരീതിയും താരം നിർബന്ധമാക്കാറുണ്ട്.

3. ബോറടിപ്പിക്കാത്ത വർക്കൗട്ടുകൾ
വർക്കൗട്ടുകൾ എപ്പോഴും ഒരേ രീതിയിൽ ചെയ്യുന്നത് ശ്രദ്ധയ്ക്ക് ഇഷ്ടമല്ല. അതുകൊണ്ട് തന്നെ ജിമ്മിലെ കഠിനമായ വ്യായാമങ്ങൾക്ക് പകരം യോഗ, ഹൈ-ഇന്റൻസിറ്റി ഇന്റർവൽ ട്രെയിനിങ് എന്നിവ മാറിമാറി ചെയ്യാനാണ് ശ്രദ്ധയ്ക്ക് താൽപ്പര്യമുള്ളത്. തന്റെ ശരീരത്തിന്റെ ഊർജ്ജ നിലയും മൂഡും അനുസരിച്ച് വ്യായാമ മുറകൾ മാറ്റാൻ താരം ശ്രദ്ധിക്കാറുണ്ട്. വൈകുന്നേരം 6 മണിക്ക് മുൻപായി വർക്കൗട്ട് പൂർത്തിയാക്കുന്നതാണ് ശരീരത്തിന് ഏറ്റവും നല്ലതെന്നാണ് ശ്രദ്ധയുടെ അഭിപ്രായം.
4. വീഗൻ ഡയറ്റിലെ പരീക്ഷണങ്ങൾ
ഭക്ഷണത്തിന്റെ കാര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ വെക്കാൻ ശ്രദ്ധ തയ്യാറല്ലെങ്കിലും ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ താരം ശ്രദ്ധിക്കാറുണ്ട്. കുറച്ചുകാലമായി താൻ പൂർണ്ണമായും സസ്യഭക്ഷണങ്ങളിലേക്ക് മാറിയതായി ശ്രദ്ധ വെളിപ്പെടുത്തിയിരുന്നു. സാധാരണ വീട്ടിലുണ്ടാക്കുന്ന സബ്ജികൾ, ദാൽ, ചോറ് എന്നിവയാണ് താരത്തിന്റെ പ്രിയപ്പെട്ട ഭക്ഷണം. ചപ്പാത്തിയോട് വലിയ താല്പര്യമില്ല.
ചില ദിവസങ്ങളിൽ കോണ്ടിനെന്റൽ അല്ലെങ്കിൽ ഏഷ്യൻ വിഭവങ്ങളും കഴിക്കാറുണ്ട്. ജങ്ക് ഫുഡുകൾ, കൃത്രിമ പാനീയങ്ങൾ, എണ്ണയിൽ വറുത്ത പലഹാരങ്ങൾ, പ്രോസസ്സ് ചെയ്ത ചിപ്സുകൾ എന്നിവയിൽ നിന്ന് താരം എപ്പോഴും അകലം പാലിക്കുന്നു. വിശപ്പ് തോന്നുമ്പോൾ കഴിക്കാൻ ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും അടങ്ങിയ ഡ്രൈ ഫ്രൂട്ട്സ് മിശ്രിതമാണ് ശ്രദ്ധ കൂടെക്കരുതാറുള്ളത്. വളരെ ലളിതമായ ഈ ശീലങ്ങളും, കൃത്യമായ അച്ചടക്കവും, അതോടൊപ്പം ജീവിതം ആസ്വദിക്കാനുള്ള മനസ്സുമാണ് ശ്രദ്ധ കപൂറിനെ എപ്പോഴും സുന്ദരിയായി നിലനിർത്തുന്നത്.












Click it and Unblock the Notifications